ഇക്കുറി ഐ.എസ്.എൽ ശരിക്കും സൂപ്പർ; ബ്ലാസ്റ്റേഴ്സും

ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശരിക്കും പരിശീലകന്റെ ടീമാണ്. കോച്ച് എന്തു പറയുന്നോ അത് കളിക്കളത്തിൽ നടപ്പാക്കുന്ന സംഘം.

Update: 2022-01-12 06:03 GMT

ഇന്ത്യൻ സൂപ്പർ ലീഗ് പകുതി ഘട്ടം പിന്നിടുമ്പോൾ പോരാട്ടങ്ങൾ ശരിക്കും സൂപ്പറായി തന്നെ തുടരുന്നു എന്നതാണ് ഈ സീസണിന്റെ സവിശേഷത. ഒന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സും ഒമ്പതാമതുള്ള എഫ്.സി ഗോവയും തമ്മിലുള്ള അകലം അഞ്ച് പോയന്റിൽ മാത്രമാണെന്നത് തന്നെ അതിന് തെളിവ്. ഓരോ മത്സരം കഴിയുമ്പോഴും ഒന്നാം സ്ഥാനക്കാർ മാറിമറിയുന്നതും സീസൺ ആവേശകരമാക്കുന്നു.

സീസൺ സെക്കൻഡ് ഹാഫിലേക്ക് കടക്കുമ്പോൾ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ് തന്നെയാണ് ആരാധകർക്ക് ആവേശം പകരുന്നത്.  കൊമ്പന്മാർ പോയന്റ് പട്ടികയിൽ തലപ്പത്ത് കയറി നിൽക്കുന്ന കാഴ്ച 2014 നുശേഷം ആദ്യമാണല്ലോ. ആദ്യ മൂന്നു സീസണുകളിലെ രണ്ട് രണ്ടാം സ്ഥാനങ്ങൾക്കു ശേഷം തളർച്ചയുടെ തുടർച്ചയായിരുന്നു ബ്ലാസ്റ്റേഴ്സിന്. ഇടക്കും തലക്കും മാത്രം ജയം രുചിച്ചിരുന്ന ടീമിന് ഇത്തവണ തുടർജയങ്ങളുടെ മധുരം നുണയാൻ ഇവാൻ വുകോമാനോവിച്ച് എന്ന പരിശീലകൻ അവസരമൊരുക്കുന്നു എന്നതാണ് ശ്രദ്ധേയം.

Advertising
Advertising

ബ്ലാസ്റ്റേഴ്സിന്റെ രണ്ട് പകുതികൾ

സീസൺ പകുതിയെത്തുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ രണ്ട് പകുതികളായി തിരിക്കാം. അഞ്ച് കളികൾ വീതമുള്ള രണ്ട് പകുതി. ആദ്യ അഞ്ച് കളികളിൽ ഒരു തോൽവിയും ഒരു ജയവും മൂന്നു സമനിലയും അടക്കം ആറ് പോയന്റ്. അടിച്ചത് വെറും ആറ് ഗോളുകൾ. വഴങ്ങിയതോ ഏഴെണ്ണവും. മുൻ സീസണിലെ പോലെ ഒരു സാധാ ബ്ലാസ്റ്റേഴ്സ് കഥ. എന്നാൽ പിന്നത്തെ അഞ്ചു കളികളിൽ കളി മാറി. ബ്ലാസ്റ്റേഴ്സ് യഥാർത്ഥ ബ്ലാസ്റ്റേഴ്സ് ആയി. മൂന്ന് ജയവും രണ്ടു സമനിലയും അടക്കം 11 പോയന്റ്. അടിച്ചുകൂട്ടിയത് 10 ഗോളുകൾ. തിരിച്ചുവാങ്ങിയത് മൂന്നെണ്ണം മാത്രം. വീഴ്ത്തിയത് മുമ്പന്മാരായ മുംബൈയെ കൂടാതെ കരുത്തരായ ചെന്നൈയിനെയും ഹൈദരാബാദിനെയും.

 

കോച്ചിന്റെ ടീം

ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശരിക്കും പരിശീലകന്റെ ടീമാണ്. കോച്ച് എന്തു പറയുന്നോ അത് കളിക്കളത്തിൽ നടപ്പാക്കുന്ന സംഘം. പ്രസ്സിങ് ഗെയിം കളിക്കണോ, അതിനു തയ്യാർ. കൗണ്ടർ അറ്റാക്ക് വേണോ, അതിനും റെഡി. പൊസഷൻ ഗെയിം നടപ്പാക്കണോ, അതിനുമൊരുക്കം. തന്റെ ഗെയിം പ്ലാനുകൾക്കനുസരിച്ച് ടീമിനെ രൂപപ്പെടുത്താൻ ആവുന്നു എന്നതും അതിനനുസരിച്ച് ഫോർമേഷൻ ഉപയോഗിക്കുന്നു എന്നതുമാണ് കോച്ചിന്റെ മിടുക്ക്. മുമ്പൊന്നും ബ്ലാസ്റ്റേഴ്സ് കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത ഡബിൾ സ്ട്രൈക്കിംഗ് ഓപ്ഷൻ ആണ് കോച്ച് പിന്തുടരുന്നത്. ഇരുതല മൂർച്ചയുള്ള അൽവാരോ വാസ്ക്വസ് - ഹോർഹെ പെരേര ഡയസ് ജോടി ഒരേസമയം ഗോൾ അടിക്കുകയും കളി മെനയുകയും ചെയ്യുന്നു. ഗോൾമുഖത്ത് തക്കം പാർത്തു നിൽക്കുന്ന പൗച്ചർമാർ മാത്രമായി ഒതുങ്ങാതെ പിറകിലേക്ക് ഇറങ്ങി കളിയിൽ ഭാഗഭാക്കാവുന്നു എന്നതാണ് ഇരുവരുടെയും പ്രത്യേകത.

 

സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ലക്ഷണമൊത്ത ഒരു പ്ലേമേക്കറുടെ അഭാവമായിരുന്നു കഴിഞ്ഞ സീസണുകളിലെല്ലാം ബ്ലാസ്റ്റേഴ്സിനെ അലട്ടിയിരുന്ന പ്രധാന പ്രശ്നം. ലൂനയുടെ വരവോടെ അതിന് പരിഹാരമായി. 

എതിർ ഡിഫൻഡർമാരെ എൻഗേജ് ചെയ്യിക്കുന്നതിൽ ഡയസ് കാണിക്കുന്ന മിടുക്കും ഗ്രൗണ്ടിന് ഏത് ഭാഗത്തുനിന്നും കൃത്യതയാർന്ന ഷോട്ടുകളിൽ എതിർ ഗോൾമുഖം വിറപ്പിക്കുന്നതിൽ വാസ്ക്വസിനുള്ള കഴിവും ടീമിന് ഏറെ മുതൽക്കൂട്ടാണ്. ടീമിന്റെ മൊത്തം നിയന്ത്രണം മധ്യനിരയിൽ അഡ്രിയാൻ ലൂനയെന്ന കുറിയ മനുഷ്യനിൽ നിക്ഷിപ്തമാണ്. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ലക്ഷണമൊത്ത ഒരു പ്ലേമേക്കറുടെ അഭാവമായിരുന്നു കഴിഞ്ഞ സീസണുകളിലെല്ലാം ബ്ലാസ്റ്റേഴ്സിനെ അലട്ടിയിരുന്ന പ്രധാന പ്രശ്നം. ലൂനയുടെ വരവോടെ അതിന് പരിഹാരമായി. കളിയുടെ രസച്ചരട് കൈയിലേന്തുന്നതോടൊപ്പം കൃത്യമായ പാസ് നൽകുന്നതിലും അവശ്യ സമയങ്ങളിൽ ഷോട്ട് ഉതിർക്കുന്നതിലും ലൂന കാണിക്കുന്ന മികവ് അതുല്യമാണ്. വാസ്ക്വസും ഡയസും ലൂനയും തമ്മിലുള്ള ഒത്തിണക്കമാണ് യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിനെ മികച്ച ടീം ആക്കുന്നത്.

സഹലിനെയും പ്യൂട്ടിയയെയും 'മാറ്റിയ' കോച്ച്

സഹൽ അബ്ദുസ്സമദിൽ വരുത്തിയ മാറ്റമാണ് ആണ് വുകോമാനോവിച്ചിലെ കോച്ചിനെ ആരാധകർക്ക് പ്രിയപ്പെട്ടവനാക്കുന്നത്. അപാരമായ പ്രതിഭയുടെ കയ്യൊപ്പ് ചാർത്തപ്പെട്ടവനായിട്ടും അമ്പതോളം മത്സരങ്ങളിൽ ഒരു ഗോളും ചുരുക്കം അസിസ്റ്റും മാത്രമായി ഒതുങ്ങിയിരുന്ന ഒരു കളിക്കാരനെ ടീമിന് എത്രമാത്രം ഉപയോഗപ്പെടുത്താനാകും എന്ന് കാണിച്ചുകൊണ്ടിരിക്കുന്നു ഈ കോച്ച്. മൈതാന മധ്യത്ത് തന്റെ മികവുറ്റ പന്തടക്കവും സ്കില്ലും കാണിച്ചു കൊണ്ടിരിക്കാതെ അവശ്യഘട്ടങ്ങളിൽ പെനാൽറ്റി ബോക്സിലേക്ക് ഓടിയെത്തുകയും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുകയും ചെയ്യുന്ന സഹൽ നമുക്ക് പുതിയ ഒരു സഹലാണ്. അതിന്റെ തെളിവാണ് ഈ സീസണിൽ സഹലിന്റെ ബൂട്ടുകളിൽ നിന്ന് പിറന്ന നാല് ഗോളുകൾ. ഡേവിഡ് ജെയിംസിനും റെനെ മ്യൂലസ്റ്റീനും എൽകോ ഷട്ടോറിക്കും കഴിയാത്തതാണ് വുകോമാനോവിച്ചിന് സാധിച്ചിരിക്കുന്നത്. സഹലിനെ വേണ്ടവിധം ഉപയോഗിക്കാത്ത ഇന്ത്യൻ ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാക്കിനും ഇതിൽ പാഠമുണ്ട്.

 

കോച്ച് മാറ്റംവരുത്തിയ മറ്റൊരു കളിക്കാരനാണ് പ്യൂട്ടിയ. വിംഗിൽ കളിച്ചിരുന്ന പ്യൂട്ടിയ ഇത്തവണ മധ്യനിരയിലേക്ക് മാറിയപ്പോൾ താരത്തിനും ടീമിനും അത് ഒരുപോലെ ഗുണകരമായി. മൈതാന മധ്യത്തിൽ ജീക്സൺ സിംഗും പ്യൂട്ടിയയും ചേർന്നുള്ള ഉള്ള ഡബിൾ പൈവട്ട് ആണ് യഥാർത്ഥത്തിൽ മുൻനിരയിലെ നാൽവർ സംഘത്തിന് അക്രമണം കനപ്പിക്കാൻ അടിത്തറയാവുന്നത്.

മാർക്ക് മാർകോക്ക്

ഒത്ത കൂട്ടാവുമെന്ന് കരുതിയ യെനസ് സിപോവിച്ചിന്റെ സാന്നിധ്യം പലകാരണങ്ങളാൽ ഇല്ലാതിരുന്നിട്ടും ടീമിന്റെ പ്രതിരോധത്തെ കാര്യമായ ചോർച്ച ഇല്ലാതെ കാക്കുന്നതിൽ മാർകോ ലെസ്കോവിച്ച് കാണിക്കുന്ന മിടുക്ക് അപാരമാണ്. മികച്ച തന്ത്രവും ആസൂത്രണവും ഉണ്ടെങ്കിൽ ഭാഗ്യവും ഒപ്പം വരുമെന്ന തത്വം ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിൽ നടപ്പാവുന്നതും ഇത്തവണ കണ്ടു. അല്ലെങ്കിൽ പിന്നെ ടീമിന്റെ രണ്ട് പ്രധാന താരങ്ങൾക്ക് പരിക്കേറ്റത് ടീമിന് ഗുണകരമാവുന്നതെങ്ങനെ. ഒന്നാം നമ്പർ ഗോൾകീപ്പർ ആൽബിനോ ഗോമസിന് പരിക്കേറ്റതോടെ പകരമെത്തിയ പ്രഭ്സുഖൻ സിംഗ് ഗിൽ ഒരു ചുവടു പോലും പിഴക്കാതെ ആണ് ഇതുവരെ കളിച്ചത്. സിപോവിചിന് പകരം അവസരം ലഭിച്ച ഹോർമിപാമിന്റെ കാര്യവും അങ്ങനെ തന്നെ. മാത്രമല്ല സിപോവിച് പുറത്തായതോടെ മുൻനിരയിൽ ഡയസിനെയും വാസ്ക്വസിനെയും ഒരുമിച്ച് കളിപ്പിക്കാനും കോച്ചിനായി. ഇത് ടീമിന്റെ മുന്നേറ്റത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല.

ഇതോടൊപ്പം എടുത്ത് പറയേണ്ടതാണ് പ്രതിരോധ വശങ്ങളിൽ ക്യാപ്റ്റൻ ജെസൽ കർണെയ്റോടെയും ഹർമൻ ജോത് ഖബ്രയുടെയും റോൾ. ജെസലിന്റെ സ്ഥിരതയാർന്ന പ്രകടനം കഴിഞ്ഞ സീസണിലും കണ്ടതാണെങ്കിലും ഖബ്രയുടെ വരവാണ് ടീമിന് തുണയായത്. കഴിഞ്ഞ സീസണിൽ ടീമിന്റെ ദുർബലമേഖലയായിരുന്നു വലതു വിംഗ് ബാക്ക് സ്ഥാനം. ഖബ്ര വന്നതോടെ അവിടം ഭദ്രമായി.

ലീഗ് അഭീ ഭീ ബാക്കീ ഹേ

ഇതുവരെയുള്ള കളിയിലും കണക്കിലും ബ്ലാസ്റ്റേഴ്സ് മുന്നിലാണെങ്കിലും കപ്പടിക്കാൻ അതു മാത്രം പോര. സെക്കൻഡ് ഹാഫ് മുഴുവനായി കിടക്കവെ സ്ഥിരതയാർന്ന പ്രകടനങ്ങളാണ് ആവശ്യം. അത് നൽകാൻ ഈ കോച്ചിനും ടീമിനുമാവുമെന്ന് വിശ്വസിക്കാനാണ് ആരാധകർക്കിഷ്ടം.

Tags:    

Writer - André

contributor

Editor - André

contributor

By - പി.പി ജുനൂബ്

മാധ്യമപ്രവർത്തകൻ, സ്പോർട്സ് ലേഖകൻ

മാധ്യമം ദിനപത്രത്തിൽ ചീഫ് സബ് എഡിറ്റർ. നിലവിൽ സ്‌പോർട്‌സ് ഡെസ്‌കിൽ. ഐ.എസ്.എൽ, ഐ.പി.എൽ, ഇന്റർ വാഴ്‌സിറ്റി മീറ്റ് തുടങ്ങിയ ഇവന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി.

Similar News