എറിഞ്ഞിട്ട് ഇന്ത്യ, വിജയം 100 റൺസിന്: ഇംഗ്ലണ്ട് പുറത്ത്

മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറക്കും മുന്നിൽ പിടിച്ചുനിൽക്കാൻ ഇംഗ്ലീഷ് ബാറ്റർമാർക്കായില്ല

Update: 2023-10-29 16:04 GMT

ലക്‌നൗ: ഇന്ത്യയെ ചെറിയ സ്‌കോറിന് ഒതുക്കി എളുപ്പത്തിൽ ജയിച്ചുകയറാമെന്ന ഇംഗ്ലണ്ടിന്റെ കണക്ക് കൂട്ടലുകൾക്ക് പ്രഹരമേൽപ്പിച്ച് ഇന്ത്യൻ ബൗളർമാർ. 100 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. തോൽവിയോടെ ഇംഗ്ലണ്ട് ലോകകപ്പിൽ നിന്ന് പുറത്തായി. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരാണ് ഇവ്വിതം തകർന്നത്. ജയത്തോടെ ഇന്ത്യയുടെ സെമി ഉറപ്പായി. 

ഇന്ത്യ ഉയർത്തിയ 230 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് 34.5 ഓവറിൽ 129 റൺസെടുക്കാനെ ആയുള്ളൂ. മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറ മൂന്നും കുൽദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി.

Advertising
Advertising

മറുപടി ബാറ്റിങിൽ വിക്കറ്റ് പോകാതെ 30 റൺസ് നേടിയത് മാത്രമാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങിൽ ഉണ്ടായ ഏക നേട്ടം. പിന്നെ ചീട്ടുകൊട്ടാരം പോലെ തകർന്നു. ബുംറയാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. പിന്നെ ഷമി ഏറ്റെടുത്തു. കുൽദീപ് കൂടി കൂട്ടിന് എത്തിയതോടെ ഇംഗ്ലണ്ട് തീർന്നു. 27 റൺസ് നേടിയ ലിവിങ്സ്റ്റണാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് 100 കടക്കുമോ എന്ന് പോലും സംശയമുണ്ടായിരുന്നു. ഒടുവില്‍ തട്ടിയും മുട്ടിയും മൂന്നക്കം കടക്കുകയായിരുന്നു.

ആദ്യ ഇന്നിങ്സ് റിപ്പോര്‍ട്ട്

ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ വീണപ്പോൾ വിജയലക്ഷ്യമായി ഉയർത്തിയത് 230 റൺസ്. 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 229 റൺസ് നേടിയത്. 87 റൺസ് നേടിയ നായകന്‍ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സൂര്യകുമാർ യാദവും(49) തിളങ്ങി.

സ്പിന്നർമാർക്കൊരുക്കിയ പിച്ചിൽ പേസർമാരായിരുന്നു തിളങ്ങിയത്.അഞ്ച് വിക്കറ്റുകളും വീഴ്ത്തിയത് പേസർമാരായിരുന്നു. ഡേവിഡ് വില്ലി മൂന്ന് വിക്കറ്റുകളുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ക്രിസ് വോക്‌സ്, ആദിൽ റാഷിദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോസ് ബട്‌ലർ ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. ഇതുവരെ എല്ലാ മത്സരങ്ങളിലും ക്ലിക്കായ ഓപ്പണിങ് കൂട്ടുകെട്ട് ടീം സ്‌കോർ 26ൽ നിൽക്കെ ഇംഗ്ലണ്ട് പൊളിച്ചു. ഗില്ലിനെ ക്രിസ് വോക്‌സ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 9 റൺസായിരുന്നു ഗില്ലിന്റെ സമ്പാദ്യം. ടീം ടോട്ടലിലേക്ക് ഒരു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയ്ക്ക് വമ്പൻ ഫോമിലുള്ള വിരാട് കോഹ്ലിയും പുറത്ത്.

അക്കൗണ്ട് തുറക്കും മുമ്പെ കോഹ്ലിയെ വില്ലിയാണ് മടക്കിയത്. അതോടെ ഇന്ത്യ ഒന്ന് പതറി. പിന്നാലെ ശ്രേയസ് അയ്യർ കൂടി പുറത്തായതോടെ 40ന് മൂന്ന് എന്ന നിലയിൽ ഇന്ത്യയെത്തി. അയ്യർക്ക് 4 റൺസെ നേടാനായുള്ളൂ. നാലാം വിക്കറ്റിലണ് ഇന്ത്യൻ സ്‌കോർബോർഡിന് ജീവൻവെച്ചത്. രോഹിത് ശർമ്മയും ലോകേഷ് രാഹുലും ടീം സ്‌കോർ പതുക്കെ ഉയർത്തി. അതിനിടെ വ്യക്തിഗത സ്‌കോർ 39ൽ നിൽക്കെ രാഹുലിനെ മടക്കി ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരികെ വന്നു.

അർധ സെഞ്ച്വറിയും കടന്ന് സെഞ്ച്വറിയിലേക്ക് എന്ന് തോന്നിച്ച നായകൻ രോഹിത് ശർമ്മയെകൂടി ഇംഗ്ലണ്ട് പവലിയനിൽ എത്തിച്ചു. പിന്നീട് വന്ന രവീന്ദ്ര ജഡേജക്കും മുഹമ്മദ് ഷമിക്കും പിടിച്ചുനിൽക്കാനായില്ല. ജസ്പ്രീത് ബുംറയുമൊത്ത് സൂര്യകുമാർ യാദവ് സ്‌കോർബോർഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് പിടിമുറുക്കി. 49 റൺസെടുത്ത സൂര്യകുമാറിനെ ഡേവിഡ് വില്ലി ക്രിസ് വോക്‌സിന്റെ കൈകളിൽ എത്തിച്ചു.

അവസാനത്തിൽ ബുംറയുടെ(16) രക്ഷപ്രവർത്തനമാണ് ഇന്ത്യൻ സ്‌കോർ 229ലേക്ക് എത്തിയത്. കുൽദീപ് യാദവ് 9 റൺസുമായി പുറത്താകാതെ നിന്നു. അതേസമയം ഇംഗ്ലണ്ടിന് ഈ ലോകകപ്പിൽ ഇനി എന്തെങ്കിലും പ്രതീക്ഷകൾ ബക്കിയാക്കണമെങ്കിൽ ഇന്നത്തെ മത്സരം ജയിച്ചെ തീരൂ. എന്നാൽ ടോപ് ഫോമിലുള്ള ഇന്ത്യൻ ബൗളർമാരെ വെച്ച് ഈ സ്‌കോർ പ്രതിരോധിക്കാനാവും എന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News