വീഴ്ചകളിലും ടീമിനെ കൈവിടാത്ത ആരാധകരാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ കരുത്ത്: വുകുമാനോവിച്ച്
"ഈ വിജയങ്ങളൊക്കെ കൊച്ചിയിലെ നിറഞ്ഞുകവിഞ്ഞ ഗ്യാലറികൾക്ക് മുന്നിലാണ് ഞങ്ങൾ ആഘോഷിക്കേണ്ടിയിരുന്നത്"
കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പിന്തുണ അതിശയിപ്പിക്കുന്നതാണ് എന്ന് കോച്ച് ഇവാൻ വുകുമാനോവിച്ച്. വീഴ്ചകളിലും ടീമിനെ കൈവിടാത്ത ആരാധകരാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ കരുത്ത് എന്ന് അദ്ദേഹം പറഞ്ഞു.
'ടീം ഇപ്പോൾ പുലർത്തുന്ന മികവ് തുടർന്നും ഉണ്ടാവണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. ആരാധകരുടെ പിന്തുണ ഗോവയിൽ ഇരുന്ന് കൊണ്ട് ഞങ്ങൾക്ക് അനുഭവിക്കാനാവുന്നുണ്ട്. ആ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്. ഈ വിജയങ്ങളൊക്കെ കൊച്ചിയിലെ നിറഞ്ഞുകവിഞ്ഞ ഗ്യാലറികൾക്ക് മുന്നിലാണ് ഞങ്ങൾ ആഘോഷിക്കേണ്ടിയിരുന്നത്. നിർഭാഗ്യം കൊണ്ടാണ് അതിന് കഴിയാതെ പോവുന്നത്. മഹാമാരിക്കാലം അവസാനിക്കുമ്പോൾ കാണികളുടെ ആവേശത്തിനിടയിൽ പന്തു തട്ടാനാവുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ'. അദ്ദേഹം പറഞ്ഞു.
ജംഷഡ്പൂർ എഫ്.സിക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജംഷഡ് പൂരിനെതിരായ മത്സരം കടുത്തതാവും എന്നും വിജയിക്കാൻ ടീം കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ലീഗിൽ ഒപ്പത്തിനൊപ്പമാണ്.അവസാന രണ്ടു മത്സരങ്ങളിൽ 3-0 എന്ന സ്‌കോറിന് ചെന്നൈയിനെയും മുംബൈ സിറ്റിയെയും പരാജയപ്പെടുത്തി മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉള്ളത്. അവസാന ആറു മത്സരങ്ങളിൽ ടീം പരാജയം അറിഞ്ഞിട്ടില്ല.