നാലുമാസമായി സീനിയർ താരങ്ങൾ ബയോ ബബിളിൽ; ന്യൂസിലൻഡ് പരമ്പരയിൽ യുവനിരയിറങ്ങാൻ സാധ്യത

ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ താത്കാലിക കോച്ചായി രാഹുൽ ദ്രാവിഡ് എത്താനുള്ള സാധ്യതയുമേറി

Update: 2021-10-14 15:58 GMT
Editor : Nidhin | By : Web Desk
Advertising

ന്യൂസിലൻഡിനെതിരേ നടക്കുന്ന ട്വന്റി-20 പരമ്പരയിൽ ഇന്ത്യ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകിയേക്കുമെന്ന് സൂചന. യുവനിരയെയായിരിക്കും മത്സരത്തിൽ ഇന്ത്യയിറക്കുക. തുടർച്ചയായ മത്സരക്രമത്തിൽ താരങ്ങൾക്ക് വിശ്രമം നൽകാനാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ബിസിസിഐ കടക്കുന്നത്.

ട്വന്റി-20 ലോകകപ്പ് അവസാനിച്ച ശേഷം ഒരാഴ്ചക്കുള്ളിൽ തന്നെയാണ് ന്യൂസിലൻഡിനെതിരേയുള്ള പരമ്പര ആരംഭിക്കുന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച പുതുമുഖങ്ങൾക്ക് ഈ ടീമിൽ സ്ഥാനം ലഭിച്ചേക്കാം. നവംബർ 17,19,21 തീയതികളിൽ യഥാക്രമം ജയ്പൂർ, റാഞ്ചി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് മത്സരം നടക്കുക.

ഇന്ത്യൻ സീനിയർ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത്ത് ശർമ്മ, ജസ്പ്രീത് ബൂമ്ര എന്നിവർ ജൂണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മുതൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബയോ ബബിളിൽ കഴിയുകയാണ്. ഇവരുടെ സമ്മർദം കുറയ്ക്കാൻ കൂടി വേണ്ടിയാണ് ഈ തീരുമാനം.

ഈ ഐപിഎല്ലിൽ മികച്ച രീതിയിൽ കളിച്ച റുതുരാജ് യെഗ്ക്വാദ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, വെങ്കടേഷ് അയ്യർ എന്നിവർക്ക് ടീമിലേക്ക് വിളിയെത്താൻ സാധ്യതയുണ്ട്.

അതേസമയം ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ താത്കാലിക കോച്ചായി രാഹുൽ ദ്രാവിഡ് എത്താനുള്ള സാധ്യതയുമേറി. ട്വന്റി-20 ലോകകപ്പിന് പിന്നാലെ നിലവിലെ കോച്ച് രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കും. പുതിയ കോച്ചിനെ തെരഞ്ഞെടുക്കും വരെ ദ്രാവിഡിനെ താത്കാലിക പരീശീലകനാക്കാനാണ് സാധ്യത.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News