ഓവർടെയ്ക്ക് മോഡ്, ബൂസ്റ്റ് മോഡ്, ആക്റ്റീവ് എയ്‌റോ; 2026 ഫോർമുല വൺ കാറുകളെ അറിയാം
2025 ഫോർമുല വൺ സീസണ് തിരശീല വീണിട്ടു ദിവസം കുറച്ചെ ആയിട്ടുള്ളു. ലാൻഡോ നോറിസ് തന്റെ കന്നി ഫോർമുല വൺ കിരീടം ഉയർത്തി. ആകർഷമായ ഒരു ടൈറ്റിൽ ഫൈറ്റും കണ്ടു. മാക്സ് വേർസ്റ്റാപ്പൻ ഒരു ഗംഭീര കംബാക്കിന്റെ അരികത്ത് വീണു, ഇനി അതെല്ലാം ചരിത്രമാണ്. ഒരു മാറ്റത്തിനായി ഒരുങ്ങുകയാണ് ഫോർമുല വൺ. അബുദാബിയിൽ ചേക്കേർഡ് ഫ്ലാഗ് വീശിയപ്പപ്പോൾ ഒരു സീസണ് മാത്രമല്ല നമ്മൾ വിട പറഞ്ഞത് ഒരു യുഗത്തിനോട് കൂടിയാണ്. 2026 മുതൽ പുതിയ ജെനറേഷൻ കാറുകളാണ് ട്രാക്കിൽ ഇറങ്ങുക. ടീമുകളും എൻജിനിയർമാരും അവരുടെ പഴയ പ്ലാനുകൾ ഉപേക്ഷിച്ച് പുതിയ കാലത്തിനായി ഒരുങ്ങുകയാണ്.
ഫോർമുല വൺ നിരന്തരമായി മാറ്റങ്ങൾ വന്നുകിക്കോണ്ടിരിക്കുന്ന ഒരു കായികയിനമാണെന്ന് പറയാറുണ്ട്. ഇങ്ങനെയുള്ള മാറ്റങ്ങൾ മുമ്പും വന്നിട്ടുണ്ട്. ഒരു പക്ഷെ 2014 ൽ 1.6 ലിറ്റർ V6 ഹൈബ്രിഡ് എൻജിനുകൾ കൊണ്ട് വന്നതിന് ശേഷം ഉണ്ടാകാൻ പോകുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നിനാണ് ഫോർമുല വൺ ലോകം 2026 ൽ സാക്ഷിയാകാൻ പോകുന്നത്. പുതിയ ചെയ്സിസ് വരുന്നു, പുതിയ എൻജിൻ നിയമങ്ങൾ വരുന്നു, അതോടൊപ്പം ഖനന ഇന്ധനങ്ങൾ മാറ്റി സുസ്ഥിരമായ ഇന്ധനത്തിലേക്ക് മാറാൻ പോകുകയാണ്. ഫോർമുല വണ്ണിന്റെ സുസ്ഥിര വികസനത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു നീക്കം. പുതിയ മാറ്റങ്ങൾ ഒപ്പം പുതിയ വാക്കുകളും ആരാധകർ പഠിക്കേണ്ടതുണ്ട്.
ആദ്യമായി കാറുകളുടെ ലുക്ക് മാറും. കാറുകളുടെ വലുപ്പം കൂടി വരുന്നു എന്ന പരാതി പലർക്കും ഉണ്ടായിരുന്നു. അതിന് പരിഹാരമായി പുതിയ ജനറേഷനിൽ അവയുടെ നീളവും ഭാരവും വീതിയും കുറച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ ചെറിയ ബൈക്കുകൾ ട്രാഫികിലൂടെ ഓടിക്കുമ്പോൾ എളുപ്പമാകില്ലേ അതുപോലെ പുതിയ കാറുകൾ കൂടുതൽ ഓടിക്കാൻ ഡ്രൈവർമാർക്ക് വഴക്കമുണ്ടാകും.
പ്രധാനപ്പെട്ട മറ്റൊരു വ്യത്യാസം വരുന്നത് മുമ്പിലെയും പുറകിലെയും വിങ്ങുകളിലാണ്. കാറിലേക്ക് വരുന്ന വായുവിന്റെ സാചാരപഥം നിശ്ചയിക്കുന്നതും അതിലൂടെ കാറിനെ ട്രാക്കിനോട് ചേർത്ത് വെക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സ്ട്രക്ച്ചറുകളാണ് വിങ്ങുകൾ. 2026 മുതൽ വിങ്ങുകൾ സിമ്പിലുമാകും അതോടൊപ്പം സ്മാർട്ടുമാകും . കോർണറിലൂടെ പോകുമ്പോൾ വിങ്ങുകളടച്ച് ഡൗൻഫോഴ്‌സ് കൂട്ടാനും അതിലൂടെ ഗ്രിപ് കൂടുതൽ ഉണ്ടാക്കാനും സാധിക്കും. അതെ സമയം സ്ട്രെയ്റ്റ് ലൈനിലൂടെ പോകുമ്പോൾ വിങ്ങുകൾ തുറന്ന് ഡ്രാഗ് കുറച്ച് സ്പീഡ് കൂട്ടാനും സഹായിക്കും. ഇതിനെ ആക്റ്റീവ് എയ്‌റോഡൈനാമിക്സ് എന്നാണ് പറയുന്നത്. ഏതു ലാപ്പിലും എവിടെ വേണമെങ്കിലും അവർക്കത് ഉപയോഗിക്കാം.
ഡർട്ടി എയർ, ഈ വാക്ക് പലരും എഫ് വൺ സിനിമയിൽ കേട്ടിട്ടുണ്ടാകും. മുമ്പിലുള്ള കാറുകൾ വേഗത്തിൽ പോകുമ്പോൾ പിന്നിലുള്ള കാറിലേക്ക് അടിക്കുന്ന വായുവിനെയാണ് ഡർട്ടി എയർ എന്ന് പറയുന്നത്. അത് മൂലം മുമ്പിലുള്ള കാറുകളെ പിന്തുടരാൻ ഇപ്പോഴത്തെ കാറിൽ അത്ര എളുപ്പമായിരുന്നില്ല. ഉദാഹരണത്തിന് ഒരു വലിയ ബസ്സിന്റെ പുറകിലെ പെട്ട അവസ്ഥയായിരിക്കും. എന്നാൽ 2026 ലെ കാറുകളിൽ ഈ പ്രശ്നം കുറക്കാനുള്ള തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതോടെ മുമ്പിലുള്ള കാറിന്റെ പിന്നാലെ വെച്ച് പിടിക്കാനും ഓവർടെയ്ക് നടത്താനും എളുപ്പമാകും. ഓവർടെയ്ക്കുകളുടെ എണ്ണം കൂട്ടുകൾ എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പുതിയ കാറുകളിലെ പവാറിനെ കുറിച്ച് ഇനി പറയാം. എൻജിനിൽ വലിയ മാറ്റങ്ങളിലല്ല 1.6 ലിറ്റർ V 6 ഹൈബ്രിഡ് എൻജിൻ തന്നെയാണ്. ഇതുവരെയുള്ള എൻജിനുകൾ കൂടുതൽ പവർ ഉപയോഗിച്ചിരുന്നത് ഇന്ധനത്തിൽ നിന്നായിരുന്നു എങ്കിൽ. പുതിയ കാറുകളിൽ പകുതി പവർ ഇന്ധനത്തിൽ നിന്ന് വരുമ്പോൾ ബാക്കി പകുതി ബാറ്ററിയിൽ നിന്നാകും. അതോടൊപ്പം ഇലക്ട്രിക് മോട്ടറിന്റെ പവർ മൂന്നിരട്ടിയും ആക്കിയിട്ടുണ്ട്. മണിക്കൂറിൽ 400 കിമി സ്പീഡിൽ വരെ പോകാൻ കെല്പുള്ള കാറുകളാണ് നിർമിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിലുള്ള സ്പീഡ് റെക്കോർഡ് മണികൂറിൽ 375 കിമി ആണ്
പുതിയതായി ആരാധകർ പഠിച്ചിരിക്കേണ്ട വാക്കുകൾ എന്തെല്ലാമെന്ന് നോക്കാം. ഡിആർഎസ് മോഡിന് പകരം അടുത്ത സീസൺ മുതൽ ഓവർടേക്ക് മോഡാണ് ഉപയോഗിക്കുക. മുമ്പിലുള്ള കാറിൽ നിന്ന് ഒരു സെകന്റിന് താഴെയാണ് ദൂരമെങ്കിൽ ഓവർടേക്ക് മോഡ് ഉപയോഗിച്ച് മുമ്പിലുള്ള കാറിനെ മറികടക്കാം.
രണ്ടാമത്തെ വാക്കാണ് റീചാർജ് . ബ്രെയ്ക് ചെയ്യുമ്പോഴും ത്രോട്ടിൽ ലിഫ്റ്റ് ചെയ്യുമ്പോഴും ഉണ്ടാകുന്ന പൊട്ടൻഷ്യൽ എനർജി ഉപയോഗിച്ച് ഡ്രൈവർമാർക്ക് കാറിന്റെ ബാറ്ററി റീചാർജ് ചെയ്യാൻ സാധിക്കും. റീചാർജ് എനർജി എൻജിന് കൂടുതൽ പവർ നൽകും.
ഈ റീചാർജ് ചെയ്ത എനർജി ഇനി ഉപയോഗിക്കാൻ പോകുന്നത് ബൂസ്റ്റ് മോഡിലാണ്. അതാണ് മൂന്നാമത്തെ വാക്ക്. ഈ ബട്ടൺ അമർത്തുന്നത് വഴി കാറിന് മാക്സിമം പവർ നൽകാൻ ഡ്രൈവർമാർക്ക് കഴിയും. മുമ്പിലുള്ള കാറിനെ അറ്റാക്ക് ചെയ്യുമ്പോഴോ അല്ലെങ്കിൽ ഡിഫൻഡ് ചെയ്യുമ്പോഴോ അവർക്കത് ഉപയോഗിക്കാം. ഫാസ്റ്റ് ആൻഡ് ഫ്യുരിയസ് സിനിമയിൽ ടർബോ ബട്ടൺ അമർത്തുമ്പോൾ സ്പീഡിൽ പോകുന്നത് പോലെയാണ് ഇവിടെ ബൂസ്റ്റ് മോഡ് ഉപയോഗിക്കുക.
ഇനിമുതൽ ഡ്രൈവർമാർ ത്രോട്ടിൽ അമർത്തുകയും, ഗിയർ മാറ്റുകയും എങ്ങനെ മുമ്പിലുള്ള കാറിനെ മറികടക്കണം എന്ന് മാത്രം ചിന്തിച്ചാൽ പോരാ ഈ മൂന്ന് ബട്ടണുകൾ എങ്ങനെ ഉപയോഗിക്കണം എന്നുള്ളതും ഡ്രൈവ് ചെയ്യുമ്പോൾ ചിന്തിക്കണം. അതായത് ഇനി മുതൽ ഡ്രൈവ് ഫാസ്റ്റ് മാത്രമല്ല ഡ്രൈവ് സ്മാർട്ട് കൂടിയാകണം.
ചരിത്രപരമായ മറ്റൊരു വലിയ മാറ്റം വരുന്നത് കാറിന്റെ ഇന്ധന ടാങ്കിലാണ്. അടുത്ത സീസൺ മുതൽ സസ്റ്റൈനബിൾ ഫ്യുവൽ ഉപയോഗം നിർബന്ധമാക്കാൻ പോകുകയാണ്. മാലിന്യം, ബയോമാസ് , കാർബൺ ക്യാപ്ച്ചർ തുടങ്ങിയവയിൽ നിന്ന് ഉണ്ടാകുന്ന ഇന്ധനം ഉപയോഗിച്ചായിരിക്കും കാറുകൾ പ്രവർത്തിക്കുക. പെർഫോമൻസ് കുറയില്ല ഒപ്പം പരിസ്ഥിതി സംരക്ഷണവും. എന്നാൽ ടീമുകളുടെ എണ്ണം കൂടുമ്പോഴും, റേസുകളുടെ എണ്ണം കൂടുമ്പോഴും സ്വാഭാവികമായും മാറ്റ് രീതിയിൽ പരിസ്ഥിതിക്ക് പ്രശനം തന്നെയല്ലേ സംഭവിക്കുന്നത്? എന്തായാലും പരിസ്ഥിതിയെ കുറിച്ച് ആലോചിച്ചുള്ള നീക്കം നല്ലതിന് തന്നെ.
എല്ലാം അപ്ഡേറ്റിലും ഫോർമുല വൺ ഒരു കാര്യത്തിൽ ഉറപ്പ് വരുത്താറുണ്ട്. ഡ്രൈവർമാരുടെ സംരക്ഷണം. അത് ഇവിടെയും അവർ ഉറപ്പ് വരുത്തിയിട്ടുണ്ട്. കാരശ് സ്ട്രുക്ചർ, സൈഡ് പ്രൊട്ടക്‌ഷൻ എല്ലാം കൂടുതൽ മെച്ചപ്പെടുത്തി. ഡ്രൈവറുടെ തലക്ക് മുകളിലെ റോൾ ഹൂപ് എന്ന് പറയുന്ന ഭാഗത്തിന് കൂടുതൽ ശക്തിയേകി. മോശം കാലാവസ്ഥയിൽ കാറുകളെ കാണാനായി മിററിന്റെ സൈഡിൽ പുതിയ ലൈറ്റും കൊണ്ട് വന്നിട്ടുണ്ട്.
പുതിയ കാറുകൾക്ക് സ്പീഡ് കൂടും, പക്ഷെ ഗ്രിപ്പ് കുറയാനും സാധ്യതയുണ്ട്. പുതിയ ബട്ടണുകൾ കൂടി വരുമ്പോൾ ഡ്രൈവർമാരുടെ സ്കില്ലിന് പ്രാമുഖ്യമേറും. ഓരോ ചെറിയ പിഴവിനും വലിയ വില കൊടുക്കേണ്ടി വരും. 2026 പുതിയൊരു സീസൺ മാത്രമല്ല പുതിയൊരു യോഗത്തിന് കൂടിയാണ് തുടക്കം കുറിക്കുന്നത്. ഇതൊക്കെ പറയുമ്പോഴും ലൂയിസ് ഹാമിൽട്ടൺ പണ്ട് പറഞ്ഞത് പോലെ. കാറുകൾ മാറും ആളുകൾ മാറും, നിയമങ്ങൾ മാറും പക്ഷെ വേഗരാജാവാകാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.