200 മില്യൻ ഡോളർ; റെക്കോർഡ് തുകക്ക് ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു

ചരിത്രത്തിലെ റെക്കോർഡ് പ്രതിഫലമാണ് ക്രിസ്റ്റ്യാനോക്ക് ലഭിക്കുക. പരസ്യ വരുമാനമടക്കം 200 മില്യൺ ഡോളർ അദ്ദേഹത്തിന് ലഭിക്കും.

Update: 2022-12-31 02:24 GMT
Advertising

റിയാദ്: ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ-നസർ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു. പരസ്യവരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ. പുതുവർഷ ദിനമായ നാളെ മുതൽ കരാർ പ്രാബല്യത്തിൽ വരുമെന്ന് അൽ നസർ ക്ലബ് അറിയിച്ചു. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് സൂപ്പർ താരത്തിന്റെ സൗദി പ്രവേശനം. സൗദി ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നായ അൽ നസ്‌റിന്റെ ഏഴാം നമ്പർ ജഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനോ ഉണ്ടാകും. കരാർ ഒപ്പിട്ടതായി ഔദ്യോഗികമായി അൽ നസർ ക്ലബ് അറിയിച്ചു. സൗദി കായിക മന്ത്രിയും ക്രിസ്റ്റ്യാനോയെ സ്വാഗതം ചെയ്തു.

ചരിത്രത്തിലെ റെക്കോർഡ് പ്രതിഫലമാണ് ക്രിസ്റ്റ്യാനോക്ക് ലഭിക്കുക. പരസ്യ വരുമാനമടക്കം 200 മില്യൺ ഡോളർ അദ്ദേഹത്തിന് ലഭിക്കും. നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഫ്രഞ്ച് താരം എംബാപ്പെയാണ്. 128 മില്യൺ ഡോളറാണ് എംബാപെയുടെ പ്രതിഫലം. മെസ്സിയുടേതാകട്ടെ 120 മില്യൺ ഡോളറും. അവസാന ക്ലബായ മാഞ്ചസ്റ്ററിൽ ക്രിസ്റ്റ്യാനോ വാങ്ങിയ തുക 100 മില്യൺ ഡോളറാണ്. അതിന്റെ ഇരട്ടിയാണ് ഇനി ലഭിക്കുക. പുതുവർഷ ദിനമായ നാളെ കരാർ പ്രാബല്യത്തിൽ വരും. ക്രിസ്റ്റ്യാനോ ഇതിനായി ഉടൻ സൗദിയിലെത്തും.

കഴിഞ്ഞ മാസം മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയതു മുതൽ 37 കാരനായ പോർച്ചുഗീസ് താരത്തിന്റെ അൽ നസ്ർ പ്രവേശനം ചർച്ചയാണ്. ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബ്ബുകളിലൊന്നിൽ ചേരാനായിരുന്നു റൊണാൾഡോക്ക് താൽപര്യം. എന്നാൽ ലഭ്യമാകാവുന്ന ഏറ്റവും മുന്തിയ ഓഫർ നൽകിയാണ് സൗദി ക്ലബ് സൂപ്പർ താരത്തെ സ്വന്തമാക്കിയത്. 1955ൽ രൂപീകരിച്ച സൗദിയിലെ അൽ നസ്ർ ക്ലബ് ഇന്ന് പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്. റിയാദ് ആസ്ഥാനമായുള്ള ക്ലബ്ബിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ വരവോടെ സൗദിയുടെ കായിക ചിത്രവും മാറും.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News