'ഇത് ഞങ്ങളുടെ ഗെയിം, അവരുടേതല്ല'; ചുവപ്പ് കാർഡ് റദ്ദാക്കിയതിൽ ഫിഫക്കും ട്രംപിനുമെതിരെ ക്ലോപ്പ്
അച്ചടക്ക തീരുമാനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നത് സംശയത്തിന് ഇടയാക്കുമെന്നും മുൻ ലിവർപൂൾ കോച്ച് വ്യക്തമാക്കി
സിയാറ്റിൽ: അമേരിക്കൻ താരം ഫൊളാറിൻ ബഗോഗണിന് ലഭിച്ച ചുവപ്പ് കാർഡ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് ഒഴിവാക്കിയ സംഭവത്തിൽ ഫുട്‌ബോൾ ലോകത്ത് ചർച്ചകൾ ചൂടുപിടിക്കുന്നു. മുൻ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ് സംഭവത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയേയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും വിമർശിച്ച് രംഗത്തെത്തി. ഫുട്‌ബോൾ അച്ചടക്ക തീരുമാനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നത് സംശയത്തിന് ഇടയാക്കുമെന്ന് ജർമൻ കോച്ച് വ്യക്തമാക്കി.
ഫുട്‌ബോൾ നമ്മുടെ കളിയാണെന്നും അതിനെ കുറിച്ച് യാതൊരു അറിവുമില്ലാത്ത രണ്ട് പേർക്ക് ഇടപെടാൻ യാതൊരു അവകാശവുമില്ലെന്ന് ക്ലോപ്പ് പറഞ്ഞു. ' ബലോഗൻ ആ ഫൗൾ മനഃപൂർവ്വം ചെയ്തതാവില്ല, പക്ഷെ നിയമം അങ്ങനെയാണ്. ഫുട്‌ബോളിനെ കുറിച്ച് യാതൊരു അറിവുമില്ലാത്ത രണ്ട് പേർക്ക് ഇതിൽ ഇടപെടാൻ അവകാശവുമില്ല'- അദ്ദേഹം പറഞ്ഞു.
ലോകകപ്പ് പ്രീ-ക്വാർട്ടർ മത്സരത്തിൽ അമേരിക്കൻ സ്‌ട്രൈക്കർക്ക് അവസരം ലഭിക്കുന്നതിനായി ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോയെ ഫോണിൽ ബന്ധപ്പെട്ടതായി ട്രംപ് പരസ്യമായി സമ്മതിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ ഫിഫ ഈ സസ്‌പെൻഷൻ പിൻവലിച്ചതോടെ ബെൽജിയത്തിനെതിരെ ബലോഗൺ കളത്തിലിറങ്ങുകയും ചെയ്തു. എന്നാൽ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബെൽജിയം വിജയം സ്വന്തമാക്കിയിരുന്നു. ടെലിവിഷൻ അഭിമുഖത്തിനിടെയാണ് ഫിഫയേയും ട്രംപിനേയും വിമർശിച്ച് ക്ലോപ് രംഗത്തെത്തിയത്.
ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്പെൻഷൻ പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചതോടെയാണ് താരം പ്രീ ക്വാർട്ടറിൽ ഇറങ്ങിയത്. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഫിഫയ്ക്ക് മുന്നിലേക്ക് കൂടുതൽ പരാതികൾ വരുന്നതായും റിപ്പോർട്ടുകളുണ്ട്. പരാഗ്വായ്‌ക്കെതിരായ മത്സരത്തിലെ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കണമെന്ന് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ക്വാർട്ടറിൽ ഒരു മഞ്ഞക്കാർഡ് കൂടി ലഭിച്ചാൽ ഫ്രാൻസ് സെമിയിലേക്ക് മുന്നേറിയാൽ താരത്തിന് ഇറങ്ങാനാവില്ല.