ബെംഗളൂരു സൂപ്പർ കപ്പ് ചാമ്പ്യന്മാരാകുമോ? ഒഡീഷ ആദ്യ കിരീടം നേടുമോ?
കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം
കോഴിക്കോട്: കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എ.ടി.കെ മോഹൻബഗാനോട് തോറ്റ് റണ്ണേഴ്‌സ് അപ്പാകേണ്ടി വന്ന ടീമാണ് ബെംഗളൂരു എഫ്.സി. ഇന്ന് ഹീറോ സൂപ്പർ കപ്പ് ഫൈനലിൽ ഒഡീഷ എഫ്.സിയെ നേരിടുമ്പോൾ വിജയിച്ച് ആ ക്ഷീണം തീർക്കാനാകും സുനിൽ ഛേത്രിയുടെയും സംഘത്തിന്റെ ശ്രമം. എന്നാൽ സൂപ്പർ കപ്പിൽ ആദ്യ കിരീടം നേടാനാകും ഐഎസ്എല്ലിൽ വലിയ നേട്ടങ്ങൾ കൊയ്യാനാകാതിരുന്ന ഒഡീഷ സംഘത്തിന്റെ ആഗ്രഹം.
കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. സെമിയിൽ ജംഷഡ്പൂർ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഛേത്രിയും സംഘവും ഫൈനൽ ഉറപ്പിച്ചത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-1ന് തോൽപ്പിച്ചാണ് ഒഡീഷ കലാശക്കളിക്ക് യോഗ്യത നേടിയത്.
ഇതുവരെ അഞ്ച് കളികളിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും രണ്ട് കളികൾ വീതം വിജയിച്ചു. ഒന്ന് സമനിലയായി. അവസാനമായി പരസ്പരം ഏറ്റുമുട്ടിയ മത്സരത്തിൽ ബെംഗളൂരുവിനായിരുന്നു വിജയം. 2018ലെ സൂപ്പർ കപ്പ് ജേതാക്കളാണ് ടീം. 2019ൽ എഫ്.സി ഗോവയായിരുന്നു ജേതാക്കൾ.
Odisha FC vs Bengaluru FC in Hero Super Cup Final today