ബ്രൂണോ ഫെര്‍ണാണ്ടസിന് ഹാട്രിക്, നാല് അസിസ്റ്റുമായി പോള്‍ പോഗ്ബ; രാജകീയമായി തുടങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

17 മാസത്തിന് ശേഷം ആദ്യമായാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പന്തു തട്ടുന്നത്

Update: 2021-08-14 15:00 GMT
Editor : ubaid | By : Web Desk

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലീഡ്സിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഹാട്രികിന്റെ പിന്‍ബലത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ലീഡ്സിനെ തകര്‍ത്താണ് മാഞ്ചസ്റ്റര്‍ തുടങ്ങിയത്. 

കഴിഞ്ഞ സീസണില്‍ ലീഡ്സിനെ 6-2ന് പരാജയപ്പെടുത്തിയിരുന്നെങ്കിലും മാഞ്ചസ്റ്ററിന്റെ കളി ഇന്നത്തേത് കുറച്ചുകൂടി ആധികാരികമായിരുന്നു. നാല് അസിസ്റ്റുമായി പോള്‍ പോഗ്ബ കളം നിറഞ്ഞ് കളിച്ചു. കഴിഞ്ഞ സീസണില്‍ ആകെ മൂന്ന് അസിസ്റ്റ് മാത്രമായിരുന്നു പോഗ്ബയുടെ സമ്പാദ്യം. 17 മാസത്തിന് ശേഷം ആദ്യമായാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പന്തു തട്ടുന്നത്.

Advertising
Advertising

കളി തുടങ്ങി അരമണിക്കൂര്‍‌ പിന്നിടുമ്പോഴായിരുന്നു ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ആദ്യ ഗോള്‍. രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റ് പിന്നിടുമ്പോള്‍ ലൂക്ക് ഐലിന്‍ ലീഡ്സിന് സമനില ഗോള്‍ നേടിക്കൊടുത്തെങ്കിലും മാഞ്ചസ്റ്റര്‍ തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് മിനുട്ടുകൾക്ക് അകം യുണൈറ്റഡ് ലീഡ് തിരികെയെടുത്തു. ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് പോൾ പോഗ്ബ ഗ്രീൻവുഡിന് പാസ് നല്‍കി. പന്തുമായി കുതിച്ച ഗ്രീൻവുഡ് ഇടം കാലൻ ഷൂട്ടിലൂടെ യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടി. രണ്ടു മിനുട്ടിനകം യുണൈറ്റഡ് മൂന്നാം ഗോളും നേടി. ഇത്തവണയും പോഗ്ബയുടെ പാസാണ് ലീഡ്സ് ഡിഫൻസിനെ പരാജയപ്പെടുത്തിയത്.


മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് തുടർന്നു‌ 59ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക്ക് ഗോൾ പിറന്നു. ഇത്തവണ ലിൻഡെലോഫിന്റെ ഒരു ലോംഗ് പാസ് ആണ് ബ്രൂണോയെ ഗോള്‍ കണ്ടെത്താന്‍ സഹായിച്ചത്. സ്കോർ 4-1. 69ആം മിനുട്ടിൽ പോഗ്ബയുടെ അസിസ്റ്റില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം ഗോൾ നേടി. പോഗ്ബ നൽകിയ പാസ് ഫസ്റ്റ് ടച്ചിൽ ഫ്രെഡ് വലയിലേക്ക് എത്തിച്ചു. സ്കോർ 5-1. 73ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോര്‍ഡ് സൈനിംഗ് ആയ സാഞ്ചോ കളത്തിൽ ഇറങ്ങി‌. 


Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News