ബാഴ്‍സലോണ എങ്ങനെയാണ് ഗെറ്റാഫെയെ പരാജയപ്പെടുത്തിയത്?
കളം നിറഞ്ഞു കളിക്കുകയും, മിഡ്ഫീൽഡിൽ കളി നിയന്ത്രിക്കുകയും, അസംഖ്യം ഫോർവേഡ് പാസ്സുകളിലൂടെ ബാഴ്സലോണ അറ്റാക്കുകൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു പെഡ്രി
സ്പാനിഷ് ലാ ലിഗയിലെ 5-ആം ഗെയിം വീക്കിൽ എസ്റ്റാഡിയോ യോഹാൻ ക്രൈഫ് സ്റ്റേഡിയത്തിൽ ബാഴ്സലോണയ്ക്ക് ഗെറ്റാഫെക്ക് എതിരേ എതിരില്ലാത്ത 3 ഗോളിന്റെ തകർപ്പൻ വിജയം. ആദ്യപകുതിയിലായി ഫെറാൻ ടോറസിന്റെ ഇരട്ട ഗോളുകളും 2-ആം പകുതിയിൽ ഡാനി ഓൾമോയുടെ ഗോളുമാണ് ബാഴ്സലോണയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. മിഡ്‌വീക്കിലെ ചാമ്പ്യൻസ് ലീഗ് കളിയിൽ ന്യൂകാസിൽ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ 2-1ന് തോൽപ്പിച്ചുകൊണ്ടാണ് സ്പാനിഷ് ചാമ്പ്യന്മാർ ഗെറ്റാഫെയെ നേരിടാൻ ഇറങ്ങിയത്. ഗെറ്റാഫെയാകട്ടെ ഈ സീസണിലെ 4 കളികളിൽ നിന്ന് 3 വിജയങ്ങളുമായാണ് ബാഴ്സലോണയെ നേരിടാൻ എത്തിയത്.
ഗെറ്റാഫെ മാനേജർ ബോർദാലാസ് കളിക്കു മുൻപായി മാധ്യമങ്ങളോട് പറഞ്ഞത്, "ഞങ്ങൾ ബാഴ്സയ്ക്ക് എതിരേ സ്പെഷ്യലായി ഒന്നും കരുതി വെച്ചിട്ടില്ല" എന്നാണ്. "ഞങ്ങൾക്ക് ഏറ്റവും പരിചിതമായ ശൈലിയിൽ കളിക്കുകയും, എതിരാളികളുടെ കരുത്തിനെ തരണം ചെയ്തുകൊണ്ട് തങ്ങളുടെ ഫുട്ബോൾ ധൈര്യമായി പുറത്തെടുക്കാൻ ശ്രമിക്കുന്നതുമായിരിക്കും ഗെറ്റാഫെയുടെ ഗെയിംപ്ലേ" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂകാസിലിന് എതിരെയുള്ള മത്സരത്തിൽ നിന്നും അടിമുടി മാറ്റങ്ങളുമായാണ് ഹാൻസി ഫ്ലിക്ക് ഗെറ്റാഫെയ്ക്ക് എതിരേ ടീമിനെ അണിനിരത്തിയത്. സെന്റർ ബാക്കുകളായി എറിക് ഗാർസിയയും ക്രിസ്റ്റെൻസനും, ഫോർവേഡ് പൊസിഷനുകളിൽ ഡാനി ഓൾമോയും ഫെറാൻ ടോറസും ടീമിൽ ഇടം പിടിച്ചു.
ഗെറ്റാഫെയുമായി മുൻപ് നടന്ന കളികളുടെ പശ്ചാത്തലത്തിൽ പഴുതടച്ച ഒരു ലോബ്ലോക്ക് ഡിഫൻസിനെ മറികടക്കാൻ വേണ്ടി കഠിനപ്രയത്നം നടത്തേണ്ടി വരുന്ന ഒരു ബാഴ്സലോണ മാച്ച് ആണ് കാണേണ്ടി വരിക എന്നാണ് മിക്ക ആരാധകരും കരുതിയിരുന്നത്.
പക്ഷേ കളിയുടെ തുടക്ക ഘട്ടങ്ങൾ മുതൽ തന്നെ ഹൈ ഡിഫൻസീവ് ലൈൻ പ്രയോഗിച്ചുകൊണ്ട് മിഡ്ഫീൽഡിൽ ബാഴ്സലോണയെ തടുത്തു നിർത്താൻ ഉള്ള ശ്രമങ്ങളാണ് ഗെറ്റാഫെയിൽ നിന്നും കണ്ടത്. ന്യൂകാസിലിന് എതിരേ മിഡ്ഫീൽഡിൽ വ്യക്തമായി ആധിപത്യം സ്ഥാപിച്ച പെഡ്രിയും ഡി ജോങ്ങും അതേ താളത്തിൽ ഉള്ള കളി തന്നെ തുടക്കം മുതൽ പുറത്തെടുത്തു. ഇതിന്റെ കൂടെ ഒരു നാച്ചുറൽ No. 10 ആയ ഡാനി ഓൾമോയും ലെഫ്റ്റ് വിങ്ങിൽ കളിച്ച ഫെറാൻ ടോറസും കൂടുതൽ ഉള്ളിലേക്ക് ഇറങ്ങി മധ്യനിരയിലെ പാസ്സിങ് കോമ്പിനേഷനുകളിൽ പങ്കെടുത്തതും ബാഴ്സലോണയ്ക്ക് കളിയിൽ സമ്പൂർണ്ണ മേധാവിത്വം തന്നെ സമ്മാനിച്ചു.
മിഡ്ഫീൽഡിലെ പാസ്സിങ് നീക്കങ്ങൾ കൂടുതലും ഇടത് വശം കേന്ദ്രീകരിച്ചാണ് നടന്നതെങ്കിലും ബാഴ്സലോണയുടെ ആദ്യ ബ്രേക്ക്ത്രൂ പിറന്നത് 15-ആം മിനിറ്റിൽ വലത് വിങ്ങിൽ നിന്നുമാണ്. റാഫീഞ്ഞ വലത് വിങ്ങിൽ നിന്നും ബോക്സിനുള്ളിലേക്ക് നൽകിയ അളന്നു മുറിച്ച ഒരു ത്രൂ പാസ് ഡയഗണലായി ഓടിയെത്തിയ ഡാനി ഓൾമോ ഫസ്റ്റ് ടച്ചിൽ കൺട്രോൾ ചെയ്ത് ബാക്ക്‌ഹീൽ കൊണ്ട് തന്റെ പിന്നിലായി ബോക്സിലേക്ക് ഓടിയെത്തിയ ഫെറാൻ ടോറസിന്റെ പാതയിലേക്ക് തട്ടിക്കൊടുത്തു. തലയ്ക്ക് പിറകിൽ കണ്ണുകൾ ഉണ്ടെന്ന് തോന്നിപ്പിക്കും വിധം അക്യുറേറ്റ് ആയിരുന്നു ഓൾമോയുടെ ആ പാസ്സ്. ഫസ്റ്റ് ടച്ചിലൂടെ തന്നെ ഫെറാൻ ടോറസ് അത് ഗോൾ പോസ്റ്റിന്റെ വലത് മൂലയിലേക്ക് പായിച്ചു. തങ്ങളുടെ ബോക്സിൽ സംഭവിച്ചത് എന്താണ് എന്ന് ഗെറ്റാഫെ ഡിഫൻഡർമാർ തിരിച്ചറിഞ്ഞപ്പോഴേക്കും ബാഴ്സലോണ താരങ്ങളും ആരാധകരും ഗോൾ ആഘോഷങ്ങൾ തുടങ്ങിയിരുന്നു.
ബാഴ്സയുടെ നിരന്തരമായ അറ്റാക്കുകൾക്കിടയിൽ വീണുകിട്ടിയ 2 അവസരങ്ങളിൽ വലത് വിങ്ങിൽ കൂടെ കൗണ്ടർ അറ്റാക്ക് നടത്തി ഗെറ്റാഫെ ബാഴ്സ ബോക്സിൽ പ്രവേശിച്ചെങ്കിലും സ്ട്രൈക്കർമാർക്ക് കണിശതയോടെ ഫൈനൽ ബോൾ നൽകാൻ പറ്റിയില്ല. ഗെറ്റാഫെ ഫോർവേഡുകൾ ബാഴ്സലോണ സെന്റർ ബാക്കുകളെ വളരെ വിരളമായാണ് പ്രെസ്സ് ചെയ്തത്. ഇടയ്ക്ക് അവർ മുന്നോട്ട് ചാടിയപ്പോൾ ആകട്ടെ അവർ സൃഷ്ടിച്ച വിടവുകളിൽ സമർത്ഥമായി ഒഴുകിയെത്തിയ പെഡ്രി സെന്റർ ബാക്കുകളിൽ നിന്നും മാർക്ക് ചെയ്യപ്പെടാതെ പന്ത് സ്വീകരിച്ചുകൊണ്ട് എതിർ പകുതിയിൽ ബാഴ്സ മുന്നേറ്റങ്ങൾക്ക് തുടക്കമിട്ടു കൊടുത്തു.
ബോക്സിനു ഇടത് വശത്തായി മിഡ്ഫീൽഡ് പാസ്സിങ് കോമ്പിനേഷനുകളിലൂടെ ബാഴ്സലോണ എതിർ പ്രതിരോധത്തിൽ വിടവുകൾ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ ഡിഫൻസിൽ നിന്നും ക്രിസ്റ്റെൻസൻ കൂടി മുന്നോട്ടിറങ്ങി ഒരു എക്സ്ട്രാ പാസ്സിങ് ഓപ്ഷൻ ഉണ്ടാക്കിക്കൊടുത്തു. ഇത് ഇടത് വിങ്ങിൽ ബാഴ്സയ്ക്ക് ഗെറ്റാഫെ മധ്യനിരയ്ക്കും പ്രതിരോധത്തിനും മേലെ ഒരു താൽക്കാലിക മേൽക്കോയ്മ ഉണ്ടാക്കുകയും അത് മനസ്സിലാക്കിയ പെഡ്രി ഉടൻ തന്നെ ബോക്സിലേക്ക് ഡയഗണൽ റൺ നടത്തി ഓൾമോ നൽകിയ ത്രൂ പാസ് സ്വീകരിച്ചുകൊണ്ട് ഗോൾ ലൈനിനു സമാന്തരമായി നൽകിയ ഒരു ഫസ്റ്റ് ടൈം ലോ ക്രോസ്സ് ഏതാനും ഇഞ്ചുകൾക്കാണ് ലെവൻഡോവ്സ്കിക്ക് കണക്ട് ചെയ്യാൻ പറ്റാതെ പോയത്.
34-ആം മിനിറ്റിൽ ഗെറ്റാഫെക്ക് ലഭിച്ച ഒരു കോർണർ കിക്ക് അവസരം മുതലാക്കാൻ വേണ്ടി അവരുടെ സെന്റർ ബാക്കുകൾ ബാഴ്സ ബോക്സിൽ പൊസിഷൻ ചെയ്തിരിക്കുകയായിരുന്നു. കോർണർ ഡെലിവറി ബാഴ്സലോണ പ്രതിരോധിച്ച് പന്ത് ബോക്സിനു പുറത്തേക്ക് ക്ലിയർ ചെയ്തെങ്കിലും അറ്റാക്കിങ് മൊമന്റം നിലനിർത്താനായി ഗെറ്റാഫെ കളിക്കാർ ബാഴ്സ പകുതിയിൽ തന്നെ തുടർന്നു. ഗെറ്റാഫെയുടെ മിസ് പാസ്സിൽ നിന്നും കിട്ടിയ ഒരു ലൂസ് ബോൾ എറിക് ഗാർസിയ ക്ലിയർ ചെയ്തത് റാഫീഞ്ഞയ്ക്ക് കൃത്യമായ ഒരു പാസ്സായിട്ടാണ് ലഭിച്ചത്. തീർത്തും വിജനമായ ഗെറ്റാഫെ പകുതിയിൽ പന്ത് ലഭിച്ച റാഫീഞ്ഞ ഒരു ഫസ്റ്റ് ടച്ച് പാസ്സിലൂടെ ഫെറാൻ ടോറസിന് പന്ത് മറിച്ചു നൽകി. ബോക്സിനു പുറത്ത് നിന്നും പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് ഫെറാൻ ടോറസിന്റെ കൃത്യമായ ഒരു പ്ലേസ്‌ഡ് ഷോട്ട്. ബാഴ്സലോണ 2 ഗോളിന്റെ ലീഡ് നേടിയിരിക്കുന്നു.
42-ആം മിനിറ്റിൽ പെഡ്രി എന്ന മജിഷ്യനിൽ നിന്നും മറ്റൊരു മാസ്മരികതയ്ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. വലത് വിങ്ങിൽ നിന്ന് കൗണ്ടെ നൽകിയ പാസ് സ്വന്തം പകുതിയുടെ മധ്യത്തിലായി സ്വീകരിച്ച പെഡ്രിയെ ഉടൻ തന്നെ 2 ഗെറ്റാഫെ ഫോർവേഡുകൾ ഇരുഭാഗത്തുമായി വളഞ്ഞു. പന്തുമായുള്ള തന്റെ ഓട്ടം നിർത്താതെ തന്നെ ഒരു ദിശാ മാറ്റത്തിലൂടെ പെഡ്രി ബാഴ്സയുടെ പെനാൽറ്റി ബോക്സ് ലക്ഷ്യമാക്കി ഓടി തന്റെ ഡിഫൻഡർമാരിൽ ഒരാൾക്ക് ബാക്ക് പാസ് കൊടുക്കാൻ എന്ന ഭാവേന. എന്നാൽ ഓടുന്നതിനിടയിൽ തന്നെ പൊടുന്നനെ ഇടത്തോട്ടും വലത്തോട്ടും ശരീരം വെട്ടിച്ച് അതേ നീക്കത്തിൽ അര വട്ടം കറങ്ങി ഹാഫ് ലൈൻ ലക്ഷ്യമാക്കി കുതിച്ച പെഡ്രിയെ വിടാതെ പിന്തുടർന്ന ഡിഫൻഡർമാരുടെ ബാലൻസ് അപ്പോളേക്കും നഷ്ടപ്പെട്ടിരുന്നു. ഒരു ബാലെ ഡാൻസറിനെ അനുസ്മരിപ്പിക്കുന്ന ചാരുതയുള്ള നീക്കം എന്നാണ് കമന്റേറ്റർമാർ അതിനെ വിശേഷിപ്പിച്ചത്.
43-ആം മിനിറ്റിൽ സ്വന്തം പകുതിയിൽ ലഭിച്ച ഒരു ഫ്രീ കിക്ക് പെഡ്രി ഗെറ്റാഫെ ഡിഫൻസിന് മുകളിലൂടെ ഒരു ലോബ് പാസിന്റെ രൂപത്തിൽ ബോക്സിലേക്ക് റൺ നടത്തിയ ഫെറാൻ ടോറസിന് നൽകി. ഗോളി മാത്രം മുന്നിൽ നിൽക്കെ ഫെറാൻ അറ്റംപ്റ്റ് ചെയ്ത ഒരു പവർഫുൾ ഫിനിഷ് ക്രോസ്ബാറിൽ തട്ടി തെറിച്ചു. അവിസ്മരണീയമായ ഒരു ഫസ്റ്റ് ഹാഫ് ഹാട്രിക്ക് പൂർത്തിയാക്കാൻ ഉള്ള അവസരമാണ് ഫെറാനിന് തലനാരിഴയ്ക്ക് നഷ്ടപ്പെട്ടത്.
2-ആം പകുതിയുടെ തുടക്കത്തിൽ റാഫീഞ്ഞയ്ക്ക് പകരം റാഷ്‌ഫോർഡ് കളത്തിൽ ഇറങ്ങി. ഗെറ്റാഫെയുടെ ഏറ്റവും മികച്ച ഗോൾ അറ്റംപ്റ്റ് പിറന്നത് 48-ആം മിനിറ്റിലാണ്. ലൂയിസ് മില്ലയുടെ പാസ്സിൽ ഹാവിയർ മുയസ് ബോക്സിനുള്ളിൽ നിന്നും തൊടുത്ത വോളി ഫാർ പോസ്റ്റിനു തൊട്ടരികിലൂടെ പറന്നു പോയി.
61-ആം മിനിറ്റിൽ ഫെറാനിനും ഡി ജോങ്ങിനും പകരമായി ഫെർമിൻ ലോപ്പസും കാസഡോയും കളത്തിൽ ഇറങ്ങി. 62-ആം മിനിറ്റിൽ കാസഡോയുടെ ഒരു മനോഹരമായ ലോബ് പാസ്സിലൂടെ ഗെറ്റാഫെ ഡിഫൻസിനു മുകളിലൂടെ വലത് വിങ്ങിൽ നിന്നും കുതിച്ചു കൊണ്ടിരുന്ന റാഷ്‌ഫോർഡിന് പന്ത് ലഭിച്ചു. ബൈ ലൈൻ വരെ പന്തുമായി ഡ്രൈവ് ചെയ്ത് ബോക്സിലേക്ക് കയറിയ റാഷ്‌ഫോർഡ് കൃത്യമായ കണക്കുകൂട്ടലോടെ ബോക്സിലേക്ക് കടന്നു കയറിയ ഓൾമോയ്ക്ക് ഒരു സ്ക്വയർ പാസ്സ് നൽകി. ഓൾമോയുടെ ഒരു സ്വീപ്പിങ് ഫിനിഷിൽ പന്ത് പോസ്റ്റിന്റെ വലത് മൂലയിൽ പോയി തറച്ചു നിന്നു. 3-0 ബാഴ്സലോണ.
2 ഗോളിന് പിന്നിൽ നിന്നിട്ടും ഗെറ്റാഫെ ഹൈ ഡിഫൻസീവ് ലൈൻ സ്വീകരിച്ചതും, പക്ഷെ അതിനെ പിന്തുണയ്ക്കാൻ ഫോർവേഡുകൾ പ്രെസ്സ് ചെയ്യാതെ കാസഡോയ്ക്ക് കൃത്യമായി റാഷ്‌ഫോർഡിനെ കണ്ടെത്താൻ ഉള്ള പാസ് നൽകാൻ ഉള്ള സമയവും ഇടവും അനുവദിച്ചു കൊടുത്തതിൽ നിന്നുമാണ് ബാഴ്സയുടെ മൂന്നാം ഗോൾ പിറന്നത്.
68-ആം മിനിറ്റിൽ വലത് വിങ്ങിലെ ടച്ച് ലൈനിൽ നിന്നും പന്ത് സ്വീകരിച്ച മാർക്കസ് റാഷ്‌ഫോർഡ് ഡയഗണലായി പന്തുമായി ഡ്രൈവ് ചെയ്തുകൊണ്ട് 2 ഡിഫൻഡർമാരിൽ നിന്നും പന്ത് സംരക്ഷിച്ചു ബോക്സിന്റെ അറ്റത്ത് നിന്നും തൊടുത്ത ഒരു കിടിലൻ ഷോട്ട് തടയാൻ ഗോൾകീപ്പർക്ക് ഒരു ഫുൾ ലെങ്ത് ഡൈവ് ചെയ്യേണ്ടി വന്നു.
കളം നിറഞ്ഞു കളിക്കുകയും, മിഡ്ഫീൽഡിൽ കളി നിയന്ത്രിക്കുകയും, അസംഖ്യം ഫോർവേഡ് പാസ്സുകളിലൂടെ ബാഴ്സലോണ അറ്റാക്കുകൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത പെഡ്രിയുടെ മൈതാനത്തിലെ അവസാന സംഭാവന മനോഹരമായ രീതിയിൽ ഗെറ്റാഫെ മിഡ്ഫീൽഡറുടെ പിന്നിൽ നിന്നും അയാളിലേക്ക് കൃത്യമായി എത്തിച്ചേർന്ന ഒരു ഹൈ ബോൾ അയാൾക്ക് ചിന്തിക്കാൻ പോലും അവസരം കൊടുക്കാതെ വരുതിയിലാക്കി പൊസെഷൻ റീസൈക്കിൾ ചെയ്ത ഒരു മൂവ് ആയിരുന്നു. പെഡ്രിയുടെ പന്തിൻമേലുള്ള വളരെ പ്രകടമായ കഴിവുകളോളം തന്നെ ലോകോത്തര നിലവാരം പുലർത്തുന്നത് തന്നെയാണ് സ്വന്തം ടീമിന്റെ കൈയിൽ പന്ത് ഇല്ലാത്തപ്പോഴും ഉള്ള അയാളുടെ നീക്കങ്ങൾ. ഒരുപക്ഷേ അത് അത്ര കണ്ടു ശ്രദ്ധിക്കപ്പെടുന്നില്ല എന്ന് മാത്രം.
ബാഴ്സലോണ ഡിഫൻസിൽ എടുത്തു പറയേണ്ട 2 പേരാണ് എറിക് ഗാർസിയയും ജൂൾസ് കൗണ്ടെയും.ഗാർസിയ സമർത്ഥമായ പൊസിഷനിങ്ങിലൂടെ പല തവണ ഗെറ്റാഫെ സ്ട്രൈക്കേഴ്സിന് ലഭിക്കേണ്ടിയിരുന്ന പാസ്സുകൾ ഇന്റർസെപ്റ്റ് ചെയ്തുകൊണ്ടും, ബാഴ്സ അറ്റാക്കുകൾ ഗെറ്റാഫെ ബോക്സിൽ നിന്നും ക്ലിയർ ചെയ്യപ്പെടുമ്പോൾ കൃത്യമായി പന്തിന്റെ ഗതി മുൻകൂട്ടി കണ്ട് അവിടേക്ക് ഓടിയെത്തി അടുത്ത അറ്റാക്കിന് തുടക്കമിടുകയും ചെയ്തുകൊണ്ട് ഒരു കംപ്ലീറ്റ് ഡിഫൻസീവ് പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.
കൗണ്ടെ ആയിരുന്നു ബാഴ്സ പിൻനിരയിലെ ഏറ്റവും ഫിസിക്കൽ ഗെയിം കളിച്ച ഡിഫൻഡർ. എതിരാളികളുടെ ആക്രമണങ്ങളെ തടയാൻ തന്റെ ശരീരം ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തിയും സ്ലൈഡിങ് ടാക്കിളുകളിലൂടെ ബോൾ നേടിയെടുത്തും, അനവധി ഏരിയൽ ഡ്യുവലുകൾ വിജയിച്ചും കൗണ്ടെ ഒരു ഡൈനാമിക് ഡിഫൻഡറുടെ വേഷം ഭംഗിയായി നിർവ്വഹിച്ചു. റാഫീഞ്ഞയുമായി കംബൈൻ ചെയ്തുകൊണ്ട് എതിർഗോൾ മുഖത്തേക്ക് നടത്തിയ പവർ റണ്ണുകളും ടേക്ക് ഓണുകളും കൊണ്ട് ബാഴ്സയുടെ ആക്രമണ നീക്കങ്ങളിലും കൗണ്ടെ നിറഞ്ഞ സാന്നിധ്യം ആയിരുന്നു.