മാഴ്സലോ.. മാഡ്രിഡുകാർ ഒരിക്കലും മറക്കാത്ത പേര്

പ്രൊഫഷനൽ ഫുട്ബോളിൽ നിന്നുംഒ വിരമിച്ച ബ്രസീലിയൻ താരം മാഴ്സലോയെ ഓർക്കുമ്പോൾ

Update: 2025-02-07 10:41 GMT
Editor : safvan rashid | By : Sports Desk

2007​​​ലെ സ്പാനിഷ് സമ്മർ. അന്ന് ​ബ്രസീലിയൻ ക്ലബായ ഫ്ലൂമിനൻസിൽ നിന്നും ഒരു 17കാരനുമായി റയൽ മാ​ഡ്രിഡ് കരാർ ഒപ്പിട്ടു. പുതിയ താരം വരുമ്പോൾ പതിനായിരക്കണക്കിന് പേർ തിങ്ങിനിറയാറുള്ള സാന്റിയാഗോ ബെർണബ്യൂവിൽ അന്നവന്റെ പ്രസന്റേഷൻ കാണാനെത്തിയത് വെറും 55 പേരാണ്. പക്ഷേ അറ്റ്ലാന്റിക് സമദ്രത്തിനപ്പുറമുള്ള സ്​പെയിൻ എന്ന രാജ്യത്ത് തന്നെ കാണാൻ 55 പേർ എത്തിയത് തന്നെ വലിയ സംഭവമായാണ് ആ ബ്രസീലുകാരൻ കണ്ടത്.

റയൽ മാഡ്രിഡിന്റെ റിസർവ് ടീമായ കാസ്റ്റിയ്യക്ക് വേണ്ടി കളിക്കാനാണ് തന്നെ കൊണ്ടുവന്നിരിക്കുന്നതെന്നാണ് അവൻ കരുതിയത്. പക്ഷേ അന്ന് റയൽ കോച്ചായിരുന്ന ഫാബിയോ കാപ്പല്ലോ അവനോട് ഫസ്റ്റ് ടീമിനൊപ്പം ട്രെയിൻ ചെയ്യാൻ പറയുന്നു. റിയോ ഡി ജനീറോയിൽ നിന്നും കുഞ്ഞൻ ഭാഗുമായി മാഡ്രിഡിലെത്തിയ ആ 18 കാരന് റയൽ മാ​ഡ്രിഡ് എന്നാൽ ഒരു അത്ഭുതലോകം തന്നൊയിരുന്നു. ടിവിയിലും വിഡിയോ ഗെയിമുകളിലും മാത്രം കണ്ട താരങ്ങൾകൺമുന്നിൽ നിരന്ന് നിൽക്കുന്നു.

Advertising
Advertising

അതിനിടയിൽ ഒരാൾവന്ന് മാഴ്​സലോക്ക് കൈകൊടുത്തു. സാക്ഷാൽ റോബർ​േട്ടോ കാർലോസ്. കൂടെ പന്തുതട്ടിയവരുടെയെല്ലാം ഹീറോകൾ പെലെയും ഗാരീഞ്ചയും റൊണാൾഡോയുമൊക്കെയായിരുന്നു. പക്ഷേ ബൊറ്റഫോഗോയിലെ ആ ചുരുൾമുടിക്കാരന് എന്നും പ്രണയം റോബർട്ടോ കാർലോസിനെയായിരുന്നു.


താൻ കാർലോസിനെ ആദ്യമായി കണ്ടപ്പോൾ ആരാധനയും ഭയവും നിറഞ്ഞ് സംസാരിക്കാൻ പോലുമായില്ലെന്നാണ് അതിനെക്കുറിച്ച് മാഴ്സലോ പിന്നീട് ഓർത്തെടുത്തത്. പക്ഷേ ഒരു സീനിയർ താരത്തിന്റെ തലക്കനങ്ങളൊന്നുമില്ലാതെ കാർലോസ് മാഴ്സലോക്ക് ഗുരുവായി മാറി. ക്ലബ് ഇവനെ കൊണ്ടുവന്നത് തനിക്ക് പകരക്കാരനാക്കാനാണെന്ന് തിരിച്ചറിഞ്ഞിട്ടും കാർലോസ് അതൊന്നും ഒരു പ്രശന്മാക്കിയില്ല. ഒരുപതിറ്റാണ്ടോളം മാഡ്രിഡുകാരുടെ കോട്ടക്ക് കാവലായിരുന്ന റോബർട്ടോ കാർലോസിന്റെ പിൻഗാമിയാകുകയെന്ന വലിയ ഉത്തരവാദിത്തമാണ് മാഴ്സലോക്ക് റയലിൽ നിർവഹിക്കാനുണ്ടായിരുന്നത്.

ആദ്യ മത്സരങ്ങളിൽ പതറിയാണ് മാഴ്സലോ തുടങ്ങിയത്. കാപ്പ​ല്ലോയുടെ ടാക്റ്റിക്സുകളും യൂറോപ്യൻ ഫുട്ബോളിലേക്കുള്ള മാറ്റവും ഉൾകൊള്ളാൻ ബ്രസീലുകാരൻ ന​ന്നേ പാടുപെട്ടു. എന്നാൽ റയൽ കോച്ചായി മാനുവൽ ​പെല്ലഗ്രീനിയുടെ വരവോടെ കഥമാറിത്തുടങ്ങുകയായിരുന്നു. ഒരു ഡിഫൻഡർ എന്നതിലുപരി അയാളുടെ കാലിലുള്ള സാംബ താളത്തിന്റെ അലയൊലികൾ അവിടെ തിരിച്ചറിയപ്പെടുകയാണ്. അനായാസമായ ബോൾ കൺട്രോളും സ്കിൽഡ് മൂവുകളും ഡ്രിബ്ലിങ് സ്കില്ലുമെല്ലാം അയാൾക്കുണ്ടായിരുന്നു. ഒരു ഡിഫൻഡറായിരിക്കേത്തന്നെ ഒഫൻസീവായി കളിക്കാനും ഇയാൾക്കാകുമെന്ന് തിരിച്ചറിയപ്പെട്ടു.

പ്രതിരോധത്തിന്റെ കയറുകളിൽ മാത്രം വലിച്ചുകെട്ടപ്പെട്ടിരുന്ന അയാൾ അതോടെ സ്വതന്ത്രനായി. വശങ്ങളിലൂടെയുള്ള ആ കുതിച്ചുപായലുകളും ലോങ് പാസുകളുമെല്ലാം അയാളുടെ കരിയറിനെ എന്നെന്നേക്കുമായി മാറ്റി. പെല്ലഗ്രീനി പോയി പകരം വന്നവരുടെ കാലത്തും അയാൾ ടീമിലെ പ്രധാനി തന്നെയായിരുന്നു. പിന്നീടുവന്ന മൗ​റീഞ്ഞോക്കും ആഞ്ചലോട്ടിക്കും സിദാനുമൊക്കെ ടീമിലെ നട്ടെല്ലായിത്തന്നെ മാഴ്സലോ മാറി.

ഇടതുവശത്ത് റൊണാൾഡോയുമായു്ളള റാപ്പോയായിരുന്നു മറ്റൊന്ന്. ഇരുവരും പന്തും കരളും ഒന്നിച്ചുപങ്കിട്ട പങ്കിട്ട ഗോളുകളിൽബെർണബ്യൂവിലെ രാത്രികൾ മനോഹരമായി. കളത്തിലും കളത്തിന് പുറത്തും അയാൾ റൊ​ണാൾഡോയുടെ നൻപനായിരുന്നു.

ഒടുവിൽ 2022ൽ മാഡ്രിഡിലെ അലമാരയിലേക്ക് 14ാം ചാമ്പ്യൻസ് ലീഗും വന്ന രാത്രിയിൽ അയാൾ ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചു. 16 സുന്ദര സംവത്സരങ്ങളാണ് അയാൾ ബെർണബ്യൂവിൽ ചിലവിട്ടത്. ഇടതുവശത്തുകൂടിയുള്ള ആ അപ്രതീക്ഷിത റണ്ണുകളിൽ അയാ​ളുടെ കൂടെക്കൂടിയത് എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ്.

ആറ് ലാലിഗ കിരീടങ്ങൾ, അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, രണ്ട് കോപ്പ ഡെൽറേ ട്രോഫികൾ എന്നിങ്ങനെ നീളുന്ന 25 ട്രോഫികൾ അയാളുടെ പേരിലുണ്ട്. റയൽ മാഡ്രിഡിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച വിദേശതാരങ്ങളിൽ ബെൻസേമക്ക് പിന്നിൽ രണ്ടാമത്. 1904ന് ശേഷം ആദ്യമായി 2021ൽ ഒരു വിദേശതാരം റയൽ മാഡ്രിഡിന്റെ ക്യാപ്റ്റനായി. നൂറ്റാണ്ട് ചരിത്രമുള്ള മഹത്തായ ക്ലബിന്റെ ആ ആംബാൻഡ് പതിയാനുള്ള നിയോഗം മാഴ്സലോക്കായിരുന്നു.


ലെഫ്റ്റ് ബാക്കായ മാഴ്സലോയുടെ കാലുകളിൽ നിന്നും 103 അസിസ്റ്റുകൾ റയലിനായി ഉറവപൊട്ടിയിട്ടുണ്ട്. 2014 ചാമ്പ്യൻസ് ലീഗ് ഫൈനലിലേത് അടക്കമുള 38 ഗോളുകളും ആ കാലുകൾ ചൊരിഞ്ഞു. ബ്രസീലിനായി കളത്തിലിറങ്ങിയത് 58 മത്സരങ്ങളിലാണ്. രണ്ട് ലോകകപ്പുകളിലും പന്തുതട്ടി. ഒരു കോൺ ഫെഡറേഷൻ കപ്പും ഒരു ഒളിമ്പിക്സ് സ്വർണവുമാണ് പറയാനുള്ള നേട്ടമായുള്ളത്. മാഡ്രിഡിൽ നിന്നും ഗ്രീസിലെ ഒളിമ്പിയാക്കോസിലേക്ക് പോയ താരം കളിപഠിച്ച ഫ്ലൂമിനൻസിലേക്ക് തന്നെ മടങ്ങിയെത്തി. തെക്കേ അമേരിക്കയിലെ ചാമ്പ്യൻസ് ലീഗായ കോപ്പ ലിബർട്ട​ഡോറസിൽ ഫ്ലൂമിനസൻസിന്റെ മുത്തം പതിയുമ്പോൾ നിർണായക സാന്നിധ്യവുമായി.

നിറയെ ഓർമകൾക്കൊപ്പം റയൽ മാഡ്രിഡിനായി മറ്റൊന്ന് കൂടിയ മാഴ്സലോ നൽകിയിട്ടുണ്ട്. 15 കാരനായ മകൻ എൻസോ ആൽവ്സ് ഇന്ന് റയൽ മാഡ്രിഡ് യൂത്ത് ടീമിലെ മിന്നും താരമാണ്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News