ബാറ്റുകൊണ്ട് ടീമിന് കരുത്താകാന്‍ റിസ്‌വാന്‍ എത്തിയത് ഐസിയുവിലെ കിടക്കയില്‍ നിന്ന്; വൈറലായി ചിത്രം

Update: 2021-11-12 04:47 GMT
Editor : Dibin Gopan | By : Web Desk

ടി20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ മാത്യു വെയ്ഡിന്റെ വെടിക്കട്ട് പ്രകടനത്തില്‍ പാകിസ്താനെ തകര്‍ത്ത് ആസ്‌ത്രേലിയ ഫൈനലില്‍ എത്തിയെങ്കിലും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെല്ലാം ചര്‍ച്ചയാകുന്നത് പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനെ കുറിച്ചുള്ള വാര്‍ത്തകളാണ്.

സെമിഫൈനലില്‍ അര്‍ധസെഞ്ചുറി നേടിയ റിസ്‌വാന്‍ മത്സരത്തിന്റെ മുമ്പുള്ള രണ്ട് ദിവസവും ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സെമിഫൈനലില്‍ താരം കളിക്കില്ലെന്ന വാര്‍ത്തകളായിരുന്നു ആദ്യം പുറത്തുവന്നത്. എന്നാല്‍ ടീം ലിസ്റ്റ് പുറത്തുവന്നപ്പോള്‍ റിസ്‌വാന്റെ പേരും ഉണ്ടായിരുന്നു. ഓപ്പണറായി ക്യാപ്റ്റന്‍ ബാബര്‍ അസത്തോടൊപ്പം ക്രീസിലെത്തിയ റിസ്‌വാന്‍ 52 പന്തില്‍ നിന്ന് 67 റണ്‍സെടുത്തു. പാക് നിരയിലെ ടോപ് സ്‌കോററും റിസ്‌വാനാണ്.

Advertising
Advertising

കടുത്ത ആരോഗ്യപ്രശ്‌നം പരിഗണിക്കാതെ രാജ്യത്തിനായി ബാറ്റേന്തിയ റിസ്‌വാനെ പ്രശംസിച്ച് നിരവധി പ്രമുഖരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയത്. അതേസമയം, ആവേശകരമായ പോരാട്ടത്തില്‍ പാകിസ്താനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ആസ്‌ത്രേലിയ ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത മാത്യു വെയ്ഡും മാര്‍ക്കസ് സ്റ്റോയ്‌നെയ്‌സുമാണ് ആസ്‌ത്രേലിയക്ക് അനായാസ ജയം സമ്മാനിച്ചത്.

പാകിസ്താന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ശേഷിക്കെ ആസ്ട്രേലിയ മറികടന്നു. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 96 റണ്‍സ് എന്ന നിലയില്‍ പതറിയ ഓസീസിനെ ആറാം വിക്കറ്റില്‍ 81 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്നിസ്-മാത്യു വെയ്ഡ് സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്. സ്റ്റോയ്നിസ് 31 പന്തില്‍ രണ്ട് സ്ിക്സും രണ്ട് ഫോറുമടക്കം 40 റണ്‍സെടുത്തു. വെയ്ഡ് 17 പന്തില്‍ നാല് സിക്സും രണ്ടു ഫോറുമടക്കം 41 റണ്‍സ് നേടി. ഷഹീന്‍ ഷാ അഫ്രീദിയുടെ 19-ാം ഓവറില്‍ മൂന്ന് സിക്സറുകള്‍ നേടിയ വെയ്ഡാണ് ഓസീസിനെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ചത്.

നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഷതാബ് ഖാന്‍ ആണ് പാകസ്താന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത്. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഷതാബ് വീഴ്ത്തിയത്. ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.


Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News