ലുസൈലിൽ മനം കവർന്ന് ജോർദാൻ; ഫൈനൽ തോൽവിയിലും തല ഉയർത്തി മടക്കം

2004ലാണ് ജോർദാൻ ഏഷ്യൻ കപ്പിലേക്ക് ആദ്യമായി യോഗ്യത നേടുന്നത്. അന്ന് ക്വാർട്ടറിലായിരന്നു മടക്കം.

Update: 2024-02-11 11:32 GMT
Editor : Sharafudheen TK | By : Web Desk
Advertising

ദോഹ: ഏഷ്യൻ കപ്പിൽ പന്തുരുളുമ്പോൾ ആരും പ്രതീക്ഷ കൽപ്പിക്കാത്ത സംഘമായിരുന്നു ജോർദാൻ. ഫിഫ റാങ്കിങിൽ 87ാം സ്ഥാനത്തുനിൽക്കുന്ന ടീമിന് ക്വാർട്ടർ ഫൈനലിനപ്പുറം ആരും പ്രവചിച്ചില്ല. എന്നാൽ ഇത് ഫുട്‌ബോളാണെന്നും അത്ഭുതങ്ങളാണ് ഈ കളിയെ മനോഹരമാക്കുന്നതെന്നും ജോർദാൻ മൊറോക്കൻ പരിശീലകൻ ഹുസൈൻ അമൗതക്ക് നന്നായറിയാം. 13 മാസങ്ങൾക്ക് മുൻപ് ഖത്തറിൽ നടന്ന ഫിഫ ലോക കപ്പിൽ  ആഫ്രിക്കൻ ടീം മൊറോക്കോയുടെ വിസ്മയ പ്രകടനം ഓർമിപ്പിക്കുന്നതായി ജോർദാന്റെ വൻകരാ പോരിലെ പോരാട്ട വീര്യം.

ഗ്രൂപ്പ് ഘട്ടം മുതൽ പോരാളികളായാണ് ജോർദാൻ കളത്തിലുണ്ടായിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇടക്ക് വീണെങ്കിലും ശക്തമായ തിരിച്ചുവരവിലൂടെ ഫൈനൽവരെയുള്ള ജൈത്രയാത്ര. ഒടുവിൽ കലാശ പോരാട്ടത്തിൽ ഖത്തറിന് മുന്നിൽ വീണെങ്കിലും തല ഉയർത്തിയാണ് ഈ അറബ് ടീമിന്റെ മടക്കം. ചരിത്രത്തിലാദ്യമായി സെമിയിലേക്കും പിന്നീട് ഫൈനലിലേക്കും ടിക്കറ്റെടുത്ത സംഘത്തിന് കളിക്കളത്തിലെ പിഴവുകളാണ് തിരിച്ചടിയായത്. ഖത്തർ നേടിയ മൂന്ന് ഗോളും പെനാൽറ്റിയിലൂടെയായിരുന്നു. ആദ്യ പകുതിയിൽ ഗോൾ വഴങ്ങിയതും ഫൈനലിലെ പരിചയകുറവുമെല്ലാം ആതിഥേയർക്കെതരെ കളിക്കുമ്പോൾ ടീമിന് തിരിച്ചടിയായി.

ഏഷ്യൻ റാങ്കിങിൽ മൂന്നാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയെ സെമിയിൽ കീഴടക്കിയെത്തിയ അട്ടിമറി സംഘത്തിന് ഫൈനലിൽ ഇതാവർത്തികാനായില്ല. 2004ലാണ് ജോർദാൻ ഏഷ്യൻ കപ്പിലേക്ക് ആദ്യമായി യോഗ്യത നേടുന്നത്. അന്ന് ക്വാർട്ടറിലായിരന്നു മടക്കം. പിന്നീട് വൻകരാ പോരാട്ടത്തിലേക്ക് മടങ്ങിയെത്തുന്നത് 2011ൽ. അന്നും അവസാന എട്ടിൽ തന്നെയായിരുന്നു തിരിച്ചുപോയത്. പിന്നീട് രണ്ടുതവണയും പ്രതീക്ഷക്കൊത്തുയരാനായില്ല. എന്നാൽ ഇത്തവണ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ മലേഷ്യയെ എതിരില്ലാത്ത നാല് ഗോളിനാണ് കീഴടക്കിയത്.

രണ്ടാം മത്സരത്തിൽ സൗത്ത് കൊറിയയെ(2-2) സമനിലയിൽ പിടിച്ചു. എന്നാൽ മൂന്നാം മാച്ചിൽ ബഹറൈനോട് തോൽവി നേരിട്ടെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക്. ശക്തമായ പോരാട്ടത്തിനൊടുവിൽ 3-2 ന് ഇറാഖ് വെല്ലുവിളി അതിജീവിച്ചാണ് ക്വാർട്ടറിലേക്ക്. തജികിസ്താനെ എതിരില്ലാത്ത ഒരുഗോളിന് വീഴ്ത്തി ചരിത്രത്തിൽ ആദ്യമായി ഏഷ്യൻകപ്പ് അവസാനനാലിലും സ്ഥാനംപിടിച്ചു.

യൂറോപ്പിലെ പ്രധാന ക്ലബുകളിൽ കളിക്കുന്ന കൊറിയൻ സംഘത്തെ അട്ടിമറിച്ച് ഫൈനലിലേക്ക്. ക്യാപ്റ്റൻ ഹ്യൂം മിൻ സൺ ഉൾപ്പെടെയുള്ള വൻതോക്കുകൾ ജോർദാൻ അക്രമണഫുട്‌ബോളിന് മുന്നിൽ ഒന്നും ചെയ്യാനാകാതെ നിസഹായരായി നിൽക്കുന്ന കാഴ്ചയാണ് ഖത്തറിൽ ദൃശ്യമായത്. യാസൻ അൽ നെയ്മത്, മൂസ അൽതമാരിയും അടക്കമുള്ള മുന്നേറ്റതാരങ്ങൾ ഗോൾ മെഷീനുകളായി ചാമ്പ്യൻഷിപ്പുടനീളം മികച്ചുനിന്നു. മധ്യനിരയിൽ മുഹമ്മദ് അലി ഹഷീഹ്, പ്രതിരോധത്തിൽ യസാൻ അൽ അറബ്, ബറാ മർവി എന്നിവരും അറബ് ടീമിന്റെ ഭാവി ശോഭനമാണെന്ന് തെളിയിക്കുന്നു.



Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News