'ഞങ്ങളോട് രണ്ടാളോടും കളിക്കാൻ ആരുണ്ട്'; 'കീലേരി ചഹൽ ഇൻ ടൗൺ'; വീഡിയോയുമായി സഞ്ജു സാംസൺ

മലയാള ചിത്രമായ 'കൺകെട്ടിലെ' 'കീലേരി അച്ചു'വെന്ന മാമുക്കോയയുടെ കഥാപാത്രമായി ചഹലെത്തുന്ന വീഡിയോയാണ് വൈറലാകുന്നത്

Update: 2023-03-29 15:14 GMT

Chahal, Sanju Samson

ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസും താരങ്ങളായ സഞ്ജു സാംസണും യുസ്‌വേന്ദ്ര ചഹലുമൊക്കെ സമൂഹ മാധ്യമങ്ങളിൽ സ്ഥിരം നിറഞ്ഞുനിൽക്കാറുണ്ട്. ഇന്ന് സഞ്ജു സാംസൺ പങ്കുവെച്ച ഒരു വീഡിയോ അതിവേഗമാണ് കാഴ്ച്ചക്കാരെ ആകർഷിക്കുന്നതും ലൈക്കും ഷെയറും വാരിക്കൂട്ടുന്നതും. 1991ൽ രാജൻ ബാലകൃഷ്ണന്റെ സംവിധാനത്തിലിറങ്ങിയ മലയാള ചിത്രമായ 'കൺകെട്ടിലെ' 'കീലേരി അച്ചു'വെന്ന കഥാപാത്രമായി ചഹലെത്തുന്ന വീഡിയോയാണ് വൈറലാകുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായ കീലേരി അച്ചുവിനെ നടൻ മാമുക്കോയയാണ് അവതരിപ്പിച്ചിരുന്നത്. നായകൻ ജയറാമും സുഹൃത്ത് ശ്രീനിവാസനും കഴിയുന്ന പ്രദേശത്ത് വെല്ലുവിളികളുമായി കീലേരി അച്ചുവെത്തുന്നതും ജയറാമിന്റെ കഥാപാത്രം തിരിച്ചു വിരട്ടുമ്പോൾ അച്ചു കീഴടങ്ങി, 'ഞങ്ങളോട് രണ്ടാളോടും കളിക്കാൻ ആരുണ്ടെന്ന് ചോദിക്കുന്നതും' വൈറൽ ട്രോൾ ദൃശ്യങ്ങളാണ്. ഈ രംഗമാണ് ചഹലും സഞ്ജുവും പുനരാവിഷ്‌കരിച്ചിരിക്കുന്നത്. രാജുവെന്ന കഥാപാത്രമായാണ് ജയറാം സിനിമയിൽ അഭിനയിച്ചത്. സഞ്ജു പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈ കഥാപാത്രമായാണ് മലയാളി സൂപ്പർ താരമെത്തിയത്.

Advertising
Advertising
Full View

'കീലേരി ചഹൽ ഇൻ ടൗൺ, ടൈം ടു യുസി ടു ലേൺ സം മലയാളം- യുസ്‌വേന്ദ്ര ചഹലിന് മലയാളം പഠിക്കാനുള്ള സമയം- എന്ന കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് 22 മിനിട്ടിനകം 6100 ലൈക്കും 479 കമൻറും 316 ഷെയറും നേടിയിട്ടുണ്ട് വീഡിയോ. 20,000 പേരാണ് വീഡിയോ കണ്ടത്. അഭിനയത്തെ അഭിനന്ദിക്കുകയാണ് മിക്കവരും കമൻറുകളിൽ.

മാർച്ച് 31നാണ് ഐ.പി.എൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസും സി.എസ്.കെയും തമ്മിലാണ് ആദ്യ മത്സരം. ഏപ്രിൽ രണ്ടിന് സൺറൈസേഴ്‌സ് ഹൈദരാബാദുമായാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News