'അന്ന് പറഞ്ഞതോര്‍മയുണ്ടോ നിസ്റ്റൽറൂയ്?'; മാഞ്ചസ്റ്ററിനെ തകർത്ത ഗാക്പോയുടെ ഗോളുകൾ മുന്‍ പരിശീലകനുള്ള മറുപടി

'ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനേക്കാൾ പത്തുമടങ്ങ് ചെറിയ ക്ലബ്ബാണ്. ഗാക്പോ യുനൈറ്റഡിൽ ചേരണമെന്നായിരുന്നു എന്റെ ആഗ്രഹം' - എന്നാണ് നിസ്റ്റൽറൂയ് കഴിഞ്ഞ മാസം പറഞ്ഞത്.

Update: 2023-03-06 12:51 GMT

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ഗോള്‍ നേടിയ ശേഷം ഗാക്പോ

Advertising

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈഡിനെ വലിച്ചുകീറിയ ലിവർപൂളിന്‍റെ പ്രകടനത്തില്‍ വണ്ടര്‍ അടിച്ചിരിക്കുകയാണ് ആരാധകര്‍. സ്വന്തം തട്ടകമായ ആൻഫീൽഡിൽ വെച്ചാണ് ലിവര്‍പൂള്‍ യുനൈറ്റഡിനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടത്. ഗോളടി തുടങ്ങിവെച്ചതാകട്ടെ ഈ സീസണില്‍ ക്ലബിലെത്തിയ ഡച്ച് താരം കോഡി ഗാക്‌പോയും. പൊരുതിക്കളിച്ച സന്ദർശകർക്കെതിരെ ആദ്യപകുതിയുടെ അവസാനത്തിൽ ഗോളടിച്ച് ടീമിന് നിർണായക ലീഡ് നൽകിയ ഗാക്പോ 50 -ാം മിനുട്ടിൽ തന്റെ രണ്ടാമത്തെയും ടീമിന്റെ മൂന്നാമത്തെയും ഗോൾ നേടി.

ഗാക്പോയെ സംബന്ധിച്ച് മാഞ്ചസറ്ററിനെതിരെ ഇന്നലെ നേടിയ രണ്ട് ഗോളുകളും ഒരു മറുപടി കൂടിയായിരുന്നു. മറ്റാരോടുമല്ല, മുന്‍ പരിശീലകന്‍ റൂഡ് വാൻ നിസ്റ്റൽറൂയിയോടുള്ള മറുപടിയാണ് അത്. അതിന് പിന്നിലെ കാരണം ഇതാണ്...

ജനുവരിയിലെ ട്രാൻസ്‌ഫർ വിൻഡോയിലൂടെ ലിവർപൂളിൽ എത്തിയ ഗാക്പോയുടെ നീക്കത്തെ നിസ്റ്റൽറൂയ് നിശിതമായി വിമർശിച്ചിരുന്നു. ഗാക്പോയോട് മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് പോകാന്‍ ആയിരുന്നു നിസ്റ്റൽറൂയിയുടെ ഉപദേശം. എന്നാല്‍ അത് കേള്‍ക്കാന്‍ തയ്യാറാകാതെ ഗാക്പോ ലിവര്‍പൂളിനായി കരാര്‍ ഒപ്പിടുകയായിരുന്നു.



ഇത്തവണ മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വന്തമാക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന താരമാണ് ഗാക്പോ. പക്ഷേ ഏവരെയും അത്ഭുതപ്പെടുത്തി നെതർലൻഡ്സ് താരം പി.എസ്.വി ഐന്തോവനില്‍ നിന്ന് ലിവർപൂളില്‍ എത്തുകയായിരുന്നു. ഏകദേശം 45 മില്യൺ യൂറോയ്ക്കാണ് ഗാക്പോ ലിവര്‍പൂളിലെത്തിയത്. 

ഇതോടെ റൂഡ് വാൻ നിസ്റ്റൽറൂയി ഗാക്പോയെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തി. "ഗാക്പോ കഴിഞ്ഞ ആഗസ്ത് മുതൽ എറിക് ടെൻ ഹാഗുമായി സംസാരിക്കുന്നുണ്ടായിരുന്നു. അവൻ മാഞ്ചസ്റ്ററിൽ ചേരണമെന്നതായിരുന്നു എന്റെ ആഗ്രഹം. മാഞ്ചസ്റ്റർ എന്റെ ക്ലബ്ബാണെന്നതു മാത്രമല്ല അതിനു കാരണം. ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനേക്കാൾ പത്തുമടങ്ങ് ചെറിയ ക്ലബ്ബാണ്. എല്ലാം കൊണ്ടും അവന്റെ വളർച്ചയ്ക്ക് അനുയോജ്യം അവിടെയായിരുന്നു.' - ഫെബ്രുവരിയിൽ നിസ്റ്റൽറൂയ് പറഞ്ഞു. 

ജനുവരിയിൽ ഗാക്പോയ്ക്കു വേണ്ടി മാഞ്ചസ്റ്റർ ഐന്തോവനെ സമീപിക്കാതിരുന്നതോടെയാണ് താരം ലിവർപൂളിൽ നിന്നുള്ള ഓഫർ സ്വ ീകരിച്ചത്. "ജനുവരിയിൽ ക്ലബ്ബ് വിടുകയാണെന്ന് ഗാക്പോ എന്നോട് പറഞ്ഞു. അവൻ എന്റെ വാക്കുകൾക്ക് വിലകൽപ്പിച്ചില്ല. വിർജിൽ വാൻഡൈക്കിനാണ് അവൻ ചെവികൊടുത്തത്.'  ലോകകപ്പിൽ നെതർലാന്റ്സിനു വേണ്ടി പുറത്തെടുത്ത മികവ് താരത്തെ വൻകിട ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയാക്കിയിരുന്നു.

ലിവർപൂളിൽ കളിച്ച ആറു മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ കഴിയാതെ ഗാക്പോ വിഷമിച്ച സന്ദർഭത്തിലാണ് നിസ്റ്റൽറൂയ് 22 -കാരനെ വിമർശിച്ച് രംഗത്തുവന്നത്. എന്നാൽ, ആൻഫീൽഡിൽ മിന്നും പ്രകടനത്തോടെ തന്റെ മുൻ മാനേജർക്ക് മറുപടി കൊടുക്കാൻ യുവതാരത്തിനായി. 43, 50 മിനുട്ടുകളിൽ ഗോളടിച്ച ഡച്ചുകാരന് ഹാട്രിക് തികയ്ക്കാൻ അവസരം നൽകാതെ കോച്ച് യുർഗൻ ക്ലോപ്പ് അവസാന ഘട്ടത്തിൽ പിൻവലിക്കുകയായിരുന്നു.

പ്രീമിയർ ലീഗിൽ സമീപകാലത്തൊന്നും സംഭവിക്കാത്തൊരു വൻവീഴ്ചയായിരുന്നു ആൻഫീൽഡിൽ യുനൈറ്റഡ് നേരിട്ടത്. ചെമ്പടയുടെ സമഗ്രാധിപത്യം കണ്ട മത്സരത്തില്‍ എതിരില്ലാത്ത ഏഴു ഗോളിനാണ് ക്ലോപ്പിന്‍റെ കുട്ടികള്‍ ടെൻഹാഗിന്‍റെ സംഘത്തെ തിരിച്ചുമടക്കിയത്. കോഡി ഗാക്പോ തുടങ്ങിവെച്ച ​ഗോളടി മേളം ഫർമീനോയാണ് പൂർത്തിയാക്കുകയായിരുന്നു.

കോഡി ഗാക്‌പോ, ഡാർവിൻ നൂനസ്, മുഹമ്മദ് സലാഹ് എന്നിവരുടെ ഇരട്ട ഗോളുകളും പകരക്കാരനായി കളത്തിലെത്തിയ റോബർട്ടോ ഫിർമിനോയുടെ ഗോളുമാണ് കളിയുടെ വിധിയെഴുതിയത്. പ്രീമിയർ ലീഗ് ചരിത്രത്തിലെ മാഞ്ചസ്റ്ററിന്റെ ഏറ്റവും കനത്ത തോൽവികളിലൊന്നാണിത്.

കോച്ച് എറിക് ടെൻ ഹാഗിനു കീഴിൽ ഈയിടെ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്ററും പ്രീമിയർ ലീഗിൽ ആദ്യ ആറ് സ്ഥാനങ്ങളിലെത്താൻ അധ്വാനിക്കുന്ന ലിവർപൂളും തമ്മിലുള്ള മത്സരം തുടക്കം മുതൽക്കേ ആവേശകരമായിരുന്നു. എവേ മത്സരം കളിക്കുന്ന യുനൈറ്റഡ് തുടക്കത്തിൽ കൂടുതൽ അവസരങ്ങളുണ്ടാക്കിയെങ്കിലും ആദ്യപകുതിയുടെ അവസാന ഘട്ടത്തിൽ കോഡി ഗാക്‌പോ ഗോളടിച്ചതോടെ കളിയുടെ ഗതിമാറി.

ആൻഡി റോബർട്ട്‌സന്റെ തന്ത്രപൂർവമുള്ള ത്രൂപാസ് സ്വീകരിച്ച് ഡച്ച് താരം തൊടുത്ത ഷോട്ട് യുനൈറ്റഡ് കീപ്പർ ഡേവിഡ് ഡിഹയക്ക് അവസരമൊന്നും നൽകിയില്ല. (1-0).

ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ മാഞ്ചസ്റ്ററിന് കാലുറപ്പിക്കാൻ കഴിയുംമുമ്പേ ലിവർപൂൾ അടുത്ത തിരിച്ചടി കൊടുത്തു. പ്രതിരോധത്തിലെ പിഴവുകൾ തുറന്നുകാട്ടിയ നീക്കങ്ങൾക്കൊടുവിൽ ഹാർവി ഇലിയട്ടിന്റെ ക്രോസിൽ നിന്ന് നൂനസ് ലീഡുയർത്തി. (2-0).

50-ാം മിനുട്ടിൽ സലാഹിൽ നിന്ന് പന്ത് സ്വീകരിച്ച് ടൈറ്റ് ആംഗിളിൽ നിന്ന് പന്ത് വലയിലെത്തിച്ച് ഗാക്‌പോ ലീഡുയർത്തി. (3-0).

66-ാം മിനുട്ടിൽ യുനൈറ്റഡ് പ്രതിരോധത്തിന്റെ ദൗർബല്യം മുതലെടുത്ത് സലാഹും സ്‌കോർ പട്ടികയിൽ പേര് ചേർത്തു. (4-0). ഇതോടെ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ യുനൈറ്റഡിനെതിരെ ഗോൾ നേടുന്ന ആദ്യ ലിവർപൂൾ താരം എന്ന റെക്കോർഡ് ഈജിപ്തുകാരൻ സ്വന്തം പേരിലാക്കി.

75-ാം മിനുട്ടിൽ ജോർദൻ ഹെൻഡേഴ്‌സന്റെ ക്രോസിൽ നിന്ന് ഹെഡ്ഡറുതിർത്ത് നൂനസ് തന്റെ രണ്ം ഗോൾ കണ്ടെത്തി. (5-0).83-ാം മിനുട്ടിൽ ഫിർമിനോയുടെ അസിസ്റ്റിൽ നിന്നാണ് സലാഹ് തന്റെ രണ്ടാം ഗോൾ നേടിയത് (6-0). 88-ാം മിനുട്ടിൽ ഫിർമിനോയ്ക്ക് ഗോളിനുള്ള അവസരമൊരുക്കിയതും സലാഹ് ആയിരുന്നു. (7-0).

വൻ മാർജിനിൽ തോറ്റെങ്കിലും പോയിന്റ് ടേബിളിൽ യുനൈറ്റഡിന്റെ മൂന്നാം സ്ഥാനത്തിന് ഇളക്കമൊന്നും തട്ടിയിട്ടില്ല. 25 മത്സരങ്ങളിൽ നിന്ന് 49 പോയിന്റാണ് അവർക്കുള്ളത്. ലിവർപൂൾ ഇത്രയും മത്സരങ്ങലിൽ നിന്ന് 42 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്.

തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളുടെ കൂട്ടത്തിലേക്കാണ് ഇന്നത്തെ മത്സരത്തോടെ യുനൈറ്റഡ് ഒന്നു കൂടി എഴുതിച്ചേർത്തത്. 1926 ൽ ബ്ലാക്ക്ബേൺ റോവേഴ്സിനോടും 1930 ൽ ആസ്റ്റൻ വില്ലയോടും 1931 ൽ വൂൾവറാംപ്ടൺ വാണ്ടറേഴ്സിനോടും അവർ ഇതേ സ്കോറിന് തോറ്റിട്ടുണ്ട്.

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News