പത്തുപേരുമായി പൊരുതി ജയം പിടിച്ച് ബാഴ്‌സ; പിഎസ്ജിയെ തകർത്ത് ലിവർപൂൾ

22ാം മിനിറ്റിൽ കുബാർസിക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചാണ് ബാഴ്‌സ ജയം പിടിച്ചത്.

Update: 2025-03-06 04:58 GMT
Editor : Sharafudheen TK | By : Sports Desk

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണക്കും ലിവർപൂളിനും ബയേൺ മ്യൂണികിനും ജയം. ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് ബെനഫികയെ തോൽപിച്ചു. ലിസ്ബനിലെ ബെനഫിക തട്ടകത്തിൽ നടന്ന പ്രീക്വാർട്ടർ ആവേശ പോരാട്ടത്തിൽ 61ാം മിനിറ്റിൽ റഫീഞ്ഞയാണ് കറ്റാലൻ ക്ലബിനായി വലകുലുക്കിയത്. 22ാം മിനിറ്റിൽ പൗ കുബാർസിക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചാണ് ബാഴ്‌സ ജയം പിടിച്ചത്. ഗോൾകീപ്പർ ഷെസ്‌നിയുടെ മികച്ച സേവുകളും ടീമിന് രക്ഷയായി.

 മറ്റൊരു മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ലിവർപൂളിനോട് തോറ്റ് പി.എസ്.ജി. പകരക്കാരനായി ഇറങ്ങിയ ഹാവി എലിയറ്റ് 87ാം മിനിറ്റിൽ നേടിയ ഗോളിലാണ് ചെമ്പട ആദ്യപാദത്തിൽ മുന്നേറിയത്.(1-0). 27 ഷോട്ടുകളാണ് പി.എസ്.ജി ഉതിർത്തത്. ലക്ഷ്യത്തിലേക്ക് 10 തവണയാണ് നിറയൊഴിച്ചത്. എന്നാൽ പോസ്റ്റിന് മുന്നിൽ വൻമതിലായി നിന്ന ബ്രസീലയൻ ഗോൾകീപ്പർ അലിസൻ ബെക്കറിന്റെ അത്യുഗ്രൻ സേവുകൾ ലിവർപൂളിന്റെ രക്ഷക്കെത്തി. മറുഭാഗത്ത് ലക്ഷ്യത്തിലേക്ക് ഒറ്റതവണ മാത്രം ഷോട്ടുതിർത്ത ലിവർപൂൾ അത് ഗോളാക്കുകയും ചെയ്തു.

ജർമൻ ക്ലബുകളുടെ ബലാബലത്തിൽ ബയേർ ലെവർകൂസനെ വീഴ്ത്തി ബയേൺ മ്യൂണിക്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. ബയേണിനായി ഹാരി കെയിൻ(9,75) ഇരട്ട ഗോൾ നേടി. ജമാൽ മുസിയാല(54)യാണ് മറ്റൊരു ഗോൾ സ്‌കോറർ. 62ാം മിനിറ്റിൽ ലെവർകൂസൻ താരം നോർഡി കുകെയിലക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ പത്തുപേരായാണ് ലെവർകൂസൻ കളിച്ചത്

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News