ജാവോ പെഡ്രോ മുതൽ ഇഗോർ ജീസസ് വരെ; ബ്രസീലിൽ അവസരം കാത്ത് യങ് താരനിര

ക്ലബ് ലോകകപ്പിന് പിന്നാലെ നിരവധി ഓപ്ഷനുകളാണ് കാർലോ ആഞ്ചലോട്ടിക്ക് മുന്നിലെത്തിയത്.

Update: 2025-07-19 17:02 GMT
Editor : Sharafudheen TK | By : Sports Desk

  പരിക്കിൽ നിന്ന് മോചിതനായെത്തി 90 മിനിറ്റും കളത്തിൽ നിറഞ്ഞ് സൂപ്പർതാരം നെയ്മർ... ഫിഫ ക്ലബ് ലോകകപ്പിൽ പോരാട്ടവീര്യം പുറത്തെടുത്ത് ഫ്ളുമിനെൻസും ബൊട്ടഫോഗോയും ഫ്ളമെംഗോയും പാൽമെറസും... ലോക വേദിയിൽ വരവറിയിച്ച് ജാവോ പെഡ്രോയും ഇഗോർ ജീസസും എസ്റ്റാവോ വില്യനും ആന്ദ്രെ സാന്റോസുമടങ്ങിയ യുവ തുർത്തികൾ. 41ാം വയസിലും കത്തിപ്പടരുന്ന തിയാഗോ സിൽവ... കഴിഞ്ഞ ഏതാനും ആഴ്ചകളായി ബ്രസീലിയൻ ഫുട്ബോളിൽ പോസിറ്റീവ് വാർത്തകളുടെ ഘോഷയാത്രയാണ്. 2026 ഫുട്ബോൾ ലോകകപ്പിന്റെ ഡ്രസ് റിവേഴ്സൽ അമേരിക്കൻ മണ്ണിൽ പൂർത്തിയാകുമ്പോൾ കാനറികൾ ചില സൂചനകൾ നൽകി കഴിഞ്ഞു... കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ ഞങ്ങൾ തയാറെടുപ്പിലാണെന്ന കൃത്യമായ സിഗ്‌നൽ.

Advertising
Advertising



 ഏറെ നാളായി ആരാധകർ കാണാൻ ആഗ്രഹിച്ച നിമിഷം... ഇന്നലെ എസ്റ്റാഡിയോ സ്റ്റേഡിയത്തിൽ ഫ്ളമെങ്ങോക്കെതിരെ സാന്റോസിനായി നെയ്മർ പന്തുതട്ടുമ്പോൾ ആരാധകർ ആവേശത്തിന്റെ പാരമ്യത്തിലായിരുന്നു. ഡ്രിബ്ലുളുകളും എതിർ പ്രതിരോധത്തെ കീറിമുറിച്ചുള്ള പാസുകളുമായി അയാൾ പ്രതിഭയുടെ മിന്നലാട്ടങ്ങൾ കാണിക്കുമ്പോൾ ഫുട്ബോൾ ആരാധകർക്ക് ഒരേയൊരു പ്രാർത്ഥനയായിരുന്നു. ഇനിയും പരിക്ക് വില്ലനായി എത്തരുതേയെന്ന്. ഒടുവിൽ ആവേശപോരാട്ടത്തിനൊടുവിൽ 84ാം മിനിറ്റിൽ നെയ്മറിന്റെ ഗോളിൽ മത്സരം സ്വന്തമാക്കി സാന്റോസ്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമാണ്് 90 മിനിറ്റും 33 കാരൻ കളത്തിൽ നിറയുന്നതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു. അവിടെയും തീരുന്നില്ല കാര്യങ്ങൾ. ഈ ഗോൾനേട്ടത്തോടെ കരിയറിൽ 700 ഗോൾ കോൺഡ്രിബ്യൂഷൻ എന്ന നാഴികക്കല്ലും നെയ്മർ പിന്നിട്ടു. 732 മത്സരങ്ങളിൽ 443 ഗോളും 286 അസിസ്റ്റുമായി അയാൾ ജൈത്രയാത്ര തുടരുകയാണ്.



  ജാവോ പെഡ്രോ. 691 കോടിയുടെ ട്രാൻസ്ഫർ ഡീലിൽ ബ്രൈട്ടനിൽ നിന്ന് ചെൽസി സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിച്ച താരം. ക്ലബ് ലോകകപ്പിനിടെ നടത്തിയ ഈ നീക്കം ഇംഗ്ലീഷ് ക്ലബിൽ വലിയ ഇംപാക്ടാണുണ്ടാക്കുന്നതാണ് പിന്നീട് ഫുട്ബോൾ ലോകം കണ്ടത്. സെമിയിൽ ഫ്ളുമിനെൻസിനെതിരെ 23 കാരൻ നേടിയ ഇരട്ടഗോളാണ് ബ്ലൂസിന് ഫൈനലിലേക്കുള്ള വഴിതെളിയിച്ചത്. പിഎസ്ജിക്കെതിരായ കലാശപ്പോരാട്ടത്തിലും ആ ബൂട്ട് ചെൽസിയുടെ രക്ഷക്കെത്തി. ഡീഗോ കോസ്റ്റക്ക് ശേഷം ചെൽസി നിരയിലെത്തിയ ക്ലിനിക്കൽ ഫിനിഷറെ ലഭിച്ചതായി ചെൽസി ആരാധകരും പറഞ്ഞുതുടങ്ങി. ബ്രസീൽ ദേശീയ ടീമിൽ ജാവോ പെഡ്രോ നിലവിൽ സ്ഥിരസാന്നിധ്യമല്ലെങ്കിലും ഈ ഫോമിൽ താരത്തെ മാറ്റിനിർത്താൻ ആഞ്ചലോട്ടി തയാറായേക്കില്ല. മികച്ചൊരു സ്ട്രൈക്കറെ തിരയുന്ന ഇറ്റാലിയൻ കോച്ചിന് മികച്ച ഓപ്ഷനാണ് ഈ 23 കാരൻ. റിച്ചാലിസൻ, മതേയൂസ് കുന്യയടക്കമുള്ള ഓപ്ഷനുകൾ കാർലോക്ക് മുന്നിലുണ്ടെങ്കിലും പെഡ്രോയും ഇതിനകം ക്ലെയിം ഉന്നയിച്ചു കഴിഞ്ഞു. ഫോൾസ് നയനായി വിന്യസിക്കുന്നത് പുറമെ ലെഫ്റ്റ് വിംഗറായും സെക്കന്റ് സ്ട്രൈക്കറായും അറ്റാക്കിങ് മിഡ്ഫീൽഡറായുമെല്ലാം താരത്തെ കളിപ്പിക്കാനാവുമെന്നത് കോച്ചിന് അനുകൂലഘടകമാണ്. 2023 മുതൽ സീനിയർ ടീമിൽ കളിച്ച ജാവോ പെഡ്രോ ഇതുവരെ മൂന്ന് മാച്ചിലാണ് ജഴ്സിയണിഞ്ഞത്.



  കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇഗോർ ജീസസിന് ദേശീയ ടീമിലേക്കുള്ള ആദ്യവിളിയെത്തിയത്. ഫിഫ ക്ലബ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിക്കെതിരെ ഗോൾനേടി വരവറിയിച്ചെങ്കിലും അന്നത്തെ ബ്രസീൽ കോച്ച് ഫെർണാണ്ടോ ഡിനിച്ചിന്റെ പ്ലാനിൽ ഇടംലഭിക്കാതെ പലപ്പോഴും തഴയപ്പെട്ടു. ആഞ്ചലോട്ടിയെത്തിയപ്പോഴും 24 കാരൻ ഫോർവേഡ് പ്രൈം ടാർഗെറ്റായിരുന്നില്ല. എന്നാൽ ക്ലബ് ലോകകപ്പ് ഇഗോർ ജീസസിന്റെ കരിയർ മാറ്റിമറിക്കുന്നതായി. ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിയൻ ക്ലബ് ബൊട്ടഫോഗോ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിയെ അട്ടിമറിക്കുമ്പോൾ, മത്സരത്തിലെ ഏക ഗോൾ നേടിയത് ഇഗോർ ജീസസായിരുന്നു. ബ്രസീലിയൻ ക്ലബ് ടൂർണമെന്റിൽ നേടിയ മൂന്ന് ഗോളിൽ രണ്ടും ഇഗോർ ജീസസിന്റെ വകയായിരുന്നു. അടുത്ത സീസണിൽ ഇംഗ്ലീഷ് ക്ലബ് നോട്ടിങ്ഹാം ഫോറസ്റ്റിനായി പന്തുതട്ടാനൊരുങ്ങുകയാണ് ഈ ബ്രസീലിയൻ. 138 കോടിക്കാണ് നോട്ടിങ്ഹാം ബൊട്ടഫോഗോയിൽ നിന്ന് താരത്തെ റാഞ്ചിയത്.



  നിലവിൽ ആഞ്ചലോട്ടി സ്‌ക്വാർഡിലുള്ള എസ്റ്റാവോ വില്യനും ആന്ദ്രെ സാന്റോസിനും വലിയ എക്സ്പീരിയൻസായിരുന്നു ക്ലബ് ലോകകപ്പ്. പാൽമെറാനിയി കളത്തിലിറങ്ങിയ എസ്റ്റാവോ ചെൽസിക്കെതിരെ സ്റ്റണ്ണിങ് ഗോളുമായി ശ്രദ്ധനേടിയിരുന്നു. ഇതിനകം ബ്ലൂസുമായി കരാറിലെത്തിയ 18 കാരൻ വിംഗർ വരും സീസണിൽ എൻസോ മരെസ്‌ക ടാക്റ്റിക്സിലെ പ്രധാന താരമായാണ് വിലയിരുത്തപ്പെടുന്നത്. മധ്യനിര താരം ആന്ദ്രെ സാന്റോസും ചെൽസിക്കായി മികച്ച പ്രകടനമാണ് ക്ലബ് ലോകകപ്പിൽ പുറത്തെടുത്തത്. 2023 മുതൽ ചെൽസിയുമായി കരാറിലെത്തിയ 21 കാരൻ കഴിഞ്ഞ സീസണിൽ സ്ട്രാസ്ബർഗിലേക്ക് ലോണിൽപോകുകയായിരുന്നു..


  41ാം വയസിലും ക്ലബ് ലോകകപ്പിൽ ഫ്ളുമിനെൻസിനായി പ്രതിഭക്കൊത്ത പ്രകടനമാണ് തിയാഗോ സിൽവ പുറത്തെടുത്തത്. ബ്രസീലിയൻ ക്ലബിനെ സെമിവരെയെത്തിക്കുന്നതിൽ നിർണായ റോൾ. അടുത്തവർഷം നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് അവകാശവാദമുന്നയിക്കുന്ന കൃത്യമായ സ്റ്റേറ്റ്മെന്റ് കൂടിയായിരുന്നു ഈ പ്രകടനം. ക്ലബ് ലോകകപ്പോടെ നിരവധി ഓപ്ഷനുകളാണ് കാർലോ ആഞ്ചലോട്ടിക്ക് മുന്നിലേക്കെത്തിയത്. ഓരോ പൊസിഷനിലേക്കും താരങ്ങളുടെ വലിയൊരു നിര. എക്സ്പീരിയൻസിനൊപ്പം യങ് ടാലന്റുകളെ അണിനിരത്തി റയലിൽ തീർത്ത ആ വിജയസമവാക്യം ബ്രസീലിനൊപ്പവും ഇറ്റാലിയൻ പരിശീലകന് തുടരാനാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News