'കൊറിയൻ ഗോളിന് റൊണാൾഡോയുടെ അസിസ്റ്റ്'; സമൂഹമാധ്യമങ്ങളിൽ പരിഹാസം

ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെതിരെ ദക്ഷിണ കൊറിയ നേടിയ ആദ്യം ഗോളിനെച്ചൊല്ലിയാണ് ട്രോളുകൾ

Update: 2022-12-02 18:37 GMT
Advertising

ദോഹ:ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെതിരെ ദക്ഷിണ കൊറിയ നേടിയ ആദ്യ ഗോളിനെച്ചൊല്ലി ക്രിസ്റ്റിയാനേ റൊണാൾഡോക്കെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസം. മത്സരത്തിൽ പോർച്ചുഗൽ ഒരു ഗോളിന് ലീഡ് ചെയ്തു നിൽക്കേ കൊറിയക്ക് ലഭിച്ച കോർണർ എടുത്തപ്പോൾ റൊണാൾഡോയുടെ ചുമലിൽ തട്ടി പന്ത് കിം യങ് ഗോണിന് ലഭിക്കുകയായിരുന്നു. പന്ത് ലഭിച്ചതും തകർപ്പൻ വോളിയിലൂടെ കൊറിയൻ താരം പോർച്ചുഗലിന്റെ വല കുലുക്കി. മത്സരത്തിന്റെ 27ാം മിനുട്ടിലായിരുന്നു ഗോൾ പിറന്നത്. ഇതോടെ സമനില പിടിച്ച കൊറിയ രണ്ടാം പകുതിയുടെ അധിക സമയത്ത് വീണ്ടും ഗോൾ നേടിയതോടെ വിജയിക്കുകയും പ്രീക്വാർട്ടറിലെത്തുകയും ചെയ്തു.

നേരത്തെ യുറുഗ്വായ്ക്കെതിരായ മത്സരത്തിലെ ആദ്യ ഗോൾ ക്രിസ്റ്റിയാനേയുടെ പേരിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ട് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ രംഗത്ത് വന്നിരുന്നു. ഗോൾ ക്രിസ്റ്റിയാനോയുടേതാണെന്ന് വ്യക്തമാക്കുന്ന തെളിവുകളടക്കം ഫിഫയ്ക്ക് പരാതി നൽകുമെന്ന് ഫെഡറേഷൻ അറിയിക്കുകയായിരുന്നു. എന്നാൽ, സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഗോൾ ബ്രൂണോയുടേതാണെന്നാണ് ഫിഫ വ്യക്തമാക്കിയിരുന്നത്. ഈ വിവാദം കൂടി മുൻനിർത്തിയാണ് ക്രിസ്റ്റിയാനേക്കെതിരെ സമൂഹ മാധ്യമങ്ങളൽ പരിഹാസം.

ബ്രൂണോ ഫെർണാണ്ടസിന്റെ കാലിൽനിന്ന് പിറന്ന ആദ്യ ഗോളിനെച്ചൊല്ലിയാണ് വിവാദമുണ്ടായത്. ബോക്‌സിലേക്ക് ബ്രൂണോ ഉയർത്തി നൽകിയ പന്ത് യുറുഗ്വായ് പ്രതിരോധം കടന്നു പോസ്റ്റിലെത്തും മുൻപ് ബോക്‌സിനകത്ത് ക്രിസ്റ്റ്യാനോ തലവച്ചിരുന്നു. ഗോളിനു പിന്നാലെ ക്രിസ്റ്റ്യാനോ ആഘോഷവും തുടങ്ങി. ഫിഫയടക്കം ഗോൾ ക്രിസ്റ്റിയാനോയുടെ പേരിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, പിന്നീട് സാങ്കേതിക പരിശോധനയിൽ പന്തിൽ ക്രിസ്റ്റ്യാനോയുടെ തല തട്ടിയില്ലെന്നു വ്യക്തമാകുകയും ബ്രൂണോയുടെ പേരിലേക്ക് ഗോൾ മാറ്റുകയുമായിരുന്നു.

ഗോളടിച്ചത് ക്രിസ്റ്റിയാനോ തന്നെയാണെന്നാണ് താനും കരുതിയതെന്നാണ് മത്സരശേഷം ബ്രൂണോ പ്രതികരിച്ചത്. ക്രിസ്റ്റ്യാനോയുടെ ഗോളെന്ന നിലയ്ക്കാണ് താനും ആഘോഷിച്ചത്. ക്രിസ്റ്റിയാനോ പന്തിൽ ടച്ച് ചെയ്തിട്ടുണ്ടെന്നാണ് കരുതിയതെന്നും ബ്രൂണോ വെളിപ്പെടുത്തി.

അതേസമയം, ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് പോർച്ചുഗലിനെതിരെ ദക്ഷിണ കൊറിയ ഇന്ന് വിജയിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ അധികസമയത്താണ് പോർച്ചുഗലിന് ഇൻജുറിയേറ്റത്. 91ാം മിനുട്ടിൽ ഹവാങ് ഹീ ചാനാണ് കൊറിയയുടെ രണ്ടാം ഗോൾ നേടിയത്. ഇതോടെ പോർച്ചുഗലും ദക്ഷിണ കൊറിയയും പ്രീക്വാർട്ടറിലെത്തി. അതേസമയം, ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ ഘാനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുറുഗ്വായ് തോൽപ്പിച്ചു. ആദ്യപകുതിയിൽ അരാസ്‌കെയ്റ്റയുടെ ഇരട്ടഗോളുകളാണ് യുറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്. പോർച്ചുഗൽ-ദക്ഷിണകൊറിയ മത്സരത്തിൽ കൊറിയ ജയിച്ചതോടെ ഘാനയും യുറുഗ്വായും പ്രീക്വാർട്ടർ കാണാതെ പുറത്തായി.

മത്സരത്തിൽ ആദ്യം ലീഡെടുത്തിട്ടും പോർച്ചുഗലിന് വിജയിക്കാനോ ലീഡ് നിലനിർത്താനോ കഴിഞ്ഞില്ല. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ പോർച്ചുഗലാണ് ആദ്യം വലകുലുക്കിയത്. വിങ്ങ് പ്ലയറായ റിക്കാർഡോ ഹോർത്തയാണ് ഗോൾ നേടിയത്. ഡലോട്ട് നൽകിയ പാസാണ് കട്ട് ചെയ്തു ഹോർത്ത ഗോളാക്കി മാറ്റിയത്. 27-ാം മിനിറ്റിൽ കിം യങ് ഗൗണിലൂടെയായിരുന്നു കൊറിയയുടെ തിരിച്ചടി. കോർണർ കിക്കിൽ റൊണാൾഡോയുടെ പിഴവിലൂടെ ലഭിച്ച അവസരം ഗൗൺ ഗോളാക്കി മാറ്റുകയായിരുന്നു.

ഇരു ടീമുകളുടേയും ലൈനപ്പ്

പോർച്ചുഗൽ: ക്രിസ്റ്റാന്യോ റൊണാൾഡോ, ഹോർത്ത, മാരിയോ, വിട്ടിൻഹ, നെവസ്്, നുനസ്, കാൻസലോ, പെപ്പെ, സിൽവ, ദലോട്ട്, കോസ്റ്റ.

ദക്ഷിണ കൊറിയ: ജി.എസ് ചോ, ജെ. ലീ, എച്ച്. സൺ, കെ. ലീ, ഐ. ഹ്വാങ്, ഡ്ബ്ലൂ ജങ്, എം.എച്ച് കിം, കെ. കൗൺ, വൈ. കിം, ജെ. കിം, എസ്.കിം.

Cristiano Ronaldo mocked on social media for assisting South Korea's first goal against Portugal

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News