ഇന്ത്യ-ദക്ഷിണാഫ്രിക്ക കൊൽക്കത്ത ടെസ്റ്റ്; വാതുവെയ്പ്പിനെ തുടർന്ന് മൂന്ന് പേർ അറസ്റ്റിൽ
അറസ്റ്റിലായ മൂന്നുപേരും രാജ്യത്തിലെ വിവിധ വാതുവെയ്പ്പ് സംഘങ്ങളുടെ ഭാഗമാണ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക കൊൽക്കത്ത ടെസ്റ്റ്; വാതുവെയ്പ്പിനെ തുടർന്ന് മൂന്ന് പേർ അറസ്റ്റിൽ
കൊൽക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയുണ്ടായ വാതുവെയ്പ്പിൽ മൂന്ന് പേർ പിടിയിൽ. കൊൽക്കത്ത പോലീസിന്റെ ഡിറ്റക്ടീവ് ഡിപ്പാർട്ട്‌മെന്റും(ഡിഡി)ആന്റി-റൗഡി സ്‌ക്വാഡും ചേർന്ന് ഇന്ന് രാത്രിയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഈഡൻഗാർഡൻസ് സ്റ്റേഡിയത്തിലെ എ1 ബ്ലോക്കിൽ നിന്നാണ് അൽത്താഫ് ഖാൻ (26), അൻകുഷ് ഖാൻ(22), പിങ്കൽ കുമാർ(39) എന്നിവരെ പിടികൂടിയത്. അറസ്റ്റിലായ മൂന്നുപേരും രാജ്യത്തിലെ വിവിധ വാതുവെയ്പ്പ് സംഘങ്ങളുടെ ഭാഗമാണെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ മൊബൈൽഫോൺ പരിശോധിച്ചതിൽ നിരവധി കുറ്റകരമായ ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. അത്തരം ഇടപാടുകളുടെ സ്‌ക്രീൻഷോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
'ഇവരുടെ ഫോൺ പിടിച്ചെടുത്ത് സീൽ ചെയ്തിട്ടുണ്ട്. ഫോണുകളിൽ തന്നെ മത്സരങ്ങൾ കാണുകയും വാതുവെയ്പ്പ് ആപ്പുകളിൽ സജീവമാകുകയും ചെയ്തതായി സൂചനകൾ ലഭിച്ചു. വരും ദിവസങ്ങളിൽ ഇവരുടെ പ്രവർത്തനരീതി എങ്ങനെയാണെന്ന് മനസിലാക്കാൻ സാധിക്കും''. ജോയിന്റ് കമ്മീഷണർ ഓഫ് ക്രൈം രൂപേഷ് കുമാർ പറഞ്ഞു. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ 30 റൺസിന് തോറ്റിരുന്നു