പലവഴിയേ താരങ്ങളും പരിശീലകനും; പാഠം പഠിക്കാതെ ചുവന്ന ചെകുത്താൻമാർ

ഓരോ മത്സരം കഴിയുമ്പോഴും തിരിച്ചുവരുമെന്ന് പരിശീലകൻ പറയുമ്പോഴും ടീമിന്റെ കളിക്കളത്തിലെ സ്ഥിതി ദയനീയമായി തുടരുകയാണ്.

Update: 2023-12-31 08:43 GMT
Editor : Sharafudheen TK | By : Web Desk
Advertising

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ ഈവർഷത്തെ അവസാന മത്സരത്തിലും തോൽവി വഴങ്ങി മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ദുർബലരായ നോട്ടിങ്ഹാം ഫോറസ്റ്റിനോടാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടങ്ങിയത്. ഈ സീസണിലെ ഒൻപതാം തോൽവിയാണ് ചുവന്ന ചെകുത്താൻമാർ നേരിട്ടത്. ഓരോ മത്സരം കഴിയുമ്പോഴും പാഠം ഉൾകൊണ്ട് തിരിച്ചുവരുമെന്ന് പരിശീലകൻ പറയുമ്പോഴും ടീമിന്റെ കളിക്കളത്തിലെ സ്ഥിതി ദയനീയമായി തുടരുകയാണ്.

പരിശീലകൻ എറിക്‌ടെൻ ഹാഗിന്റെ കളിശൈലി മൈതാനത്ത് നടപ്പിൽവരുത്തുന്നതിൽ ബ്രൂണോ ഫെർണാണ്ടസും സംഘവും പരാജയപ്പെടുകയാണ്. കോച്ചിന്റെ ഫോർമേഷൻ ഒന്നും, കളിക്കാരുടെ സമീപനം മറ്റൊന്നുമാകുകയാണ്. ഓൾഡ് ട്രാഫോർഡിൽ മിസ് പാസുകളും പ്രതിരോധത്തിലെ പിഴവുമെല്ലാം സ്ഥിരം കാഴ്ചകൾ. ഫുട്‌ബോളിന്റെ ബാലപാഠങ്ങൾ പോലും മറന്നുള്ള സമീപനം. വലിയ പ്രതീക്ഷയോടെയെത്തിച്ച കാമറൂൺ ഗോൾകീപ്പർ ആന്ദ്രെ ഒനാനയുടെ പിഴവിൽ മാത്രം പലമത്സരങ്ങളും നഷ്ടമായി.

മധ്യനിരയിലെ കോർഡിനേഷനില്ലാത്തതിനാൽ സ്‌ട്രൈക്കർമാർ പന്തുലഭിക്കാതെ കാഴ്ചക്കാരാകുന്നു. മറുവശത്ത് അതിവേഗ കൗണ്ടർ അറ്റാക്കിലൂടെ യുണൈറ്റഡ് പ്രതിരോധത്തെ കീറിമുറിക്കാൻ എതിരാളികൾക്കാവുന്നു. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായ മത്സരത്തിലും സംഭവിച്ചത് ഇതായിരുന്നു. സ്വന്തംകാണികൾക്ക് മുന്നിൽ കളിയുടെ തുടക്കംമുതൽ മുൻചാമ്പ്യൻമാർക്കെതിരെ ആധിപത്യംപുലർത്തികൊണ്ടുള്ള പോസ്റ്റീവ് സമീപനം. 78ാം മിനിറ്റിൽ യുണൈറ്റഡ് സമനിലപിടിച്ചത് പോലും എതിർഗോൾകീപ്പർ പിഴവ് വരുത്തിയതുകൊണ്ട് മാത്രം. നാല് മിനിറ്റുകൾക്ക് ശേഷം ലീഡ് പിടിക്കാനും ഫോറസ്റ്റിന് സാധിച്ചു.



ഇംഗ്ലീഷ്താരം മാർക്കസ് റാഷ്‌ഫോഡ്, ബ്രസീലിയൻ വിങർ ആന്റണി, ഡാനിഷ് സ്‌ട്രൈക്കർ റാസ്മസ് ഹോയ്‌ലൻഡ് എന്നിവരുടെ മങ്ങിയ ഫോമും ടീമിന് തലവേദനയാണ്. പ്രീമിയർലീഗ് പകുതിയോടടുക്കുമ്പോൾ ഇതുവരെ ഒരുഗോൾമാത്രമാണ് ആന്റണിയും ഹോയ്‌ലൻഡും സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ നിഴൽമാത്രമായ റാഷ്‌ഫോഡ് പലപ്പോഴും ബെഞ്ചിരിക്കേണ്ടിവന്നു. ഗർണാച്ചോ മികച്ച കളിപുറത്തെടുക്കുന്നുണ്ടെങ്കിലും ടീം ഒത്തിണക്കമില്ലാത്തതിനാൽ ഗോൾകണ്ടെത്താനാവാത്ത അവസ്ഥയിലാണ്.

കളിക്കളത്തിൽ സ്ഥിരത നിലനിർത്താനാവാത്തതാണ് എറിക് ടെൻ ഹാഗിന്റെ ടീം നേരിടുന്ന പ്രധാന പ്രതിസന്ധി. കരുത്തരായ ചെൽസിയെ പരാജയപ്പെടുത്തിയാണ് ഡിസംബറിൽ മുൻ ചാമ്പ്യൻമാർ തുടങ്ങിയത്. എന്നാൽ തൊട്ടടുത്ത മാച്ചിൽ ബൗൺമൗത്തിനോട് മൂന്ന് ഗോളിന് തോറ്റു. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണികിനോട് കീഴടങ്ങി ആദ്യ റൗണ്ടിൽതന്നെ പുറത്തായി. ലിവർപൂളിനോട് സമനില പിടിച്ച ടീം വെസ്റ്റ്ഹമിനോട് രണ്ട് ഗോളിന് അടിയറവ് പറഞ്ഞു. ആസ്റ്റൺ വില്ലക്കെതിരെ അവസാന മിനിറ്റിലെ ഗോളിൽ തിരിച്ചുവരവ് നടത്തിയ യുണൈറ്റഡ് തൊട്ടടുത്ത കളിയിൽവീണ്ടും പഴയപടിയായി.



നിലവിൽ 20 കളിയിൽ നിന്നായി 10 ജയത്തോടെ 31 പോയന്റുമായി ഏഴാമതാണ്. ഏറെ നാളുകൾക്ക് ശേഷമാണ് യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചത്. എന്നാൽ നിലവിലെ അവസ്ഥയിലാണെങ്കിൽ ഈസീസണിൽ ആദ്യനാലിലെത്തില്ലെന്ന് ആരാധകർപോലും പറയുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെയെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പുതുവർഷത്തിൽ സ്വന്തംമൈതാനത്ത് കരുത്തരായ ടോട്ടനവുമായാണ് ആദ്യമത്സരം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News