'എംബാപ്പെ ഡിക്ടേറ്റർ അല്ല'; ഫ്രഞ്ച് ക്യാപ്റ്റനെ പ്രശംസിച്ച് പരിശീലകൻ ദിദിയർ ദെഷാംപ്‌സ്

എംബാപ്പയെ നായകനായി ലഭിച്ചതിൽ സന്തോഷമെന്നും പരിശീലകൻ കൂട്ടിച്ചേർത്തു

Update: 2026-07-05 11:40 GMT
Editor : Harikrishnan S | By : Sports Desk

ഫിലാഡൽഫിയ: ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ ഒരു ഡിക്ടേറ്റർ ഒന്നുമല്ലെന്നും സത്യാവസ്ഥ മറിച്ചാണെന്നും വ്യക്തമാക്കി പരിശീലകൻ ദിദിയർ ദെഷാംപ്‌സ്. സൂപ്പർ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ മാസങ്ങളായി പല തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. എന്നാൽ അതെല്ലാം തെറ്റാണെന്നും മറ്റുള്ളവർ മാതൃകയാക്കുന്ന വ്യക്തിയാണ് എംബാപ്പയെന്നുമാണ് ദെഷാംപ്‌സ് അഭിപ്രായപ്പെട്ടത്.

മാസങ്ങളായി ഫ്രഞ്ച് നായകനെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പെയ്‌നുകൾ നടന്നുവരുന്നുണ്ട്. എംബാപ്പയെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് റയൽ മാഡ്രിഡ് ആരാധകർ പുറത്തിറക്കിയ ഒരു നിവേദനം ഏഴ് കോടി ആരാധകരാണ് ഒപ്പുവെച്ചത്. കഴിഞ്ഞ സീസന്റെ അവസാന സമയത്ത് പരിക്ക് പറ്റിയ താരം ടീമിനൊപ്പം തുടരാതെ കാമുകി സ്പാനിഷ് നടി എസ്തർ എസ്പോസിറ്റോയോടൊപ്പം ഇറ്റലിയിൽ യാത്ര പോയ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. പരിക്കാണെങ്കിലും ലീഗിന്റെ നിർണായക സമയത്ത് താരം ടീമിനൊപ്പം തന്നെ തുടരണമായിരുന്നു എന്നാണ് ആരധകരുടെ വാദമുണ്ടായിരുന്നത്. തുടർന്ന് റയൽ മാഡ്രിഡ് ടീം ക്യാമ്പിൽ വാൽവർഡെ ചൗമെനി താരങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അതിനിടയിലും എംബാപ്പയുടെ പേര് പരാമർശിച്ചിരുന്നു. വടക്കൻ അയർലൻഡുമായി നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിന് മണിക്കൂറുകൾ മുമ്പ് എംബാപ്പെ ഫ്രഞ്ച് ടീം ക്യാമ്പ് വിട്ട് കാമുകിയോടൊപ്പം സമയം ചിലവിട്ടതായും സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേകുറിച്ച് ഒരു തരത്തിലുള്ള പ്രതികരണവും പരിശീലകനോ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനോ നൽകിയിട്ടില്ല. ഇങ്ങനെയുള്ള നിരവധി അഭ്യൂഹങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നതിനിടെ പുറത്തിറങ്ങിയ ടഡിക്ടേറ്റർ എംബാപ്പെട എന്ന പാട്ടും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പക്ഷെ ഈ വാദങ്ങളെയെല്ലാം മാറ്റിയെഴുതുന്നതാണ് പരിശീലകൻ ദെഷാംപ്‌സിന്റെ പ്രസ്താവനകൾ.

നിലവിൽ ലോകകപ്പിൽ ഏഴ് ഗോളുകളുമായി ടോപ് സ്‌കോറർ പട്ടികയിൽ ലയണൽ മെസിക്കൊപ്പം ഒന്നാം സ്ഥാനത്താണ് എംബാപ്പെ. 19 മത്സരങ്ങളിൽ 19 ഗോളുകളുമായി ലോകകപ്പ് ഗോൾ വെട്ടത്തിൽ മെസ്സിക്ക് പുറകിൽ രണ്ടാം സ്ഥാനത്തുമാണ് സൂപ്പർ താരം.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News