അഫ്ഗാൻ വീറിൽ പാക് ചീട്ട് കീറി

ലോകകപ്പിലെ അഫ്ഗാന്റെ രണ്ടാം വിജയം എട്ട് വിക്കറ്റിന്

Update: 2023-10-23 18:16 GMT
Advertising

ഏകദിന ലോകകപ്പിൽ പാകിസ്താനെ മലർത്തിയടിച്ച് അഫ്ഗാനിസ്ഥാൻ. ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് അഫ്ഗാൻ ടൂർണമെൻറിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയത്. പാകിസ്താൻ ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം 49 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ടീം മറികടന്നു. 286 റൺസാണ് ടീം നേടിയത്. ഏകദിനത്തിൽ പാകിസ്താനെതിരെയുള്ള ആദ്യ വിജയത്തിൽ ടോപ് സ്‌കോററായ ഇബ്രാഹിം സദ്‌റാനാണ് മത്സരത്തിലെ താരം.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ അഫ്ഗാൻ ഓപ്പണർമാരായ റഹ്മാനുല്ലാ ഗുർബാസും(65) ഇബ്രാഹിം സദ്‌റാനും (62) അർധസെഞ്ച്വറി നേടി. 130 റൺസ് പടുത്തുയർത്തിയ കൂട്ടുകെട്ടിനെ ഷഹീൻ അഫ്രീദിയാണ് പിരിച്ചത്. റഹ്മാനുല്ലയെ ഉസാമ മിറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. വൺഡൗണായെത്തിയ റഹ്മത് ഷായും (77) അർധസെഞ്ച്വറി നേടി. നായകൻ ഹഷ്മത് ഷാഹിദി(48) മികച്ച പിന്തുണ നൽകി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഓപ്പണർ അബ്ദുല്ല ഷഫീഖിന്റെയും നായകൻ ബാബർ അസമിന്റെയും അർധസെഞ്ച്വറി മികവിലാണ് 282 റൺസടിച്ചത്. ബാബർ നാല് ഫോറും ഒരു സിക്‌സറുമടക്കം 74 ഉം ഷഫീഖ് അഞ്ച് ഫോറും രണ്ട് സിക്‌സറുമടക്കം 58 ഉം റൺസെടുത്തു. വാലറ്റത്ത് ഷഹ്ദാബ് ഖാനും (38 പന്തിൽ 40) ഇഫ്തിഖാർ അഹമ്മദും(27 പന്തിൽ 40) തകർത്തടിച്ച് കളിച്ചു. എന്നാൽ അവസാന ഓവറിൽ നവീനുൽഹഖിന് മുമ്പിൽ ഇഫ്തിഖാർ വീണതോടെ 70 ലേറെ റൺസ് നേടിയ ഈ കൂട്ടുകെട്ട് പിരിഞ്ഞു. കളിയിലെ അവസാന പന്തിൽ ഷഹ്ദാബിനെയും നവീൻ പുറത്താക്കി. ഇഫ്തിഖാറിനെ ഒമർസായിയും ഷഹ്ദാബിനെ മുഹമ്മദ് നബിയും പിടികൂടുകയായിരുന്നു.

പാക് നിരയിലെ മറ്റുള്ള ബാറ്റർമാർക്ക് മികവ് പ്രകടിപ്പിക്കാനായില്ല. കഴിഞ്ഞ കളികളിൽ ടീമിന്റെ രക്ഷകനായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ പാടേ നിരാശപ്പെടുത്തി. പത്ത് പന്തിൽ എട്ട് റൺസ് മാത്രം നേടിയ താരം നൂർ അഹമ്മദിന്റെ പന്തിൽ മുജീബുറഹ്മാൻ പിടിച്ച് പുറത്താകുകയായിരുന്നു. ഓപ്പണറായ ഇമാമുൽ ഹഖ് (17), സൗദ് ഷക്കീൽ (25), എന്നിവരും അധികം പൊരുതാൻ നിന്നില്ല.

മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ നൂർ അഹമ്മദാണ് അഫ്ഗാനായി ബൗളിംഗിൽ തിളങ്ങിയത്. നവീൻ അവസാന ഓവറിൽ രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് നബിയും അസ്മതുല്ലാഹ് ഒമർസായിയും ഒരോ വിക്കറ്റ് വീതം നേടി. പത്ത് ഓവറെറിഞ്ഞ റാഷിദ് ഖാനും എട്ട് ഓവറെറിഞ്ഞ മുജീബ്‌റഹ്മാനും വിക്കറ്റൊന്നും ലഭിച്ചില്ല.

ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പാക് നായകൻ ബാബർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആസ്‌ത്രേലിയക്കെതിരെയുള്ള കഴിഞ്ഞ കളിയിൽ ഇറങ്ങാതിരുന്ന ഷഹ്ദാബ് അന്തിമ ഇലവനിൽ ഇടംപിടിച്ചു.


Full View

Afghanistan beat Pakistan in ODI World Cup

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News