'പ്രതീക്ഷ കൈവിടില്ല,പോരാട്ടം തുടരും'; മുംബൈ ഇന്ത്യൻസ് ശക്തമായി തിരിച്ചുവരുമെന്ന് ഹാർദിക്

രോഹിത് ശർമയെ തിരിച്ചു കൊണ്ടുവരണമെന്ന ചർച്ചകൾക്കിടെയാണ് ഹാർദിക്കിന്റെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.

Update: 2024-04-02 14:55 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മുംബൈ: ഐപിഎൽ പുതിയ സീസണിൽ അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. കളിച്ച മൂന്നിലും പരാജയം. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും രോഹിത് ശർമ്മയുമായി ബന്ധപ്പെട്ടുള്ള ആരാധക പ്രതിഷേധം ദിവസങ്ങൾക്കിപ്പുറവും കെട്ടടങ്ങുന്നില്ല. ബാറ്റിങിലും ബൗളിങിലും പരിഹരിക്കാൻ നിരവധി പ്രശ്‌നങ്ങൾ. ഇതുവരെ ഒരുസീസണിലും നേരിടാത്ത സമ്മർദ്ദത്തിലൂടെ ടീം കടന്നുപോകുന്നത്.

ഏപ്രിൽ ഏഴിന് ഡൽഹി ക്യാപിറ്റൽസിനെതിരെ നാലാം മത്സരം കളിക്കാനൊരുങ്ങുവെ, ആരാധകർക്കും സഹതാരങ്ങൾക്കും ആത്മവിശ്വാസം നൽകുന്ന വാക്കുകളുമായെത്തിയിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ. 'ഈ ടീമിനെക്കുറിച്ച് നിങ്ങളോട് പറയാനുള്ളതിതാണ്, ഒരിക്കലും പ്രതീക്ഷ കൈവിടില്ല, പോരാട്ടം തുടരും, മുന്നോട്ട് തന്നെ പോകും' ഇൻസ്റ്റഗ്രാമിൽ മുംബൈ ഓൾറൗണ്ടർ കുറിച്ചു. ടീം അംഗങ്ങളുടെ ഫോട്ടോ പങ്കുവെച്ചാണ് വരും മത്സരങ്ങളിൽ ടീം മാറ്റം ആഗ്രഹിക്കുന്നതായി വ്യക്തമാക്കി താരത്തിന്റെ പ്രതികരണം.

രോഹിത് ശർമയെ തിരിച്ചു കൊണ്ടുവരണമെന്ന ചർച്ചകൾക്കിടെയാണ് ഹാർദിക്കിന്റെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും രോഹിതിനായാണ് ആരാധകർ ആരവം മുഴക്കിയത്. ഹാർദിക് പാണ്ഡ്യയെ കൂവിയാണ് ആരാധകർ എതിരേറ്റത്. ഇന്നലെ മുംബൈ ഹോം ഗ്രൗണ്ടായ വാംഗഡെയിൽ കളിച്ചപ്പോഴും ഹാർദികിനെ ആരാധകർ കൂവിയിരുന്നു. തുടർന്ന് ടോസ് സമയത്ത് അവതാരകനായ സഞ്ജയ് മഞ്ജരേക്കർക്ക് ആരാധകരോട് അൽപമെങ്കിലും മര്യാദയോടെ പെരുമാറൂ എന്ന് പറയേണ്ടിയും വന്നു. എന്നാൽ ഇതിനും കൂവലോടെയായിരുന്നു ആരാധകർ പ്രതികരിച്ചത്. ആദ്യമാച്ചിൽ ഗുജറാത്ത് ടൈറ്റൻസിനോട് ആറു റൺസിന് തോൽവിയേറ്റുവാങ്ങിയ മുംബൈ, ഹൈദരാബാദിനോട് 31 റൺസിനും തോറ്റു. ഹോം മാച്ചിൽ രാജസ്ഥാൻ റോയൽസ് ആറുവിക്കറ്റിനാണ് കീഴടക്കിയത്. നിലവിൽ പോയന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ടീം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News