ഓവലിൽ തകർന്നടിഞ്ഞ് ഇന്ത്യൻ വാലറ്റം

ആറ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ വീണത് നാല് വിക്കറ്റുകൾ

Update: 2025-08-01 11:35 GMT

ലണ്ടൻ : ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റിൽ രണ്ടാം ദിനം തകർന്നടിഞ്ഞ് ഇന്ത്യൻ വാലറ്റം. ആറ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ നാല് വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ 224 റൺസിന് പുറത്തായി.

അർദ്ധ സെഞ്ചുറി പിന്നിട്ട കരുൺ നായരുടെ മികവിൽ ഇന്ത്യ മികച്ച ടോട്ടലിലേക്കാണ് ആദ്യ ദിനം ബാറ്റ് ചെയ്തത്. 192 ന് 6 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ കരുൺ നായരെ നഷ്ടമായി. ജോഷ് ടങ്കിന്റെ ഓവറിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയ കരുൺ 57 റൺസോടെ മടങ്ങി. തൊട്ടടുത്ത ഓവറിൽ വാഷിങ്ടൺ സുന്ദറിനെ ജാമി ഓവർട്ടണിന്റെ കയ്യിലെത്തിച്ച് അറ്റ്കിൻസൺ ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു.

ഇന്ത്യൻ വാലറ്റക്കാരായ മുഹമ്മദ് സിറാജും പ്രസിദ് കൃഷ്ണയും സംപൂജ്യരായി മടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് 224 റൺസിൽ അവസാനിച്ചു. ഇംഗ്ലണ്ട് നിരയിൽ ഗസ് അറ്റ്കിൻസൺ അഞ്ച് വിക്കറ്റുകളുമായി തിളങ്ങി. ജോഷ് ടങ്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബൗളർമാർ ബാസ് ബോളിന്റെ ചൂടറിഞ്ഞു. പത്ത് ഓവറിൽ 11 ബൗണ്ടറികളും 2 സിക്സുമുൾപ്പടെ 71 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്.

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News