വെംബ്ലി ചുവന്നു; കിരീട വരൾച്ച അവസാനിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇംഗ്ലീഷ് ലീഗ് കപ്പ് സ്വന്തം

മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. ആറു വർഷങ്ങള്‍ക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടമുയർത്തുന്നത്.

Update: 2023-02-26 19:11 GMT
Editor : rishad | By : Web Desk

ഗോള്‍ നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളുടെ ആഹ്ലാദം

Advertising

ലണ്ടന്‍: പരിശീലകന്‍ എറിക് ടെൻ ഹേഗിന്റെ കീഴിൽ ആദ്യ കിരീടം ഉയർത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ന്യൂകാസിലിനെ തോൽപിച്ച് ഇംഗ്ലീഷ് ലീഗ് കപ്പ്(കരബാവോ കപ്പ്) മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. ആറു വർഷങ്ങള്‍ക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടമുയർത്തുന്നത്.

ആദ്യ പകുതിയിൽ വന്ന രണ്ട ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയവഴി വെട്ടിയത്. അതും ആറ് മിനുറ്റിന്റെ വ്യത്യാസത്തിൽ. കാസിമിറോ, മാർക്കസ് റാഷ്‌ഫോർഡ് എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയത്. ഇതിൽ റാഷ്‌ഫോഡിന്റെത് സെൽഫ് ഗോൾ രൂപത്തിലായിരുന്നു. ലക്ഷ്യത്തിലേക്ക് പന്ത് പായിക്കുമ്പോൾ ന്യൂകാസിൽ താരം സെവൻ ബോട്ട്മാന്റെ കാലുകൾ പന്ത് തട്ടിയിരുന്നു.

പന്തവകാശത്തിൽ മിടുക്ക് കാട്ടിയത് ന്യൂകാസിലായിരുന്നുവെങ്കിലും ഷോട്ടുകളുതിർക്കുന്നതിൽ ഇരുവരും മത്സരിച്ചു. പൊരുതിക്കളിച്ച ആദ്യ അരമണിക്കൂറിന് ശേഷം 33ാം മിനുറ്റിൽ കാസിമിറോയാണ് യുണൈറ്റഡിനായി ആദ്യ വെടിപൊട്ടിച്ചത്. ലൂക്ക് ഷോയുടെ ഫ്രീകിക്കിൽ നിന്നായിരുന്നു കാസിമിറോയുടെ മനോഹര ഗോൾ. മാരിവില്ല് പോലെ വളഞ്ഞുവന്ന പന്ത്, കാസിമിറോ വലക്കുള്ളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആറോളം വരുന്ന ന്യൂകാസിൽ താരങ്ങൾക്കിടയിൽ നിന്നായിരുന്നു കാസിമിറോ ഉയർന്ന് ചാടി പന്തിന് തലവെച്ചത്.

ആറ് മിനുറ്റുകൾക്ക് ശേഷം രണ്ടാം ഗോളും വന്നു. റാഷ്‌ഫോഡായിരുന്നു പന്ത് വലയിൽ എത്തിച്ചത്. വെഗോർസ്റ്റ് ഒറ്റയ്ക്ക് മുന്നേറി നൽകിയ പാസ് സ്വീകരിച്ചായിരുന്നു റഷ്ഫോർഡിന്റെ ഷോട്ട്. വലിയ ഡിഫ്ലക്ഷൻ വന്നതു കൊണ്ട് ഈ ഗോൾ സെൽഫ് ഗോളായാണ് രേഖപ്പെടുത്തിയത്.  അതേസമയം ഗോൾ മടക്കാൻ ന്യൂകാസിൽ താരങ്ങൾ പൊരിഞ്ഞ് കളിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഹോസെ മൗറീഞ്ഞോക്ക് കീഴിൽ യൂറോപ്പ ലീഗിൽ കിരീടം ചൂടിയതിന് ശേഷം ആദ്യമായാണ് യുണൈറ്റഡ് ഒരു കിരീടമുയർത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആറാം ലീഗ് കപ്പ് കിരീടമാണിത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News