ഇന്ത്യയുടെ മുന്നേറ്റ നിരയെ വീഴ്ത്തി വിൻഡീസ്‌; നിരാശപ്പെടുത്തി സഞ്ജുവും

25 ഓവർ പിന്നിടുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലാണ്

Update: 2023-07-29 16:00 GMT
Editor : rishad | By : Web Desk

ബ്രിഡ്ജ്ടൗൺ: ഇന്ത്യയുടെ മുന്നേറ്റ നിരയെ വീഴ്ത്തി വെസ്റ്റ്ഇൻഡീസിന്റെ വമ്പൻ തിരിച്ചുവരവ്. 25 ഓവർ പിന്നിടുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലാണ്. സൂര്യകുമാർ യാദവും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. നന്നായി തുടങ്ങിയ ഇന്ത്യയെ പൊടുന്നനെ വിൻഡീസ് തകർച്ചയിലേക്ക് തള്ളിവിടുകയായിരുന്നു. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങിന് ക്ഷണിച്ചു.

എന്നാൽ വിൻഡീസിന്റെ മോഹങ്ങളെ ഇന്ത്യൻ ഓപ്പണർമാരായ ഇഷാൻ കിഷനും ശുഭ്മാൻഗില്ലും ചേർന്ന് തല്ലിത്തകർത്തു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 90 റൺസ്. കിട്ടുന്ന അവസരങ്ങളിൽ ഇരുവരുടെയും ബാറ്റിൽ നിന്ന് ബൗണ്ടറികൾ വന്നു. ഇതിനിടെ കിഷൻ പരമ്പരയിലെ രണ്ടാം അർധ സെഞ്ച്വറിയും കണ്ടെത്തി. എന്നാൽ മോട്ടിയെ ഉയർത്തിയടിക്കാനുള്ള ഗില്ലിന്റെ ശ്രമം അൽസാരി ജോസഫിന്റെ കൈകളിൽ എത്തി.

Advertising
Advertising

അതോടെ 34 റൺസ് നേടിയ ഗിൽ പുറത്തേക്ക്. വിരാട് കോഹ്ലിക്ക് പകരക്കാരനായി എത്തിയ സഞ്ജുവിലേക്കായി എല്ലാ കണ്ണുകളും. ഓപ്പണിങ് സഖ്യം ബാറ്റിങ് ട്രാക്കാണെന്ന് തോന്നിപ്പിച്ചതിനാൽ സഞ്ജുവിൽ നിന്ന് മികച്ചൊരു ഇന്നിങ്‌സ് പ്രതീക്ഷിച്ചു. അതിനിടെ കിഷനെ ഉജ്വല ക്യാച്ചിലൂടെ അലിത് അത്‌നാസെ പറഞ്ഞയച്ചു. കിഷന്റെ സമ്പാദ്യം 55 റൺസ്. പിന്നാലെ മാലപ്പടക്കം പോലെ ഇന്ത്യയുടെ വിക്കറ്റുകൾ വീണു. അക്‌സർ പട്ടേൽ(1) ഹാർദിക് പാണ്ഡ്യ(7) സഞ്ജു സാംസൺ(9) എന്നിവരണ് പുറത്തായത്. 113ന് നാല് എന്ന നിലയിൽ ഇന്ത്യ വീണതിന് പിന്നാലെ സഞ്ജു ഒന്ന് പ്രതിരോധിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും കാരിയയുടെ പന്തിൽ വീണു.

19 പന്തിൽ നിന്നാണ് സഞ്ജു 9 റൺസ് നേടിയത്. ഒരൊറ്റ ബൗണ്ടറിയും ആ ബാറ്റിൽ നിന്ന് പിറന്നില്ല.  23ാം ഓവറിലെ അവസാന പന്തും 24ാം ഓവറിവെ ആദ്യ പന്തിലും വീണ രണ്ട് വിക്കറ്റുകളാണ് ഇന്ത്യയെ തളർത്തിയത്. നായകൻ ഹാർദിക് പാണ്ഡ്യയും സഞ്ജു സാംസണുമായിരുന്നു പുറത്തായത്. പിന്നാലെ മഴയെത്തി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News