വിൻഡീസിനെതിരെ ഇന്ത്യ ആദ്യം ബാറ്റുചെയ്യും;ടീമിൽ നാല് മാറ്റങ്ങൾ
കെ.എൽ രാഹുൽ,ദീപക് ഹൂഡ,ചഹൽ,ശർദൂൽ ഠാക്കൂർ എന്നിവർക്ക് പകരമായി ദീപക് ചഹർ, കുൽദീപ് യാദവ്,ശ്രേയസ് അയ്യർ,ശിഖർ ധവാൻ എന്നിവർ ഇടം പിടിച്ചു
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്.ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കെ.എൽ രാഹുൽ,ദീപക് ഹൂഡ,ചഹൽ,ശർദൂൽ ഠാക്കൂർ എന്നിവർക്ക് പകരമായി ദീപക് ചഹർ, കുൽദീപ് യാദവ്,ശ്രേയസ് അയ്യർ,ശിഖർ ധവാൻ എന്നിവർ ഇടം പിടിച്ചു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാൽ, 2017 ന് ശേഷം ഒരു പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശർമ്മയും സംഘവും ഇന്ന് ഇറങ്ങുന്നത്. ക്യാപ്റ്റൻ പദവിയിൽ എത്തിയതിന് ശേഷമുള്ള ആദ്യ പരമ്പര നേടാനായതിന്റെ ആഹ്ലാദത്തിലാണ് ഹിറ്റ്മാൻ. അതോടൊപ്പം, ഇന്നത്തെ മത്സരത്തിൽ ഒരു സിക്സ് നേടിയാൽ ഹിറ്റ്മാനെ കാത്തിരിക്കുന്നത് മറ്റൊരു നേട്ടമാണ്. ഇന്ത്യയ്ക്കായി ഏകദിനത്തിൽ ഏറ്റവും സിക്സുകൾ നേടിയ താരമെന്ന നേട്ടം രോഹിതിന് സ്വന്തമാക്കാം.
നിലവിൽ മുൻ ഇന്ത്യ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനിക്കൊപ്പം 116 സിക്സറുകളാണ് രോഹിത് നേടിയിട്ടുള്ളത്. ധോനി 113 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചതെങ്കിൽ രോഹിത് ഈ നേട്ടം കൈവരിക്കാൻ 68 മത്സരങ്ങൾ മാത്രമാണ് എടുത്തത്.