കോളയല്ല, വെള്ളം കുടിക്കൂ: മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്രിസ്റ്റ്യാനോ
യൂറോ കപ്പിലെ പോര്‍ച്ചുഗലിന്‍റെ കന്നി മത്സരത്തിന് മുന്നോടിയായി പരിശീലകനൊപ്പം ടീമിന്റെ വാർത്താ സമ്മേളനത്തിന് എത്തിയതായിരുന്നു താരം
വാർത്താ സമ്മേളനത്തിനിടെ വൈറലായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോള വിരുദ്ധ പരാമർശം. മാധ്യമങ്ങളോട് സംസാരിക്കാനെത്തിയ ക്രിസ്റ്റ്യാനോ, മുന്നിൽ വെച്ചിരുന്ന കോള ഫ്രെയിമിൽ നിന്ന് മാറ്റി വെച്ച് വെള്ളക്കുപ്പി ഉയർത്തി കാണിക്കുകയായിരുന്നു.
.യൂറോ 2020 ലെ പോര്‍ച്ചുഗലിന്‍റെ കന്നി മത്സരത്തിന് മുന്നോടിയായി പരിശീലകൻ ഫെർണാണ്ടോ സാന്റോസിനൊപ്പം ടീമിന്റെ വാർത്താ സമ്മേളനത്തിന് എത്തിയതായിരുന്നു ക്രിസ്റ്റ്യാനോ. സംസാരം തുടങ്ങുന്നതിന് മുന്നായി തനിക്ക് മുമ്പിൽ വെച്ചിരുന്ന കോള എടുത്ത് മാറ്റിയ താരം, കുടിവെള്ളം ഉയര്‍ത്തി കാട്ടി എല്ലാവരോടും വെള്ളം കുടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മുൻപും നിലപാടുകളുടെ പേരിൽ ശ്രദ്ധേയനായിരുന്നു യുവന്റസിന്റെ പോർച്ചുഗൽ താരം.
ജങ്ക് ഫുഡുകൾക്കെതിരെ നേരത്തെയും ക്രിസ്റ്റ്യാനോ പരസ്യമായി തന്നെ നിലപാട് എടുത്തിരുന്നു. തന്റെ മകന്റെ ജങ്ക് ഫുഡ് ഭ്രമത്തെ കുറിച്ച് സംസാരിച്ച താരം, അക്കാര്യത്തിൽ താൻ കർക്കശക്കാരനാണെന്ന് പറയുകയുണ്ടായി. അവൻ ചിലപ്പോൾ കോളയും ഫാന്റയും പായ്ക്കറ്റ് സ്നാക്കുകളും കഴിക്കാറുണ്ടെന്നും, തനിക്ക് അത് ഇഷ്ടമുള്ള കാര്യമല്ലെന്ന് അവന് അറിയാമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു.
ഫ്രാൻസും ജർമനിയും ഉൾപ്പെട്ട മരണ ഗ്രൂപ്പായ ഗ്രൂപ് എഫിലാണ് ക്രിസ്റ്റ്യാനോയും സംഘവും ഉള്ളത്. ഇന്ന് ഹംഗറിക്കെതിരായാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം.