സഞ്ജുവിന്റെ 150ാം മത്സരത്തിൽ രാജസ്ഥാന് 150 റൺസ് വിജയലക്ഷ്യം

ഇന്നത്തെ പ്രകടനത്തോടെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായ യുസ്‌വേന്ദ്ര ചഹലാണ് നിതീഷ് റാണയുടെ കൊൽക്കത്തൻ സംഘത്തെ കുഴക്കിയത്

Update: 2023-05-11 17:25 GMT
Advertising

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് റൺസ് 150 വിജയലക്ഷ്യം. ടോസ് ലഭിച്ച രാജസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് കൊൽക്കത്തൻ പടയ്ക്ക് നേടാനായത്. ഇന്നത്തെ പ്രകടനത്തോടെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായ യുസ്‌വേന്ദ്ര ചഹലാണ് നിതീഷ് റാണയുടെ സംഘത്തെ കുഴക്കിയത്. താരം നാലു ഓവറിൽ 25 റൺസ് വിട്ടുനൽകി നാലുവിക്കറ്റ് വീഴ്ത്തി. അർധസെഞ്ച്വറി നേടി കൊൽക്കത്തയ്ക്കായി തിളങ്ങിയ വെങ്കിടേഷ് അയ്യരടക്കമുള്ളവരാണ് താരത്തിന് മുമ്പിൽ വീണത്.

57 റൺസടിച്ച അയ്യരെ ചഹലിന്റെ പന്തിൽ ബോൾട്ട് പിടികൂടി. വെടിക്കെട്ട് താരം റിങ്കു സിംഗിനെയും ചഹലാണ് പുറത്താക്കിയത്. ജോ റൂട്ടിനായിരുന്നു ക്യാച്ച്. ഓപ്പണർമാരായ ജേസൺ റോയ്, റഹ്‌മാനുല്ല ഗുർബാസ്, നായകൻ നിതീഷ് റാണ, ആൻഡ്രേ റസ്സൽ എന്നിവരൊക്കെ അധികം പൊരുതാതെ പുറത്തായി. ട്രെൻഡ് ബോൾട്ട് റോയിയെ ഹെറ്റ്മെയറുടെയും ഗുർബാസിനെ സന്ദീപിന്റെയും കൈകളിലെത്തിക്കുകയായിരുന്നു. മത്സരം 11ാം ഓവറിലേക്ക് കടന്നതോടെയാണ് നിതീഷ് റാണ കൊൽക്കത്തയുടെ പവലിയനിലേക്ക് മടങ്ങിയത്. ചഹലിന്റെ പന്തിൽ ഹെറ്റ്മെയർ പിടികൂടുകയായിരുന്നു. റസ്സലിനെ മലയാളി ബൗളർ കെ.എം ആസിഫ് അശ്വിന്റെ കൈകളിലെത്തിച്ചു. സുനിൽ നരയ്‌നെ സന്ദീപിന്റെ പന്തിൽ ജോ റൂട്ട് പിടികൂടി.

ഹെറ്റ്മെയറും സന്ദീപും അസാമാന്യ ഫീൽഡിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ജോ റൂട്ട് മത്സരത്തിലെ ആദ്യ ഇലവനിൽ ഇടംപിടിച്ചിട്ടുണ്ട്. മൂന്നാം സ്പിന്നറും നാലാമതിറങ്ങുന്ന ബാറ്ററുമായാണ് ഇംഗ്ലീഷ് താരം കളിക്കുന്നത്.



Rajasthan need 150 to win against Kolkata Knight Riders

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News