താരങ്ങളെ വിട്ടുനൽകാൻ സാവകാശം വേണം ; ഫെഡറേഷനുകളോട് ചർച്ചക്കൊരുങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ്
ലണ്ടൻ : ആഫ്രിക്കൻ നേഷൻസ് കപ്പിന് മുന്നോടിയായി താരങ്ങളെ വിട്ടുനൽകുന്നതിന് സാവകാശം വേണമെന്ന ആവശ്യവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ്. തങ്ങളുടെ താരങ്ങളെ വിട്ടുനൽകുന്നത് ക്ലബുകളുടെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളാണെന്നും അതിനെ പറ്റി വിവിധ ദേശീയ ഫുട്‍ബോൾ ഫെഡറേഷനുകളുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും പരിശീലകൻ റൂബൻ അമോറിം വ്യക്തമാക്കി.
കാമറൂൺ താരമായ ബ്രയാൻ എംബ്യുമോ, മൊറോക്കോയുടെ മസ്‌റോയി, ഐവറികോസ്റ്റ് താരം അമാദ് ഡിയാലോ എന്നിവരാണ് യുനൈറ്റഡ് നിരയിൽ നിന്നും നേഷൻസ് കപ്പിന് വേണ്ടി പോവാനൊരുങ്ങുന്ന താരങ്ങൾ. ഡിസംബർ 21 മുതൽ ജനുവരി 18 വരെ മൊറോക്കോയിലാണ് നേഷൻസ് കപ്പ് നടക്കുന്നത്.
സാധാരണയായി ടൂർണമെന്റിന്റെ രണ്ട് ആഴ്‌ച മുമ്പാണ് താരങ്ങൾ ദേശീയ ടീമിനൊപ്പം ചേരുക. എന്നാൽ ഡിസംബർ 8 ന് വോൾവ്‌സുമായും ഡിസംബർ 15 ന് ബോൺമൗത്തുമായുള്ള മത്സരങ്ങൾക്ക് ഈ താരങ്ങൾ ക്ലബിനൊപ്പം വേണമെന്നാണ് യുനൈറ്റഡിന്റെ ആവിശ്യം.