തകർത്തടിച്ച് രോഹനും(107) രാഹുലും(91); രഞ്ജിട്രോഫിയിൽ മേഘാലയക്കെതിരെ കേരളത്തിന് 57 റൺസ് ലീഡ്

നേരത്തെ അരങ്ങേറ്റത്തിൽ തന്നെ നാലു വിക്കറ്റ് നേടിയ ഏദൻ ആപ്പിൾ ടോമടക്കമുള്ള ബൗളർമാർ മേഘാലയയെ എറിഞ്ഞൊതുക്കുകയായിരുന്നു

Update: 2022-02-17 12:42 GMT
Advertising

രഞ്ജിട്രോഫി ടൂർണമെൻറിൽ 40 ഓവറിൽ മേഘാലയയെ എറിഞ്ഞൊതുക്കിയ കേരള ബൗളർമാരുടെ അതേ വീര്യത്തോടെ കളിച്ച് ബാറ്റർമാരും. 97 പന്തിൽ 17 ഫോറും ഒരു സിക്‌സറുമായി സെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലും 13 ഫോറും ഒരു സിക്‌സറുമായി 91 റൺസ് നേടി പുറത്താകാതെ നിൽക്കുന്ന പൊന്നൻ രാഹുലുമാണ് കേരളത്തിനായി തിളങ്ങിയത്. സി.ജി ഖുരാനയുടെ പന്തിൽ ഡിബി രവി പിടിച്ച് രോഹൻ പുറത്തായി. ശേഷമിറങ്ങിയ ജലജ് സക്‌സേനയും പൊന്നൻ രാഹുലുമാണ് ക്രീസിലുള്ളത്. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 57 റൺസ് ലീഡ് നേടിയിരിക്കുകയാണ് കേരളം. കൂടുതൽ വിക്കറ്റുകൾ കയ്യിലുള്ളതിനാൽ മികച്ച ലീഡ് നേടാൻ ടീമിന് കഴിഞ്ഞേക്കും.

നേരത്തെ അരങ്ങേറ്റത്തിൽ തന്നെ നാലു വിക്കറ്റ് നേടിയ ഏദൻ ആപ്പിൾ ടോമടക്കമുള്ള ബൗളർമാർ മേഘാലയയെ എറിഞ്ഞൊതുക്കുകയായിരുന്നു. മൂന്നു വിക്കറ്റ് നേടിയ ഉണ്ണികൃഷ്ണൻ മനുകൃഷ്ണനും ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷം കളിക്കാനിറങ്ങി രണ്ടു വിക്കറ്റ് നേടിയ എസ് ശ്രീശാന്തും ഒരു വിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പിയുമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. ക്യാപ്റ്റൻ പുനീത് ഭിഷ്ടും(93) കിഷാൻ ലിങ്‌ദോയു(26)മാണ് മേഘാലയക്ക് ഇത്രയെങ്കിലും റൺസ് നേടിക്കൊടുത്തത്.

എസ്ഡി. കോളേജ് ഗ്രൗണ്ടിലെ കേരള ടീമിന്റെ ക്യാമ്പിൽ പന്തെറിയാൻ എത്തിയ പതിനാറുകാരനായ ഏദൻ ആപ്പിൾ ടോമിനെ ടീമിൽ ഉൾപ്പെടുത്തിയതായി കോച്ച് ടിനു യോഹന്നാൻ അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു. കൂച്ച് ബിഹാർ ട്രോഫിയിലെ ഗുജറാത്തിനെതിരെ അഞ്ച് വിക്കറ്റ് നേടിയ മിന്നും പ്രകടനത്തിന്റെ കരുത്തുമായാണ് ഏദൻ ആദ്യ മത്സരത്തിനിറങ്ങിയത്. രാജ്‌കോട്ടിലെ ആദ്യ ദിനം തന്നെ തൻറേതാക്കി ഈ കൗമാരതാരം.

'ഏദൻ ആപ്പിൾ ടോം';മേഘാലയയെ വിറപ്പിച്ച കേരളത്തിന്റെ 'അത്ഭുത ബാലൻ'

കേരളാ ക്രിക്കറ്റിലെ പുതിയ താരോധയം. ഏദൻ ആപ്പിൾ ടോം.16ാം വയസ്സിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച അത്ഭുത ബാലൻ. മേഘാലയയ്ക്കെതിരെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ വിക്കറ്റ് നേട്ടത്തോടെ ഏദൻ തന്റെ വരവറിയിച്ചിരിക്കുകയാണ്.മേഘാലയയുടെ കിഷനെ രാഹുലിന്റെ കൈയിലെത്തിച്ചായിരുന്നു ആദ്യ വിക്കറ്റ് നേടിയത്. സോണിയുടെ പരിശീലനത്തിൽ പത്തനംതിട്ടക്കാരൻ നടത്തിയ കഠിന പരീശീലനം കേരളാ ക്രിക്കറ്റിന് പുതിയ കരുത്താകുമെന്നാണ് വിലയിരുത്തൽ. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് ഏദൻ നേടി. സിനിമാ കഥ പോലെയാണ് ഏദന്റെ ക്രിക്കറ്റ് ജീവിതം. സോണി ചെറുവത്തൂർ ദുബായിൽ പരിശീലകനായി എത്തുന്നിടത്താണ് തുടക്കം. ഈ പരിശീലന കളരിയിൽ ഏദനുമെത്തുന്നു. കേരളാ ക്രിക്കറ്റിൽ സോണിക്ക് ഉത്തരവാദിത്തം കിട്ടിയപ്പോൾ ദുബായിൽ നിന്ന് പതിയെ തിരുവനന്തപുരത്തേക്ക് എത്തി സോണിയെന്ന പരിശീലകൻ. മരുതംകുഴിക്കടുത്ത് ലൗ ഓൾ എന്ന സ്ഥാപനത്തിൽ പരിശീലകനായി.സോണിയെന്ന പരിശീലകനെ അച്ഛൻ ആപ്പിൾ ടോം പ്രതീക്ഷയർപ്പിച്ചു. മകന് വേണ്ടി ദുബായിലെ ജോലി വേണ്ടെന്ന് വച്ചു.

പി.ടി.പി നഗറിൽ ഫ്ളാറ്റിലായി അച്ഛനും മകനും താമസം. രാവും പകലുമില്ലാത്തെ സോണിക്ക് കീഴിൽ പരിശീലനം. റോങ് ഫുട്ടിൽ പന്തെറിയുന്ന കൊച്ചു പയ്യൻ അതിവേഗമാണ് പേസ് ബൗളിങ്ങിലെ ബാല പാഠങ്ങൾ ഉൾക്കൊണ്ടത്. അപ്പോഴും ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത്ലറ്റിക്സിലെ ഫിറ്റ്നസ് ട്രെയിനാറായ ഷാനാവസിന്റെ കൈയിലേക്ക് ഈ പയ്യനെ സോണി ഏൽപ്പിച്ചു. ഇതോടെ കൂടുതൽ വേഗത പയ്യന്റെ പന്തുകൾക്ക് കൈവന്നു. തിരുവനന്തപുരത്തെ ലീഗിൽ ചില ടീമുകൾക്ക് വേണ്ടി ഏദൻ പന്തെറിഞ്ഞു. ഈ പതിനാറുകാരന്റെ ബൗളിങ്ങ് തിരുവനന്തപുരം ഡിസ്ട്രിക്ട് അസോസിയേഷൻ സെക്രട്ടറിയായ വിനോദ് കാണാനിടയായതാണ് നിർണ്ണായകമായത്. തൊടുപുഴയിൽ 19 വയസ്സിന് താഴെയുള്ളവർക്കുള്ള ക്ലബ് മത്സരത്തിൽ വിനോദിന്റെ ടീമിൽ ഏദനും ഇടം നേടി. മാസ്റ്റേഴ്സ് ക്ലബ്ബിന് വേണ്ടി നടത്തിയ പോരാട്ടം കേരളത്തിന്റെ മുൻ രഞ്ജി ട്രോഫി വിക്കറ്റ് കീപ്പർ സിഎം ദീപക്കിന്റെ കണ്ണിൽപ്പെട്ടതോടെ ഏദന്റെ പ്രതിഭ കെസിഎയുടെ ശ്രദ്ധയിലുമെത്തി.

ദീപക്കിൽ നിന്നും ഈഡന്റെ ബൗളിങ് മൂർച്ച ടിനുവും തിരിച്ചറിഞ്ഞു. സോണിയോട് ടിനു കാര്യങ്ങളും തിരക്കി. ഇതോടെ അണ്ടർ 19 കേരളാ ടീമിലേക്ക് ഈ പതിനാറുകാരൻ എത്തി. ആദ്യ ചതുർദിന മത്സരത്തിൽ തന്നെ അണ്ടർ 19 ക്രിക്കറ്റിൽ അഞ്ചു വിക്കറ്റ്. ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റും. അങ്ങനെ കോവിഡുകാലത്തെ കഠിന പരിശീലനം ഏദന് നൽകിയത് സ്വപ്ന തുല്യമായ തുടക്കം. അണ്ടർ 19 ക്രിക്കറ്റിലെ മികവ് രഞ്ജി ക്യാമ്പിലും ഇടം നൽകി. ശ്രീശാന്തിന്റെ സാന്നിധ്യവും ടിനുവിന്റെ പരിശീലനും ആത്മവിശ്വാസം കൂട്ടി. അങ്ങനെ അവസാന ഇലവനിലുമെത്തി. രഞ്ജി ട്രോഫിക്ക് മുന്നോടിയായി കേരള ടീമിന്റെ ക്യാമ്പിൽ നെറ്റ്‌സിൽ പന്തെറിയാൻ കോച്ച് ടിനു യോഹന്നാൻ വിളിക്കുമ്പോൾ ഏദൻ ആപ്പിൾ ടോമെന്ന പതിനാറുകാരൻ കരുതിയില്ല അത് തന്റെ ജീവിതം മാറ്റി മറിക്കുമെന്ന്. ക്യാമ്പിന് ശേഷം പ്രഖ്യാപിച്ച ടീമിൽ ഏവരേയും ഞെട്ടിച്ച് ആ പ്ലസ് വൺകാരന്റെ കൗതുകമുള്ള പേരുമുണ്ടായിരുന്നു. അണ്ടർ 19 കുച്ച് ബിഹാർ ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുത്തു.കുച്ച് ബിഹാർ ട്രോഫിയിൽ ഗുജറാത്തിനെതിരായ 5 വിക്കറ്റ് പ്രകടനം ഉൾപ്പെടെ ആകെ 15 വിക്കറ്റാണ് ഏദൻ സ്വന്തമാക്കിയത്.

ഇതിനെ തുടർന്നാണ് ആലുവ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി ടീമിന്റെ ക്യാമ്പിൽ നെറ്റ് ബൗളർ ആയി പങ്കെടുക്കാൻ നിർദ്ദേശം കിട്ടിയത്.പത്തനംതിട്ട സ്വദേശിയായ ആപ്പിൾ ടോം മാത്യുവിന്റേയും ബെറ്റി എൽസി മാത്യുവിന്റേയും മകനായ ഏദൻ ഏഴാം ക്ലാസ് വരെ പഠിച്ചത് ഷാർജയിലാണ്. ക്രിക്കറ്റിലെ താത്പര്യം കണ്ട് പിതാവ് ആപ്പിൾ ടോം ഏദനെ എട്ടാം വയസിൽ മുൻ കേരള ക്യാപ്റ്റൻ സോണി ചെറുവത്തൂരിന്റെ ദുബായിലെ ക്രിക്കറ്റ് അക്കാഡമിയിലാക്കി. കേരളത്തിലേക്ക് പോകുന്നതാണ് ഏദന്റെ ഭാവിക്ക് നല്ലതെന്ന് സോണിയുടെ വാക്കു കേട്ട് ആപ്പിൾ ടോം ഷാർജ എയർപോർട്ടിലെ ജോലി ഉപേക്ഷിച്ച് മകനുമായി കേരളത്തിലെത്തി. പിന്നീട് 2017ൽ തിരുവനന്തപുരത്ത് പി.ടി.പി നഗറിലുള്ള സുകേഷ് രാമക്യഷ്ണ പിള്ളയുടെ ലവ് ആൾ സ്പോർട്സിൽ പരിശീലനം തുടങ്ങുകയായിരുന്നു. അവിടെയും സോണി ചെറുവത്തൂരിന്റെ കീഴിലുള്ള ശിക്ഷണം തുടർന്ന ഏദൻ ഇപ്പോൾ സാക്ഷാൽ ശ്രീശാന്തും ബേസിൽ തമ്പിയും നിധീഷുമൊക്കെ ഉൾപ്പെട്ട കേരള രഞ്ജീ ടീമിലെ ഏറ്റവും വേഗമേറിയ ബൗളർ എന്ന നേട്ടത്തിൽ എത്തി നിൽക്കുകയാണ്. ഏദന്റെ അമ്മ ബെറ്റി ഷാർജ എയർ പോർട്ടിലെ ഹെഡ് സൂപ്പർ വൈസറാണ്. എസ്തേർ മറിയം, എലീസ സൂസൻ ടോം എന്നിവരാണ് സഹോദരിമാർ.

Rohan (107) and Rahul (91) give Kerala a 57-run lead against Meghalaya in the Ranji Trophy.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News