ഈസ്റ്റ് ബംഗാളിനു മുന്നിൽ കാലിടറി വീണ് ബ്ലാസ്‌റ്റേഴ്‌സ്
മത്സരത്തിൽ തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ മുംബൈ സിറ്റിക്കും ഹൈദരാബാദിനും പിന്നിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്
കൊൽക്കത്ത: പ്ലേഓഫ് ഉറപ്പിക്കാനുള്ള അവസാനഘട്ട പോരാട്ടത്തിൽ താരതമ്യേന ദുർബലരായ ഈസ്റ്റ് ബംഗാളിനു മുന്നിൽ കാലിടറി കേരള ബ്ലാസ്‌റ്റേഴ്‌സ്. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലുള്ള ബംഗാളിനോട് അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴടങ്ങിയത്. സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാം തോൽവിയാണിത്.
ഇരുടീമുകളും പൊരുതിക്കളിച്ച ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ശേഷമാണ് രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ ഗോൾമുഖം തുറന്നത്. 77-ാം മിനിറ്റിൽ ക്ലൈറ്റൻ സിൽവയായിരുന്നു ബംഗാളിനായി ലക്ഷ്യം കണ്ടത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും ഗോൾകീപ്പറെയും കടന്ന് ബോക്‌സിനകത്തെത്തിയ പന്ത് സിൽവ എളുപ്പത്തിൽ വലയിലാക്കി. അധികസമയത്ത് ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരായ ഗുരുതരമായ ഫൗളിന് ബംഗാൾ താരം മുബഷിർ റഹ്മാന് ചുവപ്പു കാർഡും ലഭിച്ചു.
മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ ഇടതു വിങ്ങിൽനിന്നുള്ള വലങ്കാലൻ ഷോട്ട് ബംഗാൾ ഗോൾകീപ്പർ തടുത്തിട്ടു. ആറാം മിനിറ്റിൽ രാഹുലിന്റെ മനോഹരമായൊരു ഹെഡർ ബംഗാളിന്റെ മലയാളി താരം വി.പി സുഹൈറിന്റെ കൈയിൽ തട്ടിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.
16-ാം മിനിറ്റിൽ മത്സരം നാടകീയരംഗങ്ങൾക്കും സാക്ഷിയായി. ഈസ്റ്റ് ബംഗാൾ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ അങ്കിത് മുഖർജിയെ തിരിച്ചുവിളിച്ച് മുഹമ്മദ് റാക്കിബിനെ ഇറക്കി. ഇതിൽ കുപിതനായ അങ്കിത് ജഴ്‌സി ഊരിയെറിഞ്ഞ് കലിപ്പ് തീർത്താണ് ഗ്രൗണ്ട് വിട്ടത്.
42-ാം മിനിറ്റിൽ സുഹൈർ ബംഗാളിനായി ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ കിടിലൻ സേവുകളുമായി ബ്ലാസ്റ്റേഴ്‌സ് കീപ്പർ കരൺജിത്ത് സിങ് താരമായി. ക്ലെയിറ്റൻ സിൽവയുടെ രണ്ട് ഷോട്ടുകളാണ് താരം തട്ടിയകറ്റിയത്.
മത്സരത്തിൽ തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ മുംബൈ സിറ്റിക്കും ഹൈദരാബാദിനും പിന്നിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്. 16 മത്സരങ്ങളിൽനിന്ന് ഒൻപത് ജയവും ഒരു സമനിലയും ആറ് തോൽവിയുമായി 28 പോയിന്റാണ് മഞ്ഞപ്പടയ്ക്കുള്ളത്. 15 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി എ.ടി.കെ മോഹൻ ബഗാനും 16 മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി ഗോവയും തൊട്ടുപിന്നിലുണ്ട്.
Summary: ISL 2022-23 : East Bengal FC beat Kerala Blasters FC 1-0