നാടകീയം; അവസാന മത്സരത്തില്‍ കളിക്കാനിറങ്ങും മുമ്പേ പിക്വെക്ക് റെഡ് കാര്‍ഡ്

മത്സരത്തിൽ രണ്ട് മഞ്ഞക്കാർഡ് കണ്ട് ബാഴ്സ സ്ട്രൈക്കര്‍ റോബർട്ടോ ലെവന്റോവ്‌സ്കിയും പുറത്തായി

Update: 2022-11-09 06:37 GMT
Advertising

 വിരമിക്കൽ പ്രഖ്യാപിച്ച ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച ഡിഫന്‍റര്‍മാരില്‍ ഒരാളായ ജെറാർഡ് പിക്വെക്ക് അവസാന മത്സരത്തിൽ റെഡ് കാർഡ്. താരം കളിക്കാനിറങ്ങുന്നതിന് മുമ്പേയാണ് റഫറി റെഡ് കാർഡ് നൽകിയത്.

ലാ ലീഗയില്‍ ഇന്നലെ ഒസാസുനക്കെതിരായ മത്സരത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ബാഴ്സ സ്ട്രൈക്കര്‍ റോബർട്ടോ ലെവന്റോവ്‌സ്കി ആദ്യ പകുതിയിൽ തന്നെ പുറത്തായിരുന്നു. ഇതിനെ തുടർന്ന് പത്തു പേരുമായാണ് ബാഴ്‌സ മത്സരം പൂർത്തിയാക്കിയത്. ഒന്നാം പകുതിയവസാനിക്കുമ്പോൾ മൈതാനത്തേക്കിറങ്ങിയ പിക്വെ റഫറിയോട് കയർത്തു. ഇതിനെ തുടർന്നാണ് റഫറി പിക്വെക്ക് മാർച്ചിങ് ഓർഡർ നൽകിയത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്സ വിജയിച്ചു. 

ബാഴ്സയുടെ യൂത്ത് ലീഗിൽ കരിയർ തുടങ്ങിയ പിക്വെ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നാല് വർഷമാണ് പന്ത് തട്ടിയത്. പിന്നാലെ 2008ലാണ് ബാഴ്സയിലേക്ക് തിരിച്ചെത്തുന്നത്. 18 വർഷം നീണ്ട കരിയറിൽ 35 കിരീടങ്ങൾ പിക്വെ നേടി.

സ്പെയ്നിലും ഇംഗ്ലണ്ടിലുമായി 9 ലീഗ് കിരീടങ്ങളാണ് പിക്വെ നേടിയത്. നാല് വട്ടം ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടു. ഈ സീസണിൽ ബാഴ്സയുടെ സ്റ്റാർട്ടിങ് ഇലവനിലേക്ക് വിരളമായി മാത്രമാണ് പിക്വെ എത്തിയത്. ലാ ലീഗയിൽ ബാഴ്സയുടെ ആദ്യ ഇലവനിൽ ഉൾപ്പെട്ടത് 3 വട്ടം മാത്രം.

53 ഗോളുകളാണ് 35കാരനായ സെന്റർ ബാക്കിന്റെ അക്കൗണ്ടിലുള്ളത്. 15 അസിസ്റ്റും. 2018ൽ സ്പെയ്നിന് വേണ്ടി അവസാനം കളിച്ച പിക്വെ 2010ൽ ടീമിനൊപ്പം ലോക കിരീടത്തിൽ മുത്തമിട്ടു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News