ഏകദിന റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്ക് കുതിച്ച് ഗിൽ; ആറിലേക്കെത്തി കോഹ്‌ലി

738 പോയിന്റോടെ, ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കിനെ പിന്തള്ളിയാണ് ഗിൽ നാലാം സ്ഥാനം ഉറപ്പിച്ചത്.

Update: 2023-04-05 14:14 GMT
Advertising

ന്യൂഡൽഹി: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ മികച്ച പ്രകടനവുമായി റാങ്കുയർത്തി ശുഭ്മാൻ ​ഗിൽ. നാലാം സ്ഥാനത്തേക്കാണ് ​ഗില്ലിന്റെ കുതിപ്പ്. നേരത്തെ 26ാം സ്ഥാനത്തായിരുന്ന ​ശുഭ്മാൻ മുൻ ക്യാപ്റ്റൻ കോഹ്‌ലി, ക്യാപ്റ്റൻ രോഹിത് ശർമയടക്കമുള്ളവരെ പിന്നിലാക്കിയാണ് നാലിലേക്ക് ഉയർന്നത്. ഏഴാം സ്ഥാനമായിരുന്ന കോഹ്‌ലി ആറാം സ്ഥാനത്തേക്ക് എത്തി നില മെച്ചപ്പെടുത്തി.

ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പട്ടികയിലാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇരട്ട സെഞ്ച്വറിയോടെ തകർപ്പൻ പ്രകടനം കാഴ്ചവച്ച ഗിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചത്. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ​ഗിൽ 738 പോയിന്റോടെ, ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കിനെ പിന്തള്ളിയാണ് നാലാം സ്ഥാനം ഉറപ്പിച്ചത്. ഡി കോക്ക് ബാറ്റിങ് ചാർട്ടിൽ 7ാം സ്ഥാനത്തേക്ക് പതിച്ചതോടെയാണ് ശുഭ്മാൻ ഗില്ലിന്റെ ഉയർച്ച.

പാക് നായകൻ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്. പോയിന്റ് നിലയിൽ അസം മറ്റ് താരങ്ങളേക്കാൾ ഏറെ മുന്നിലാണ്. 887 പോയിന്റാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 777 പോയിന്റോടെ സൗത്ത് ആഫ്രിക്കയുടെ റസി വാൻ ഡെർ ഡുസെൻ രണ്ടാമതും 740 പോയിന്റോടെ പാകിസ്താന്റെ ഇമാമുൽ ഹഖ് മൂന്നാമതുമാണ്.

നേരത്തെ ജനുവരിയിൽ കോഹ്‌ലി നാലിൽ എത്തിയെങ്കിലും പിന്നീട് ഏഴിലേക്ക് വീഴുകയായിരുന്നു. ഇവിടെ നിന്നാണ് ഇപ്പോൾ ആറിലേക്ക് കയറിയത്. ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഏഴാം സ്ഥാനത്തേക്കുള്ള വീഴ്ചയാണ് കോഹ്‌ലിയെ ആറാം സ്ഥാനത്തേക്ക് ഉയർത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ എട്ടാം സ്ഥാനം നിലനിർത്തിയതിനാൽ ആദ്യ പത്തിൽ ഇന്ത്യക്ക് മൂന്ന് ബാറ്റർമാരാണുള്ളത്.

ബൗളിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ മുഹമ്മദ് സിറാജ് മൂന്നാം സ്ഥാനം നിലനിർത്തി. ആസ്ട്രേലിയയുടെ ജോഷ് ഹേസിൽവുഡ് ആണ് ഒന്നാമത്. ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടാണ് രണ്ടാമത്. ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിലെ മത്സരങ്ങളെല്ലാം ഇന്ത്യയിൽ തന്നെ നടക്കുമെന്നാണ് ഐ.സി.സി വ്യക്തമാക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News