വിമൻസ് പ്രീമിയർ ലീഗിൽ വീണ്ടും മലയാളിത്തിളക്കം; രണ്ട് റൺസ് ജയവുമായി ആർ.സി.ബി

ആശാ ശോഭനയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് വിജയം നേടിക്കൊടുത്തത്

Update: 2024-02-25 01:41 GMT
Advertising

വിമൻസ് പ്രീമിയർ ലീഗിൽ വീണ്ടും മലയാളിത്തിളക്കം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഉത്തർപ്രദേശ് വാരിയേഴ്സിനെ രണ്ട് റൺസിന് കീഴടക്കിയപ്പോൾ ബംഗളൂരുവിന് കരുത്തായത് തിരുവനന്തപുരം പേരൂർക്കട സ്വദേശി ആശാ ശോഭനയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ്.

മത്സരം കൈവിട്ടു പോയെന്ന് ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ഉറപ്പിച്ച നിമിഷമാണ് ക്യാപ്റ്റൻ സ്മൃതി മന്ദാന മൂന്ന് ഓവർ എറിഞ്ഞ് രണ്ട് വിക്കറ്റ് നേടിയ ആശാ ശോഭനയെ വീണ്ടും പന്തേൽപ്പിക്കുന്നത്. ആ ഒരൊറ്റ ഓവറിൽ കളിയുടെ ഗതി ബംഗളൂരുവിലേക്ക് അടുപ്പിച്ചു ആശ. മൂന്നു വിക്കറ്റുകളാണ് ആശാ ശോഭനയുടെ നാലാം ഓവറിൽ ഉത്തർപ്രദേശിന് നഷ്ടമായത്.

ബംഗളൂരു ബൗളർമാരെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗാലറിയിലേക്ക് തുടരെത്തുടരെ പറഞ്ഞയച്ചു മികച്ച ഫോമിൽ നിന്ന ഗ്രേസ് ഹാരിസിന്‍റെ കുറ്റി പിഴുതെറിഞ്ഞ പന്ത് , ക്രിക്കറ്റ് പിച്ചിലെ ലെഗ് സ്പിൻ പന്തുകളുടെ സർവ സൗന്ദര്യവും ഒരുമിച്ചതായിരുന്നു.

നാല് ഓവർ പന്തറിഞ്ഞ് കേവലം 22 റൺസ് മാത്രം വഴങ്ങിയാണ് ആശാ ശോഭന അഞ്ച് വിക്കറ്റ് നേടിയത്. ബംഗളൂരു ഉയർത്തിയ 157 റൺസ് മറികടക്കാൻ രണ്ടുറൺ അകലെ ഉത്തർപ്രദേശ് മുട്ടുമടക്കി.

തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ ആശ , അഞ്ചാം വയസ്സു മുതൽ ക്രിക്കറ്റിലേക്കിറങ്ങിയിട്ടുണ്ട്, ഷാർജ സ്റ്റേഡിയത്തിൽ ഷെയിൻ വോണിന്റെ ലെഗ് സ്പിൻ പന്തുകളെ ക്രീസ് വിട്ടിറങ്ങി അതിർത്തികടത്തുന്ന സച്ചിൻ ടെണ്ടുൽക്കരെ കണ്ടാണ് ആശക്ക് ക്രിക്കറ്റിനോട് ആശ തോന്നിയത്.

ഫാസ്റ്റ് ബൗളറായാണ് തുടങ്ങിയതെങ്കിലും ലെഗ് സ്പിന്നറായാണ് ആശ ക്രിക്കറ്റിൽ മേൽവിലാസം ഉണ്ടാക്കിയത്. 2011 ഇന്ത്യ എ ടീമിന്റെ ഭാഗമായി. കഴിഞ്ഞവർഷം വിമൻസ് ലീഗിൽ ബാംഗ്ലൂരിനൊപ്പവും. വനിതാ ക്രിക്കറ്റ് ലീഗിന്റെ ആദ്യ രണ്ടുദിനം മലയാളി താരങ്ങളുടെ മാജിക്കാണ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം കണ്ടത്, ആദ്യദിനം ബാറ്റ് കൊണ്ട് സജനാ സജീവൻ, രണ്ടാം ദിനം ബൗൾ കൊണ്ട് ആശാ ശോഭന.



Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News