എംബാപ്പെ ഗോളിൽ ഫ്രാൻസ് മുന്നോട്ട്; പരാഗ്വേയെ മറികടന്ന് ക്വാർട്ടറിൽ
ഏഴ് ഗോളുകളുമായി ടോപ് സ്‌കോറർ പട്ടികയിൽ ലയണൽ മെസ്സിക്ക് ഒപ്പമെത്തി എംബാപ്പെ.
ഫിലാഡൽഫിയ: പരാഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. 70ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നാണ് നായകൻ കിലിയൻ എംബാപ്പെ ഫ്രാൻസിനായി ഗോൾ നേടിയത്. ഏഴ് ഗോളുകളുമായി ടോപ് സ്‌കോറർ പട്ടികയിൽ എംബാപ്പെ ലയണൽ മെസ്സിക്ക് ഒപ്പമെത്തി.
ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പരാഗ്വേക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുൻ ചാമ്പ്യന്മാരുടെ ജയം. തുടക്കം മുതൽ പരുക്കൻ ശൈലിയിൽ മുന്നോട്ട് നീങ്ങിയ മത്സരത്തിൽ ആദ്യ പകുതി ഗോൾ രഹിതമായി തന്നെ അവസാനിച്ചു. ആധിപത്യം ഉണ്ടായിരുന്നിട്ടും ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ഫ്രഞ്ച് പടക്ക് സാധിച്ചില്ല. മത്സരത്തിന്റെ 70ാം മിനിറ്റിൽ ഡിസൈരെ ദുവേയെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നായകൻ എംബാപ്പെ മുൻ ചാമ്പ്യന്മാരെ മുന്നിലെത്തിച്ചു. മത്സരത്തിലാകെ അഞ്ച് ഷോട്ടുകൾ മാത്രമാണ് ഫ്രാൻസിന് പരാഗ്വേ പോസ്റ്റിലേക്ക് ഉതിർക്കാണ് സാധിച്ചുള്ളൂ. എന്നിരുന്നാലും നിരവധി ഫൗളുകൾ കണ്ട മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങളെ ചുറ്റിപറ്റി വിമർശനങ്ങൾ ഉയരുന്നുണ്ട്.
ജൂലൈ 10ന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. 2022 സെമി ഫൈനൽ പോരാട്ടത്തിന്റെ തനിയാവർത്തനമാണ് ഇക്കുറി ക്വാർട്ടർ ഫൈനലിൽ കാണാൻ പോകുന്നത്.