മുംബൈ വീണ്ടും തോറ്റു; പ്ലേഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത

കൊൽക്കത്തക്കെതിരേ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ മുംബൈ 17.3 ഓവറിൽ 113 റൺസിന് പുറത്തായി

Update: 2022-05-09 18:50 GMT
Editor : Dibin Gopan | By : Web Desk

മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന് ഒമ്പതാം തോൽവി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് മുംബൈയെ 52 റൺസിന് തോൽപ്പിച്ചത്. കൊൽക്കത്തക്കെതിരേ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ മുംബൈ 17.3 ഓവറിൽ 113 റൺസിന് പുറത്തായി.

കൊൽക്കത്ത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. അഞ്ച് വിക്കറ്റ് എടുത്ത ബുംറയുടെ പ്രകടനമാണ് കൊൽക്കത്തയെ 165 റൺസിൽ തളച്ചത്. മറുപടി ബാറ്റിങ്ങിൽ ഇഷാൻ കിഷൻ മാത്രമാണ് മുംബൈയ്ക്കായി തിളങ്ങിയത്. ഇഷാൻ 43 പന്തിൽ 51 റൺസെടുത്തു പുറത്തായി. പൊള്ളാഡ് 16 പന്തിൽ 15 റൺസ് എടുത്തു. ക്യാപ്റ്റൻ രോഹിത് ശർമയടക്കം മുംബൈയുടെ ആറ് താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി. കൊൽക്കത്തയ്ക്ക് വേണ്ടി പാറ്റ് കമ്മിൻസ് മൂന്നും ആന്ദ്രേ റസൽ രണ്ടും ടിം സൗത്തിയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റെടുത്തു.

Advertising
Advertising

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് എടുത്തത്. ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും ജസ്പ്രീത് ബുമ്രയുടെ സൂപ്പർ ബോളിങ്ങിനു മുന്നിൽ കൊൽക്കത്തയ്ക്ക് അടിയറവ് വെക്കേണ്ടി വന്നു.

അഞ്ച് വിക്കറ്റെടുത്താണ് ബുമ്ര ബോളിംഗ് നിരയിലെ കേമനായത്. നാല് ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്താണ് ബുമ്ര അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. ആന്ദ്രെ റസ്സൽ, ഷെൽഡൻ ജാക്സൻ, പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ, ടിം സൗത്തി എന്നിവരെയാണു ബുമ്ര പുറത്താക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ താരത്തിന്റെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം കൂടിയാണിത്.

24 പന്തിൽ 43 റൺസെടുത്ത ഓപ്പണർ വെങ്കടേഷ് അയ്യരും 26 പന്തിൽ 43 റൺസെടുത്ത നിതിഷ് റാണയുമാണു കൊൽക്കത്തയുടെ ടോപ് സ്‌കോറർമാർ. ഓപ്പണർ അജിൻക്യ രഹാനെ 24 പന്തിൽ 25 റൺസെടുത്തു പുറത്തായി. മധ്യനിരയിൽ റിങ്കു സിങ് മാത്രമാണു തിളങ്ങിയത്. 19 പന്തുകൾ നേരിട്ട താരം 23 റൺസെടുത്ത് പുറത്താകാതെനിന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News