നിറഞ്ഞാടി സലാഹ്; വില്ലയ്‌ക്കെതിരെ ലിവർപൂളിന് മിന്നും ജയം

ബോക്‌സിങ് ഡേ പോരാട്ടത്തിൽ ഗോളും അസിസ്റ്റുമായി നിറഞ്ഞാടിയ സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ ചുമലിലേറി 3-1നാണ് ലിവർപൂൾ ആസ്റ്റൻ വില്ലയെ അവരുടെ സ്വന്തം തട്ടകത്തിൽ തകർത്തത്

Update: 2022-12-27 04:30 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: ലോകകപ്പ് ഇടവേളയ്ക്കുശേഷം പ്രീമിയർ ലീഗിൽ മിന്നും ജയത്തോടെ ലിവർപൂളിന്റെ തുടക്കം. വ്യാഴാഴ്ച ഇ.എഫ്.എൽ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയോട് രണ്ടിനെതിരെ മൂന്നു ഗോളിനു പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ജർഗൻ ക്ലോപ്പിന്റെ സംഘത്തിന്റെ തിരിച്ചുവരവ്. ബോക്‌സിങ് ഡേ പോരാട്ടത്തിൽ ഒരു ഗോളും അസിസ്റ്റുമായി നിറഞ്ഞാടിയ സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ തേരിലേറി 3-1നാണ് ആസ്റ്റൻ വില്ലയെ അവരുടെ സ്വന്തം തട്ടകത്തിൽ ലിവർപൂൾ തകർത്തത്.

അഞ്ചാം മിനിറ്റിൽ തന്നെ വില്ല വിലയിൽ ആദ്യ ഗോൾ നിക്ഷേപിച്ച് സലാഹ് മത്സരത്തിന്റെ ഗതിയെക്കുറിച്ചുള്ള ആദ്യസൂചന നൽകി. 37-ാം മിനിറ്റിൽ സലാഹിന്റെ അസിസ്റ്റിൽ വിർജിൽ വാൻ ജിക് ലീഡുയർത്തി. രണ്ടാം പാതിക്കുശേഷം സ്‌റ്റെഫാൻ ബാജെറ്റിക് ആദ്യ പ്രീമിയർ ലീഗ് ഗോളുമായി വില്ല പോസ്റ്റിൽ മൂന്നാം ഗോളും നിറച്ചു. 59-ാം മിനിറ്റിൽ ഒലി വാട്കിൻസ് ആണ് ആസ്റ്റൻ വില്ലയുടെ ആശ്വാസ ഗോൾ നേടിയത്.

ആൻഡ്ര്യൂ റൊബേട്ട്‌സനും ട്രെന്റ് അലെക്‌സാണ്ടറും നൽകിയ പാസിൽനിന്നാണ് സലാഹിന്റെ അഞ്ചാം മിനിറ്റ് ഗോൾ പിറന്നത്. റൊബേട്ട്‌സൻ എടുത്ത കോർണർ കിക്ക് വില്ല പ്രതിരോധം തട്ടിയകറ്റിയെങ്കിലും ഹാഫിനടുത്തു നിന്നിരുന്ന അലെക്‌സാണ്ടർ പന്ത് ബോക്‌സിനകത്തേക്കു തന്നെ ഉയർത്തി ഇട്ടുകൊടുത്തു. പെനാൽറ്റി ബോക്‌സിന്റെ വലതുഭാഗത്തേക്ക് ഓടിയെത്തി ഫസ്റ്റ് ടൈം പാസിലൂടെ പന്ത് സലാഹിന് ഇട്ടുകൊടുത്തു. സലാഹ് പന്ത് അനായാസം വലയിലേക്ക് ചെത്തിയിടുകയും ചെയ്തു.

37-ാം മിനിറ്റിൽ കോർണറിൽനിന്ന് മറ്റൊരു ഗോൾ. അലെക്‌സാണ്ടർ ആർണോൾഡ് എടുത്ത കിക്ക് ബോക്‌സിനകത്തുനിന്ന് പുറത്തുണ്ടായിരുന്ന വിർജിൽ വാൻ ജിക്കിന് തട്ടിക്കൊടുത്തു. വാൻ ജിക്ക് പന്ത് അനാസായം വലയിലാക്കുകയും ചെയ്തു.

ആദ്യ പകുതിക്കുശേഷം വില്ലയുടെ ആശ്വാസ ഗോൾ. ബോക്‌സിന്റെ 40 വാരയകലെ വലതുവിങ്ങിൽനിന്ന് ഉയർത്തിനൽകിയ മനോഹരമായൊരു ക്രോസ് കൃത്യതയാർന്നൊരു ഹെഡറിലൂടെ ഒലി വാട്കിൻസ് വലയിലേക്ക് കുത്തിയിട്ടു. എന്നാൽ, പിന്നീടൊരു ഘട്ടത്തിലും ഗോൾനില കൂട്ടാൻ വില്ലക്കായില്ല.

81-ാം മിനിറ്റിൽ കൂടുതൽ ആഘാതമായി ലിവർപൂളിന്റെ മൂന്നാം ഗോളുമെത്തി. വില്ലയ്ക്കായി രണ്ടാം പ്രീമിയർ ലീഗ് മത്സരത്തനിറങ്ങിയ യുവതാരം സ്റ്റെഫാൻ ബാജെറ്റിക് വലയിലേക്ക് തൊടുത്ത നീളൻ ഷോട്ട് വില്ല ഗോൾകീപ്പർ പാട്രിക് ഒൽസൻ തട്ടിയകറ്റി. എന്നാൽ, ഇതേ പന്തിലേക്ക് കുതിച്ചെത്തിയ താരം വില്ല പ്രതിരോധക്കാരെയെല്ലാം നിസ്സഹായരാക്കി പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

പ്രീമിയർ ലീഗിലെ ടോട്ടനം-ബ്രെന്റ്‌ഫോർഡ് മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു. വാണ്ടറേഴ്‌സിനെതിരെ എവേർട്ടൻ ഒന്നിനെതിരെ രണ്ട് ഗോളിനു ജയവും നേടി. ലെസ്റ്റർ സിറ്റിയെ ന്യൂകാസിൽ യൂനൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളിനാണ് മുക്കിക്കളഞ്ഞത്. ആഴ്‌സനൽ വെസ്റ്റ്ഹാമിനെയും തകർത്തു. ആഴ്‌സനൽ മൂന്ന് ഗോൾ നേടിയപ്പോൾ ഒരു ഗോൾ മാത്രമാണ് വെസ്റ്റ്ഹാമിന് മടക്കാനായത്.

Summary: Mohamed Salah stars as the Reds return with crucial win in Aston Villa-Liverpool EPL 2022-23 match

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News