ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം, അവസാനദിനം വിജയലക്ഷ്യം 536 റൺസ്; ബർമിങ്ങാം ടെസ്റ്റിൽ പ്രതീക്ഷയോടെ ഇന്ത്യ
ആകാശ്ദീപ് രണ്ടുവിക്കറ്റുമായി നാലാംദിനം തിളങ്ങി
ബർമിംഗ്ഹാം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് പതറുന്നു. നാലാംദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ 72-3 എന്ന നിലയിലാണ് ആതിഥേയർ. ഒരുദിനം ബാക്കിനിൽക്കെ വിജയിക്കാൻ 536 റൺസ്‌കൂടി വേണം. 24 റൺസുമായി ഒലീ പോപ്പും 15 റൺസുമായി ഹാരി ബ്രൂക്കുമാണ് ക്രീസിൽ. ഇന്ത്യക്കായി ആകാശ്ദീപ് രണ്ടും മുഹമ്മദ് സിറാജ് ഒരുവിക്കറ്റും നേടി. സാക്ക് ക്രാലി(0), ബെൻ ഡക്കറ്റ്(25), ജോ റൂട്ട്(6) എന്നിവരുടെ വിക്കറ്റാണ് ആതിഥേയർക്ക് നഷ്ടമായത്. നേരത്തെ രണ്ടാം ഇന്നിങ്‌സ് 427-6ന് ഡിക്ലയർ ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ 608 റൺസിന്റെ ഹിമാലയൻ വിജയലക്ഷ്യമാണ് മുന്നോട്ട്‌വെച്ചത്.
നേരത്തെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ്(162 പന്തിൽ 161) ഇന്ത്യ കൂറ്റൻ ലീഡ് പടുത്തുയർത്തിയത്. രവീന്ദ്ര ജഡേജ(69), ഋഷഭ് പന്ത്(65), കെ എൽ രാഹുൽ(55) എന്നിവർ അർധ സെഞ്ച്വറിയുമായി മികച്ച പിന്തുണ നൽകി. ആദ്യ ഇന്നിംഗ്‌സിൽ ഇരട്ട സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രണ്ടാം ഇന്നിങ്‌സിലും ഫോം തുടരുകയായിരുന്നു. 13 ഫോറും എട്ടു സിക്‌സറും സഹിതം ശതകം കുറിച്ച ഇന്ത്യൻ നായകൻ ഏകദിന ശൈലിയിലാണ് ബാറ്റുവീശിയത്. ഇംഗ്ലണ്ടിനായി ഷുഹൈബ് ബഷീറും ജോഷ് ടോങും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി