നദീൻ കൊടുങ്കാറ്റായി;വനിതാ പ്രീമിയർ ലീ​ഗിലെ ആദ്യ മത്സരത്തിൽ ആർസിബിക്ക് ജയം

നദീൻ ഡി ക്ലെർക്കാണ് കളിയിലെ താരമായത്

Update: 2026-01-09 18:27 GMT

മുംബൈ: വനിതാ പ്രീമിയർ ലീഗ് നാലാം സീസണിലെ ആദ്യ മത്സരത്തിൽ ആർസിബിക്ക് മൂന്ന് വിക്കറ്റ് ജയം. മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ടോസ് നേടിയ ആർസിബി, മുംബൈ ഇന്ത്യൻസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 154 റൺസ് നേടി.മുംബൈ നിരയിൽ മലയാളി താരം സജന സജീവനാണ് ടോപ് സ്കോറർ. 25 പന്തുകളിൽ നിന്ന് 45 റൺസ് നേടിയ സജന വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. ആർസിബിക്കായി നദീൻ ഡി ക്ലെർക്ക് നാല് വിക്കറ്റ് വീഴ്ത്തി. ശ്രേയങ്ക പാട്ടീലും ലോറൻ ബെല്ലും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മറുപടി ബാറ്റിം​ഗിനിറങ്ങിയ ആർസിബിക്കായി നദീൻ ഡി ക്ലെർക്ക് നേടിയ അർധസെഞ്ച്വറിയാണ് വിജയത്തിലേക്ക് നയിച്ചത്. 44 പന്തിൽ നിന്ന് 63 റൺസാണ് താരം അടിച്ചുകൂട്ടിയത്. നദീനാണ് കളിയിലെ താരമായത്

Advertising
Advertising

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് ഓപ്പണർ ഗുണലൻ കമാലിനി മികച്ച തുടക്കമാണ് നൽകിയത്. വനിതാ പ്രീമിയർ ലീഗിലെ താരത്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. 27 പന്തുകളിൽ നിന്ന് 32 റൺസ് കമാലിനി നേടി. എന്നാൽ അമേലിയ കെറിന് തിളങ്ങാനായില്ല. 15 പന്തിൽ നാല് റൺസെടുത്ത അമേലിയയെ ലോറൻ ബെല്ലാണ് പുറത്താക്കിയത്. തുടർന്ന് നാല് റൺസ് മാത്രമെടുത്ത് നാറ്റ് സിവിയറും മടങ്ങി. നദീന്റെ പന്തിൽ റിച്ച ഘോഷിന്റെ സ്റ്റംപിങിലാണ് താരം പുറത്തായത്.ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി ചേർന്ന് കമാലിനി മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും ചേർന്ന് 22 പന്തിൽ 28 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ശ്രേയങ്ക പാട്ടീൽ കമാലിനിയെ ക്ലീൻ ബൗൾഡാക്കിയതോടെ ആ കൂട്ടുകെട്ട് തകർന്നു. പിന്നീട് നദീന്റെ പന്തിൽ കീപ്പർ ക്യാച്ചിൽ ഹർമൻപ്രീതും പുറത്തായി. 17 പന്തുകളിൽ നിന്ന് 20 റൺസാണ് മുംബൈ ക്യാപ്റ്റൻ നേടിയത്. ഇതോടെ മുംബൈയുടെ മുൻനിര തകർന്ന നിലയിലായി.

മുൻനിര തിളങ്ങാനാകാതിരുന്ന മത്സരത്തിൽ മധ്യനിരയുടെ കരുത്തിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്. മലയാളി താരം സജന സജീവന്റെ പ്രകടനമാണ് നിർണായകമായത്. അഞ്ചാം വിക്കറ്റിൽ സജനയും നിക്കോളാസ് കാരിയും ചേർന്ന് 49 പന്തുകളിൽ നിന്ന് 82 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് ഇരുവരെയും നദീൻ ഡി ക്ലെർക്ക് പുറത്താക്കിയതോടെ മുംബൈ 154 റൺസിൽ ഒതുങ്ങി. അമൻജോത് കൗറും പൂനം ഖെമ്നാറും റൺസൊന്നും നേടാതെ പുറത്താവാതെ നിന്നു.

മറുപടി ബാറ്റിം​ഗിനിറങ്ങിയ ആർസിബി തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് നദീൻ ഡി ക്ലെർക്കിന്റെ ഒറ്റയാൾ പോരാട്ടത്തിൽ വിജയം കണ്ടു. ഓപ്പണർമാരായ സ്മൃതി മന്ദാനയും ​ഗ്രേസ് ഹാരിസും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 23 ബോളിൽ 40 റൺസാണ് നേടിയത്. എന്നാൽ സ്മൃതിയെ ഷബ്നം ഇസ്മായിൽ പുറത്താക്കിയതോടെ ആ കൂട്ടുകെട്ട് പൊളിഞ്ഞു.13 പന്തിൽ 18 റൺസാണ് നേടിയത്. പിന്നാലെ 12 പന്തിൽ 25 റൺസെടുത്ത ​ഗ്രേസ് ഹാരിസിനെയും ഷബ്നം മടക്കി. പിന്നാലെ വന്ന റിച്ചാ ഘോഷിനെയും രാധാ യാദവിനെയും അമേലിയ കെർ പുറത്താക്കിയതോടെ ആർസിബി പരുങ്ങലിലായി. തുടർന്ന് നദീൻ ഡിക്ലെർക്കാണ് ആർസിബിയുടെ വിജയശില്പിയായത്. അവസാന ഓവറിൽ 18 റൺസ് വേണ്ടിയിരുന്ന ആർസിബിയെ രണ്ട് ഫോറും രണ്ട് സിക്സും അടിച്ച് വിജയത്തിലേക്ക് നയിച്ചത് നദീൻ ഡിക്ലെർക്കാണ്

യുപി വാരിയേഴ്സുമായി ജനുവരി 12 നാണ് ആർസിബിയുടെ അടുത്ത മത്സരം

    

Tags:    

Writer - ശിവാനി. ആർ

contributor

Editor - ശിവാനി. ആർ

contributor

By - Sports Desk

contributor

Similar News