അർജന്റീനയുടെ വിവാദ വിജയം: ഫിഫക്കെതിരെ പ്രതിഷേധവുമായി കായികലോകത്തെ പ്രമുഖർ; സോഷ്യൽ മീഡിയയിൽ തരംഗമായി 'ഫിഫാനിക്'

ലോക ചെസ്സ് ഇതിഹാസം ഗാരി കാസ്പറോവ് 'വാർ' സംവിധാനത്തിന്റെ അസ്ഥിരതയെ ചൂണ്ടിക്കാട്ടി ഫിഫയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്

Update: 2026-07-09 07:05 GMT

അത്‌ലാന്റ: 2026 ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെതിരെ അർജന്റീന നേടിയ 3-2 എന്ന വിജയത്തിന് പിന്നാലെ ഫിഫക്കെതിരെ വലിയ തോതിൽ പ്രതിഷേധം ഉയരുകയാണ്. റഫറിയിംഗിലെ പിഴവുകളെയും വിഡിയോ അസിസ്റ്റന്റ് റഫറി തീരുമാനങ്ങളെയും ചോദ്യം ചെയ്ത് ആരാധകരും കായിക ലോകത്തെ പ്രമുഖരും ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. പ്രശസ്ത ഹോളിവുഡ് ചിത്രമായ ടൈറ്റാനിക്കിന്റെ പോസ്റ്ററുകളിൽ ലയണൽ മെസ്സിയെയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെയും ഉൾപ്പെടുത്തിക്കൊണ്ട് '#Fifanic' എന്ന ഹാഷ്‌ടാഗിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ മീമുകളാണ് പ്രചരിക്കുന്നത്. ഫിഫയുടെ വിശ്വാസ്യത ടൈറ്റാനിക് പോലെ മുങ്ങുകയാണെന്നാണ് വിമർശകരുടെ പ്രധാന പരിഹാസം.

Advertising
Advertising

ലോക ചെസ്സ് ഇതിഹാസം ഗാരി കാസ്പറോവ് 'വാർ' സംവിധാനത്തിന്റെ അസ്ഥിരതയെ ചൂണ്ടിക്കാട്ടി ഫിഫയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഈജിപ്റ്റിന്റെ ഒരു മികച്ച ഗോൾ വളരെ നേരത്തെ നടന്ന ഒരു ഫൗളിന്റെ പേരിൽ നിഷേധിക്കപ്പെട്ടുവെന്നും, എന്നാൽ അർജന്റീനയ്ക്ക് സമാനമായ സാഹചര്യങ്ങളിൽ വാർ ഇടപെടൽ ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. 'സ്റ്റാർ കളിക്കാരെ സഹായിക്കുന്ന ഒരു അഴിമതി നിറഞ്ഞ തമാശയായി ഫിഫ വീണ്ടും മാറിയിരിക്കുന്നു,' അദ്ദേഹം എക്സിൽ കുറിച്ചു.

പ്രമുഖ ഫുട്ബോൾ പരിശീലകനായ ഹോസെ മൗറീഞ്ഞോയും റഫറിയിംഗിനെതിരെ ആഞ്ഞടിച്ചു. 'അർജന്റീനയ്‌ക്കെതിരെ കളിക്കുമ്പോൾ 2-0 എന്ന ലീഡ് പോലും സുരക്ഷിതമല്ല. കാരണം, നിങ്ങൾ വെറും 11 കളിക്കാർക്കെതിരെ മാത്രമല്ല, റഫറിയുടെ വിസിലിനും വാർ റൂമിനും ടൂർണമെന്റിന്റെ മുഴുവൻ തിരക്കഥയ്ക്കും എതിരെ കൂടിയാണ് മത്സരിക്കുന്നത്,' മൗറീഞ്ഞോ പറഞ്ഞു. മുൻ ഇംഗ്ലണ്ട് താരം അലൻ ഷിയററും റഫറിയിംഗിലെ ഇത്തരം ഇരട്ടത്താപ്പുകളെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

റഫറിയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ റോയ് കീൻ രംഗത്തെത്തി. ഈ ലോകകപ്പിൽ ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിലുള്ള തീരുമാനങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഫൗൾ അല്ല. അതൊരിക്കലും ഫൗൾ ആയിരുന്നില്ല, ഇനി ഫൗൾ ആകുകയുമില്ല. റഫറി എന്താണ് കണ്ടതെന്ന് എനിക്കെന്തായാലും മനസിലാകുന്നില്ല. ഈ ലോകകപ്പിൽ ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിലുള്ള തീരുമാനങ്ങളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്, പ്രത്യേകിച്ച് അർജന്റീനയുടെ കാര്യത്തിൽ. ചില കാര്യങ്ങൾ ഗ്രൗണ്ടിൽ കാണുന്നതിനും അപ്പുറമാണ്,' റോയ് കീൻ പറഞ്ഞു.

മത്സരത്തിൽ ഈജിപ്റ്റ് 2-0 ന് മുന്നിട്ട് നിൽക്കുന്ന സമയത്താണ് കളിയിലെ വിവാദ നിമിഷങ്ങൾ അരങ്ങേറുന്നത്. ഈജിപ്ത് താരം മുസ്തഫ സിക്കോയിലൂടെ ഒരു ഗോൾ കൂടി നേടിയെങ്കിലും വാർ പരിശോധനയിൽ അത് നിഷേധിക്കപ്പെട്ടു. പ്ലേ ബിൽഡപ്പിൽ ഈജിപ്ഷ്യൻ താരം മർവാൻ ആറ്റിയ അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനെസിനെ ഫൗൾ ചെയ്തു എന്നായിരുന്നു കണ്ടെത്തൽ. പിന്നീട് പെനാൽറ്റി ബോക്സിൽ വെച്ച് മുഹമ്മദ് സലായെ ജൂലിയൻ അൽവാരസ് വീഴ്ത്തിയെങ്കിലും റഫറിയോ വാർ സംവിധാനമോ പെനാൽറ്റി അനുവദിച്ചില്ല. ഇതാണ് വിവാദങ്ങൾ കൂടുതൽ വഷളാക്കിയത്.

സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ, ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിയർക്കും മറ്റു മാച്ച് ഒഫീഷ്യലുകൾക്കുമെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഈജിപ്ത് പരിശീലകൻ ഹൊസാം ഹസനും കടുത്ത നിരാശയാണ് മത്സരശേഷം പങ്കുവെച്ചത്. കളത്തിൽ തങ്ങൾക്കായിരുന്നു പൂർണ ആധിപത്യമെന്നും എന്നാൽ ഫുട്ബോൾ നീതിയുക്തമല്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ലോകകപ്പിൽ അർജന്റീനയ്ക്ക് അനുകൂലമായി ഫിഫ മുൻകൂട്ടി തയ്യാറാക്കിയ തീരുമാനങ്ങളാണോ നടപ്പിലാക്കുന്നത് എന്ന ചോദ്യമാണ് ഈ സംഭവത്തോടെ ഫുട്ബോൾ ലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Sports Desk

contributor

Similar News