ചാമ്പ്യൻസ് ട്രോഫിയിൽ തുടക്കം ഗംഭീരമാക്കി ഇന്ത്യ; ബംഗ്ലാദേശിനെതിരെ ആറു വിക്കറ്റ് ജയം
സെഞ്ച്വറി നേടിയ ശുഭ്മാൻ ഗിൽ ഇന്ത്യയുടെ വിജയശിൽപിയായി
ദുബൈ: ബംഗ്ലാദേശിനെ ആറു വിക്കറ്റിന് തകർത്ത് ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഗംഭീരമായി തുടങ്ങി ഇന്ത്യ. ബംഗ്ലാദേശ് ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം 46.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഓപ്പണർ ശുഭ്മാൻ ഗിൽ ഇന്ത്യക്കായി സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. 129 പന്തിൽ 9 ഫോറും രണ്ട് സിക്‌സറും സഹിതം 101 റൺസാണ് യുവതാരം അടിച്ചെടുത്തത്. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Shubman Gill on his century 👑
— Indian Cricket Team (@incricketteam) February 20, 2025
Gill rises on the big stage of #ChampionsTrophy with 8th ODI Century 💯#INDvsBAN | #ShubmanGill pic.twitter.com/9TUeSXcILe
ദുബൈ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ ബംഗ്ലാദേശ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശയ നീലപടയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണിങിൽ ശുഭ്മാൻ ഗില്ലും-രോഹിത് ശർമയും ചേർന്ന് 69 റൺസ് കൂട്ടിചേർത്തു. പവർപ്ലെയിൽ ബംഗ്ലാ ബൗളർമാർക്കെതിരെ തകർത്തടിച്ച രോഹിത് 41 റൺസെടുത്തു പുറത്തായി. തസ്‌കിൻ അഹമ്മദിന്റെ ഓവറിൽ വലിയ ഷോട്ടിന് ശ്രമിച്ച ഇന്ത്യൻ നായകനെ റിഷാദ് ഹുസൈൻ പിടികൂടുകയായിരുന്നു. വൺഡൗണായി എത്തിയ വിരാട് കോഹ്ലി മികച്ചരീതിയിൽ തുടങ്ങിയെങ്കിലും 22 റൺസിൽ നിൽക്കെ സ്പിൻ കെണിയിൽ വീണു. റിഷാദ് ഹുസൈന്റെ ഓവറിൽ സൗമ്യസർക്കാറിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നാലെയെത്തിയ ശ്രേയസ് അയ്യരും(15) അക്‌സർ പട്ടേലും(8) വേഗത്തിൽ കൂടാരം കയറിയെങ്കിലും ആറാമനായി ക്രീസിലെത്തിയ കെ.എൽ രാഹുലിനെ കൂട്ടുപിടിച്ച് ഗിൽ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. രാഹുൽ 41 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ 49.4 ഓവറിൽ 228 റൺസിന് ബംഗ്ലാദേശ് ഓൾഔട്ടാകുകയായിരുന്നു. തൗഹിദ് ഹൃദോയിയുടെ സെഞ്ച്വറി മികവിലാണ് (100) ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്. ഒരു ഘട്ടത്തിൽ 35-5 എന്ന നിലയിൽ വലിയ തകർച്ച നേരിട്ട ബംഗ്ലാദേശിനെ ഹൃദോയിയും ജാക്കെർ അലിയും(68) ചേർന്ന് കരകയറ്റുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ചു വിക്കറ്റ് വീഴ്ത്തി. ഹർഷിത് റാണ മൂന്നും അക്‌സർ പട്ടേൽ രണ്ടും വിക്കറ്റ് വീഴ്ത്തി. ഫീൽഡിങിൽ മോശം പ്രകടനം നടത്തിയ ഇന്ത്യ നിരവധി ക്യാച്ച് അവസരങ്ങൾ നഷ്ടപ്പെടുത്തി. പൂജ്യത്തിൽ നിൽക്കെ ജാക്കർ അലി നൽകിയ ക്യാച്ച് സ്ലിപ്പിൽ രോഹിത് ശർമ വിട്ടുകളഞ്ഞു. അക്‌സർ പട്ടേലിന്റെ ഹാട്രിക് സ്വപ്‌നവും ഇതോടെ പൊലിഞ്ഞു.