അവസാനം വഴങ്ങി; നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ കളിക്കാമെന്ന് പാകിസ്താൻ

ടീമിൻറെ സുരക്ഷ കണക്കിലെടുത്ത് മത്സരം മറ്റു നഗരങ്ങളിലേക്ക് മാറ്റണമെന്നായിരുന്നു പിസിബി നേരത്തെ ആവശ്യപ്പെട്ടിരുന്നത്

Update: 2023-06-26 13:45 GMT
Editor : abs | By : Web Desk

അവസാനം പാകിസ്താൻ വഴങ്ങി, 2023 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താൻ ഇന്ത്യക്കെതിരായ മത്സരം അഹമദബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ കളിക്കും, ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ പോലും കളിക്കാൻ സന്നദ്ധരാണെന്ന് പിസിബി അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ 15 നാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഇന്ത്യ- പാക് മത്സരം. പാക് ടീമിൻറെ സുരക്ഷ കണക്കിലെടുത്ത് മത്സരം ചെന്നൈ, ബെംഗലൂരു, കൊൽക്കത്ത നഗരങ്ങളിലേതിലേക്കെങ്കിലും മാറ്റണമെന്നായിരുന്നു പിസിബി നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

അഫ്ഗാനിസ്ഥാനെതിരായ മത്സരം ചെന്നൈയിൽ കളിക്കുന്നതിനും ഓസ്‌ട്രേലിയക്കെതിരായ മത്സരം ബെംഗലൂരുവിൽ കളിക്കുന്നതിനും പാകിസതാൻ എതിർപ്പ് അറിയിച്ചിരുന്നു. ഇതിലിപ്പോഴും അവർ ഉറച്ച് നിൽക്കുകയാണ്. സുരക്ഷാപരമായ കാരണങ്ങളല്ലാത്തതിനാൽ ഈ എതിർപ്പുകളും ഐസിസി തള്ളിക്കളഞ്ഞേക്കും. നാളെ മുംബൈയിൽ നടക്കുന്ന ചടങ്ങിൽ ലോകകപ്പിൻറെ ഔദ്യോഗിക മത്സരക്രമം ഐസിസി പുറത്തിറക്കും.

Advertising
Advertising

പാകിസ്താൻ സർക്കാർ എന്ത് തീരുമാനമെടുത്താലും അതനുസരിച്ച് പോകുമെന്ന നിലപാടിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉറച്ചുനിൽക്കുന്നതിനിടയിലാണ് പാക് സർക്കാർ ഈ തീരുമാനമെടുത്തത്. സീറ്റുകളുടെ എണ്ണം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനം ഐസിസിയുടെ പ്രധാന വരുമാന മാർഗമാണ്. അതുകൊണ്ടു തന്നെ ലോകകപ്പിലെ ഏറ്റവും കൂടുതൽ കാണികളെ ഉൾകൊള്ളുന്ന നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഇന്ത്യ- പാക് മത്സരം നടത്താൻ തന്നെയാണ് ഐസിസിയും ബിസിസിഐ നേരത്തെ തീരുമാനത്തിലെത്തിയത്. ലോകകപ്പിൻറെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നതും ഫൈനൽ നടക്കുന്നതും അഹമ്മദാബാദിലാണ്.

2011 ൽ ഇന്ത്യയിൽ ലോകകപ്പ് നടന്നപ്പോൾ, ചിരവൈരികൾ മൊഹാലിയിൽ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, യൂസഫ് ഗിലാനി എന്നിവർ ഒരുമിച്ച് മത്സരം കണ്ടിരുന്നു. അതേസമയം, ലോകകപ്പിനായി ഇന്ത്യയിലെത്തുന്നത് പാക് സർക്കാരിൻറെ അനുമതി അനുസരിച്ചാവുമെന്ന് കഴിഞ്ഞ ആഴ്ച പാക് ബോർഡ് വ്യക്തമാക്കിയിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News