'ജീവിത സഖിയെ കണ്ടെത്തി'; വൈറലായി സഹലിന്‍റെ ട്വീറ്റ്
കഴിഞ്ഞ ദിവസമാണ് സഹലിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞത്
കണ്ണൂര്‍: ഇന്ത്യൻ ഫുട്‌ബോളിലെ മിന്നും താരോദയമായ മലയാളികളുടെ സ്വന്തം സഹൽ അബ്ദുസ്സമദ് വിവാഹിതനാവുന്നു. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ താരം തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം അറിയിച്ചത്. ബാഡ്മിന്‍റണ്‍ താരമായ റൈസ ഫർഹത്താണ് സഹലിന്‍റെ ജീവിത സഖി. കഴിഞ്ഞ ദിവസമാണ് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. ജീവിത സഖിയെ കണ്ടെത്തിയ കാര്യം ഔദ്യോഗികമായി നിങ്ങളെ അറിയിക്കുന്നു എന്ന തലക്കെട്ടോടെ സഹൽ പങ്കു വച്ച ട്വീറ്റ് വൈറലാണിപ്പോൾ.
താരത്തിന്‍റെ വിവാഹക്കാര്യം കേരളാ ബ്ലാസ്‌റ്റേഴ്‌സും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചു.
2017 ൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ സഹൽ 74 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിഞ്ഞു. ഇത്രയും മത്സരങ്ങളിൽ നിന്ന് 7 ഗോളുകളാണ് താരത്തിന്‍റെ സമ്പാദ്യം. ഐ.എസ്.എല്ലിലെ മികച്ച പ്രകടനത്തെ തുടർന്ന് 2019 ൽ ഇന്ത്യൻ ടീമിലെക്ക് തിരഞ്ഞെടുക്കപ്പെട്ട താരം 17 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു. രണ്ട് ഗോളുകളാണ് താരം രാജ്യത്തിനായി ഇതുവരെ നേടിയത്.