തോൽവിയിലും രോഹിതിനായി കൈയ്യടിച്ച് മുംബൈ ആരാധകർ

Update: 2024-05-18 12:25 GMT
Editor : safvan rashid | By : Sports Desk
Advertising

പേരുകേട്ട വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിന്റെ സീസണിലെ അവസാന മത്സരം അരങ്ങേറുകയാണ്. മുംബൈ ഇതിനകം ഐപിഎല്ലിൽ നിന്ന് പുറത്തായ ടീമാണ്. അതുകൊണ്ടുതന്നെ മത്സരത്തിന് വലിയ പ്രാധാന്യമൊന്നുമില്ല. എന്നാൽ വാംഖഡെയിൽ കാണികൾ തിങ്ങിനിറഞ്ഞിരിപ്പുണ്ട്. അവ​രെല്ലാം ഒരേയൊരു വികാരത്താൽ ഒരാൾക്ക് വേണ്ടി ആർത്തു​വിളിക്കുന്നു. രോഹിത് ഗുരുനാഥ് ശർമ.

രോഹിത് വിളികളുമായി വാംഖഡയെ പ്രകമ്പനംകൊള്ളിച്ച് ആദ്യാവസാനം വരെ ആ നീലകടലിരമ്പി. മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് 18 റൺസിന്റെ തോൽവി മുംബൈ നേരിട്ടു. എന്നിട്ടും അവർക്ക് വലിയ നിരാശയൊന്നുമില്ല. കാരണം അവർ അവരുടെ പ്രിയപ്പെട്ടയാളെ കൺനിറയെകണ്ടിരിക്കുന്നു. ​അതെ, മുംബൈ ജഴ്‌സിയിൽ ഒരിക്കൽ കൂടി ഹിറ്റ്മാൻ നിറഞ്ഞാടിയിരിക്കുന്നു. മുംബൈക്കൊപ്പം തന്റെ അവസാനത്തേതാകുമെന്ന് പ്രവചിക്കപ്പെടുത്ത മത്സരത്തെ അവിസ്മരണീയമാക്കിയാണ് അയാൾ കളംവിട്ടത്. മുംബൈ കുപ്പായത്തിൽ ഇനി ഒരു പക്ഷേ അയാളെ കാണില്ലായിരിക്കാം. സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന്റെ നാണക്കേട് വേറെയും. പക്ഷേ അതൊന്നും ഈ ആരാധകകൂട്ടത്തെ ബാധിക്കുന്നേയില്ല. കാരണം മുംബൈ ഇന്ത്യൻസിനെ മുംബൈ ഇന്ത്യൻസാക്കിയത് അയാളാണ്. അഞ്ചു കിരീടങ്ങളുടെ തിളക്കം മഹാനഗരത്തിനേകിയ നായകനെ അവർ നന്ദിയോടെ എന്നുമോർക്കും. അതിന്റെ സാക്ഷ്യമായിരുന്നു ഇന്നലെ വാംഖഡെയിലെ ഗ്യാലറികളിൽ കണ്ടത്.


മുംബൈ ഇന്ത്യൻസിനെ മുംബൈ ഇന്ത്യൻസാക്കിയ അയാളെ അവർ എങ്ങനെ മറക്കാനാണ്. ലഖ്‌നൗ ഉയർത്തിയ 215 റൺസ് പിന്തുടർന്ന മുംബൈക്ക് ആവശ്യം പവർപ്ലെയിൽ ഒരു മികച്ച തുടക്കമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്നും വ്യത്യസ്തമായി ഓപ്പണിങിൽ ഇഷാൻ കിഷന് പകരമെത്തിയത് ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റർ ഡെവാൾഡ് ബ്രേവിസ്. എന്നാൽ പവർപ്ലെയിൽ ടച്ച് കിട്ടാതെ യുവതാരം പ്രയാസപ്പെടുകയായിരുന്നു. മറുവശത്തുള്ള രോഹിതാകട്ടെ വിമർശന ശരങ്ങൾക്ക് നടുവിലും. ന്യൂസിലാൻഡ് താരം മാറ്റ്‌ ഹെൻട്രിയും അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖും ഉൾപ്പെടെയുള്ള മികച്ച ബൗളിങ് നിരക്കെതിരെ രോഹിത് എങ്ങനെ കളിക്കും. മറുപടി അതിവേഗമെത്തി. മാറ്റ് ഹെന്റിയെ സ്‌ക്വായർലെഗിന് മുകളിലൂടെ സിക്‌സർ പറത്തിയ ഷോട്ട് കണ്ടവരുറപ്പിച്ചു. ഞങ്ങളുടെ നായകൻ ഇതാ അവതരിച്ചിരിക്കുന്നു. മൊഹസിൻ ഖാനെ സ്റ്റെപ്പ്ഔട്ട് ചെയ്ത് ലോങ്ഓഫിന് മുകളിലൂടെ സിക്‌സർ പറത്തി ഹിറ്റ്മാൻ അർധ സെഞ്ച്വറി കുറിക്കുമ്പോൾ ഡഗൗട്ടിലുള്ള മുംബൈ താരങ്ങൾ ഒന്നടങ്കം എഴുന്നേറ്റാണ് കൈയടിച്ചത്.

ഈ ഇന്നിങ്‌സിന്റെ പ്രാധാന്യമെന്താണെന്ന് കരുതുന്നവരുണ്ടാകും. 17ാം സീസണിൽ 14 ഇന്നിങ്‌സുകളിൽ നിന്നായി രോഹിത് നേടിയത് 402 റൺസാണ്. ഒരു സെഞ്ച്വറിയും അർധ സെഞ്ച്വറിയും ഇതിലുൾപ്പെടും. ആദ്യപകുതിയിൽ നന്നായി ബാറ്റേന്തിയിരുന്ന രോഹിത് രണ്ടാം പകുതിയേ​ാടെ വലിയ പതനത്തി​ലേക്ക് പോയിരുന്നു. ഡഗൗട്ടിൽ ആത്മവിശ്വാസമെല്ലം നഷ്ടപ്പെട്ട അയാളെ ക്യാമറകൾ ഒപ്പിയെടുത്തു. എന്നാൽ സീസണിലെ അവസാന മാച്ചിൽ പിറഞ്ഞ ആ അർധ സെഞ്ച്വറി ഒരു പ്രതീക്ഷയാണ്. വരാനിരിക്കുന്ന പലതിലേക്കുമുള്ള സൂചനയതിലുണ്ട്. ​പ്രതീക്ഷകളുമായി അമേരിക്കയിലേക്ക് പറക്കുന്ന ടീം ഇന്ത്യയുടെ നായകനാണ് രോഹിത്. ദിവസങ്ങൾക്കപ്പുറം വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണിങ് റോളിൽ കളിക്കേണ്ട താരം. ഹൈ കോൺഫിഡൻസിൽ രോഹിത് ലഖ്‌നൗവിനെതിരെ ഉതിർത്ത ഓരോ സിക്‌സറിലും നീലപടയുടെ പ്രതീക്ഷകൾക്ക് കൂടിയാണ് ചിറക് മുളക്കുന്നത്.

38 പന്തിൽ 10 ബൗണ്ടറിയും മൂന്നുസിക്സറുമടക്കം 68 റൺസാണ് ഹിറ്റ്മാൻ ഇന്നലെ നേടിയത്. വാംഖഡെ സ്റ്റേഡിയത്തിൽ ഇതുപോലെ എത്രയോ ഇന്നിങ്‌സുകൾ അയാളുടെ ബാറ്റിൽ നിന്ന് പിറന്നിരിക്കുന്നു. അസാധ്യമെന്ന് തോന്നിയതെല്ലാം ടീമിനായി സാധ്യമാക്കിയവൻ. മുംബൈയെ ഐ.പി.എല്ലിലെ ഗ്ലാമർ ക്ലബ്ബാക്കി മാറ്റിയതിന്റെ തേരാളി. രസംകൊല്ലിയായെത്തിയ മഴ കാരണം മത്സരം അവസാനിച്ചത് അർധരാത്രിയോടെയാണ്. പക്ഷേ കാത്തിരുന്ന ആരാധകർ നിരാശരായില്ല. പെയ്തിറങ്ങിയ പേമാരിക്കൊപ്പം പ്രതീക്ഷയുടെ മുളകൾ പൊട്ടിയിരിക്കുന്നു. ഗ്യാലറിയൊട്ടാകെ രോഹിതിന് നന്ദി പറയാനായായി അക്ഷമയോടെ അവസാനംവരെ കാത്തുനിന്നു. കപ്പിനും ചുണ്ടിനുമിടയിൽ ഏകദിന ലോകകപ്പ് അടിയറവ് വെച്ച അയാൾ പുതിയ പ്രതീക്ഷകളിലേക്ക് പറക്കുകയാണ്. അവിടെ നിന്നുമയാൾ വിജയിച്ച് തിരിച്ചുവരെട്ടെയെന്നാശിക്കാം.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News