വീണ്ടും നിരാശപ്പെടുത്തി സഞ്ജു; ഐപിഎല്ലിൽ ചെന്നൈക്ക് മൂന്നാം തോൽവി, ആർസിബി ജയം 43 റൺസിന്

25 പന്തിൽ 70 റൺസെടുത്ത ടിം ഡേവിഡിന്റെ വെടിക്കെട്ട് ബാറ്റിങാണ് ആർസിബി സ്‌കോർ 250ലെത്തിച്ചത്.

Update: 2026-04-05 18:22 GMT
Editor : Sharafudheen TK | By : Sports Desk

ബെംഗളൂരു: ഐപിഎല്ലിൽ ആദ്യ ജയത്തിനായി ചെന്നൈ സൂപ്പർ കിങ്‌സിന് ഇനിയും കാത്തിരിക്കണം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ചെന്നൈക്ക് 43 റൺസ് തോൽവി. ആർസിബി ഉയർത്തിയ 251 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സിഎസ്‌കെയുടെ പോരാട്ടം 19.4 ഓവറിൽ 200 റൺസിൽ അവസാനിച്ചു. അർധ സെഞ്ച്വറി നേടിയ സർഫറാസ് ഖാനാണ് (25 പന്തിൽ 50) ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. 29 പന്തിൽ 43 റൺസുമായി പ്രശാന്ത് വീർ, 16 പന്തിൽ 37 റൺസെടുത്ത ജാമി ഓവർട്ടൻ എന്നിവർക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്. തുടർച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസൺ നിരാശപ്പെടുത്തി. 5 പന്തിൽ ഒൻപത് റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.ജേക്കബ് ഡഫിയുടെ ഓവറിൽ സ്ലിപ്പിൽ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നൽകിയാണ് മടക്കം. ക്യാപ്റ്റൻ ഋതുരാജ് ഗെയിക്‌വാദ്(7) ആദ്യ ഓവറിൽ തന്നെ മടങ്ങി.

Advertising
Advertising

കഴിഞ്ഞ മത്സരത്തിലെ ടോപ് സ്‌കോറർ ആയുഷ്മാത്രെയും(1) വേഗത്തിൽ മടങ്ങിയതോടെ ചെന്നൈ വലിയ തിരിച്ചടി നേരിട്ടു. എന്നാൽ പോയ മത്സരത്തിലെ അതേ ഫോമിൽ സർഫറാസ് ഖാൻ ബാറ്റുവീശിയതോടെ ചെന്നൈക്ക് പ്രതീക്ഷവെച്ചു. പവർപ്ലെ ഓവറിന് ശേഷമുള്ള ആദ്യ പന്തിൽ സർഫറാസ് ഖാനെ മടക്കി ക്രുണാൽ പാണ്ഡ്യ ആർസിബിക്കായി ബ്രേക്ക്ത്രൂ നൽകി. പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ചെന്നൈയുടെ പ്രതീക്ഷകൾ അസ്തമിച്ചു.  ശിവം ദുബെക്കും(13 പന്തിൽ 18) കാർത്തിക് ശർമയക്കും (മൂന്ന് പന്തിൽ ആറ്) മികച്ച പ്രകടനം നടത്താനായില്ല.

 നേരത്തെ ടിം ഡേവിഡിന്റെ(25 പന്തിൽ 70) വെടിക്കെട്ട് അർധ സെഞ്ച്വറി കരുത്തിലാണ് ബെംഗളൂരു കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. 19 പന്തിൽ 48 റൺസുമായി രജത് പടിദാറും മികച്ചുനിന്നു. നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ആഞ്ഞടിച്ചതോടെ ഡെത്ത് ഓവറുകളിൽ ആർസിബി സ്‌കോർ കുത്തനെ ഉയർന്നു. ഡേവിഡ്-പടിദാർ സഖ്യം  36 പന്തിൽ 99 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

മൂന്ന് ഫോറും എട്ട് സിക്‌സറും സഹിതമാണ് ടിം ഡേവിഡ് 70 റൺസ് അടിച്ചെടുത്തത്. 16 ഓവർ അവസാനിക്കുമ്പോൾ 172 റൺസ് സ്‌കോർബോർഡിലുണ്ടായിരുന്ന ആർസിബി പിന്നീടുള്ള നാല് ഓവറുകളിൽ തകർത്തടിക്കുകയായിരുന്നു. ഓവർട്ടൻ എറിഞ്ഞ 19ാം ഓവറിൽ നാല് സിക്‌സും ഒരു ഫോറും സഹിതം 30 റൺസാണ് ഡേവിഡ് നേടിയത്. ഓപ്പണർമാരായ ഫിൽ സാൾട്ടും(30 പന്തിൽ 46) വിരാട് കോഹ്ലിയും(18 പന്തിൽ 28) മികച്ച തുടക്കമാണ് നൽകിയത്. ദേവ്ദത്ത് പടിക്കലും(29 പന്തിൽ 50) പോയ മത്സരങ്ങളിലെ അതേ ഫോം തുടർന്നതോടെ നിലവിലെ ചാമ്പ്യൻമാർക്ക് മികച്ച സ്‌കോറിലേക്ക് മുന്നേറാനായി

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News