അതിവേഗ അർധ സെഞ്ചുറി; ഹാർദികിനൊപ്പം റെക്കോർഡ് പങ്കിട്ട് സർഫറാസ്

2017ൽ അരങ്ങേറ്റ ടെസ്റ്റിൽ ശ്രീലങ്കക്കെതിരെയായിരുന്നു ഹാർദിക് അർധ സെഞ്ചുറി നേടിയത്.

Update: 2024-02-16 06:40 GMT
Editor : Sharafudheen TK | By : Web Desk

രാജ്‌കോട്ട്: അരങ്ങേറ്റ ടെസ്റ്റിൽ രാജകീയ പ്രകടനം നടത്തി ആദ്യദിനം ക്രിക്കറ്റ് പ്രേമികളുടെ മനം കവർന്ന താരമാണ് സർഫറാസ് ഖാൻ. 62 റൺസിൽ നിൽക്കെ നിർഭാഗ്യകരമായ റണ്ണൗട്ടിൽ പുറത്തായെങ്കിലും അപൂർവ്വ റെക്കോർഡ് യുവതാരം സ്വന്തം പേരിലാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗ അർധ സെഞ്ചുറി നേടുന്ന അരങ്ങേറ്റക്കാരൻ എന്ന നേട്ടമാണ് (നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ)  സ്വന്തമാക്കിയത്. ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പമാണെത്തിയത്. ഇതുവരും 48 പന്തിലാണ് ഫിഫ്റ്റി പൂർത്തിയാക്കിയത്. 2017ൽ അരങ്ങേറ്റ ടെസ്റ്റിൽ ശ്രീലങ്കക്കെതിരെയായിരുന്നു ഹാർദിക് അർധ സെഞ്ചുറി നേടിയത്. 2013 ൽ അരങ്ങേറ്റ ടെസ്റ്റിൽ ആസ്‌ത്രേലിയക്കെതിരെ ശിഖർ ധവാൻ 50 പന്തിൽ നേടിയ ഫിഫ്റ്റി റെക്കോർഡണ്  മറികടന്നത്.

Advertising
Advertising

അതേസമയം, സർഫറാസ് ഖാന്റെ റണ്ണൗട്ടിൽ ക്ഷമാപണം നടത്തി ജഡേജ രംഗത്തെത്തി. 82ാം ഓവറിലെ അഞ്ചാം പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട് ജഡേജ റണ്ണിനായി വിളിച്ചു. നോൺ സ്‌ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന സർഫറസ് റണ്ണിനായി മുന്നോട്ട് ഓടി. എന്നാൽ പന്ത് നേരെ പോയത് മാർക്ക്‌വുഡിന്റെ കൈകളിലേക്ക്. ഇതോടെ ജഡേജ തിരിഞ്ഞോടി. എന്നാൽ ക്രീസിൽ നിന്ന് കുറച്ച് മുന്നോട്ട് ഓടിയ സർഫറാസിനെ ഡയറക്ട് ത്രോയിൽ മാർക്ക് വുഡ് പുറത്തക്കി. ജഡേജയെ തിരിഞ്ഞുനോക്കി നിരാശയോടെയാണ് യുവതാരം ഡ്രസിങ് റൂമിലേക്ക് നടന്നുനീങ്ങിയത്. ഡഗൗട്ടിൽ തൊപ്പി വലിച്ചെറിഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ  നിരാശ പരസ്യമാക്കുകയും ചെയ്തു.

റണ്ണൗട്ട് വലിയ ചർച്ചയായതോടെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച് ജഡേജ രംഗത്തെത്തിയത്. 'സർഫറാസ് ഖാനോട് വിഷമം തോന്നുന്നു, എന്റേത് തെറ്റായ കോൾ ആയിരുന്നു. നന്നായി കളിച്ചു'-ജഡേജ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അതേസമയം, കളിയിലുടനീളം ജഡേജ തനിക്ക് വലിയ പിന്തുണയാണ് നൽകിയതെന്ന് മത്സര ശേഷം സർഫറാസ് പറഞ്ഞിരുന്നു. ഞങ്ങൾ തമ്മിലുണ്ടായ ആശയ കുഴപ്പമാണ് പുറത്തകലിന് കാരണം. കളിക്ക് ശേഷം ജഡേജ തന്നോട് അക്കാര്യം തുറന്നു പറഞ്ഞിരുന്നു. ഇത് കളിയുടെ ഭാഗമാണെന്നും താരം പങ്കുവെച്ചു. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം നടത്തിയിട്ടും നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് സർഫറാസിന് ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News