നെഞ്ചിൽ കോർത്ത് മെസി നേടിയ ആ ഗോൾ; മയാമി ടീമാകെ മാറി

മയാമി ജേഴ്‌സിയിൽ മൂന്നാം മത്സരത്തിലും ഗോൾ നേടിയതോടെ മെസിയുടെ ഗോൾ നേട്ടം അഞ്ചായി

Update: 2023-08-03 12:44 GMT
Editor : rishad | By : Web Desk

മായാമി: ഇന്റർ മയാമിയിലെ ആദ്യ മത്സരം മുതൽ മെസി തകർത്ത് കളിക്കുകയാണ്. മയാമി ജേഴ്‌സിയിൽ മൂന്നാം മത്സരത്തിലും ഗോൾ നേടിയതോടെ മെസിയുടെ ഗോൾ നേട്ടം അഞ്ചായി. ലീഗ് കപ്പിൽ ഒർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിൾ ഇരട്ട ഗോളുകളാണ് മെസി നേടിയത്. മത്സരത്തിൽ മയാമിയുടെ ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു. ഗോൾ വേട്ടക്ക് തുടക്കം കുറിച്ചതും അവസാനിപ്പിച്ചതും മെസിയായിരുന്നു.

ഇടിയും മിന്നലും മൂലം വൈകി തുടങ്ങിയ മത്സരത്തിൽ ഏഴാം മിനുറ്റിൽ തന്നെ മെസി വലകുലുക്കി. മയാമിയുടെ മൂന്നാം ഗോൾ വന്നത് 72ാം മിനുറ്റിലായിരുന്നു. ഈ ഗോൾ നേടിയതും മെസി. മയാമിക്കായി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മെസി ഗോളുകൾ നേടിയിരുന്നു. മെസിയുടെ വരവിന് ശേഷം ഇന്റർമയാമി ടീമിലും മാറ്റം പ്രകടമാണ്. മെസി വരുന്നതിന് മുമ്പത്തെ അവസാന പന്ത്രണ്ട് മത്സരങ്ങൾ നോക്കുകയാണെങ്കിൽ തോൽവിയും സമനിലയും ആയിരുന്നു ഏറെയും.

Advertising
Advertising

ജയിക്കാനായത് വെറും രണ്ട് മത്സരങ്ങളിൽ മാത്രം. ഹാട്രിക്ക് ജയം പോലും മയാമിക്ക് അവകാശപ്പെടാനില്ല. എന്നാൽ ഹാട്രിക്ക് തോൽവിയുണ്ട്. എന്നാൽ മെസി വന്നതിന് ശേഷമുള്ള മൂന്ന് മത്സരങ്ങളിലും മയാമി ജയിച്ചുകയറി, അതും ആധികാരികമായിട്ട്. ജയത്തോടെ ലീഗ് കപ്പിലെ അവസാന പതിനാറ് ടീമിലേക്ക് കയറാൻ മയാമിക്കായി. ഇനി ആഗസ്റ്റ് ആറിന് എഫ്.സി ഡല്ലാസിനെതിരെയാണ് മയാമിയുടെ അടുത്ത മത്സരം.

അതേസമയം ഓർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിൽ മെസിയുടെ ഗോളുകൾ മനോഹരമായിരുന്നു. ഏഴാം മിനുറ്റിൽ ഉയർന്നുവന്ന പന്തിനെ നെഞ്ചിൽ കൊരുത്ത് ഇടം കാൽ കൊണ്ട് വലക്കുള്ളിലേക്ക് അടിച്ചുകറ്റുകയായിരുന്നു. റോബോർട്ടോ ടെയ്‌ലറിന്റെ ക്രോസ് മുൻകൂട്ടി കണ്ട് മെസി ബോക്‌സിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. ക്ലോസ് റേഞ്ചിൽ നിന്നായിരുന്നു ആ മനോഹര ഗോൾ. 72ാം മിനുറ്റിൽ മെസിയുടെ വലംകാലൻ ഷോട്ടാണ് ഗോളായത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News