ഇതെന്താ കൂലിത്തല്ലോ? ഒറ്റമെൻഡിക്കെതിരെ സോഷ്യൽ മീഡിയ
ഒറ്റമെൻഡിയുടേത് ചുവപ്പുകാർഡ് അർഹിച്ച ഫൗൾ ആയിരുന്നുവെന്നാണ് ഫുട്‌ബോൾ പണ്ഡിറ്റുകളും ആരാധകരും പറയുന്നത്.
ബ്രസീലും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ച് മണിക്കൂറുകൾ പിന്നിട്ടെങ്കിലും സമൂഹമാധ്യമങ്ങൾ ഇപ്പോഴും ചർച്ച ചെയ്യുന്നത് അർജന്റീനാ ഡിഫന്റർ നിക്കൊളാസ് ഒറ്റമെൻഡിയെ കുറിച്ചാണ്. മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്രസീലിന്റെ മധ്യനിര താരം റഫിഞ്ഞയുടെ മുഖത്ത് കൈമുട്ടു കൊണ്ട് ഇടിച്ച ഒറ്റമെൻഡി ചുവപ്പുകാർഡ് കാണാതെ എങ്ങനെ രക്ഷപ്പെട്ടു എന്നാണ് ഫുട്‌ബോൾ ലോകം അമ്പരക്കുന്നത്. സംഭവത്തിൽ വീഡിയോ അസിസ്റ്റന്റ് റഫറിയെ കുറ്റപ്പെടുത്തി ബ്രസീൽ കോച്ച് ടിറ്റേ രംഗത്തുവരികയും ചെയ്തു.
ലോകഫുട്‌ബോളിലെ വൻശക്തികൾ തമ്മിലുള്ള, ഒരിക്കൽ മാറ്റിവച്ച മത്സരം കടുത്ത പോരാട്ടമാകുമെന്ന് ഉറപ്പായിരുന്നെങ്കിലും പരുക്കൻ അടവുകളാണ് മൈതാനത്ത് കണ്ടത്. 34-ാം മിനുട്ടിൽ മത്സരത്തിലെ 'രക്തപങ്കിലമായ' നിമിഷം പിറക്കുകയും ചെയ്തു. അർജന്റീന ബോക്‌സിന്റെ ഇടതുഭാഗത്ത് ലെഫ്റ്റ്ബാക്ക് മാർക്കോസ് അക്യുനയെ വെട്ടിയൊഴിഞ്ഞ് റഫിഞ്ഞ പന്തുമായി ബോക്‌സിൽ കയറിയതോടെയാണ് സംഭവത്തിന്റെ തുടക്കം. ഗോൾലൈനിനരികിലൂടെ മുന്നേറാൻ ശ്രമിച്ച ബ്രസീൽ താരത്തിന്റെ കാലിൽ നിന്ന് ഒറ്റമെൻഡി പന്ത് റാഞ്ചി. ക്ലിയർ ചെയ്യുന്നതിനായി പന്ത് ബോക്‌സിനു പുറത്തേക്ക് കൊണ്ടുപോവുകയായിരുന്ന ഒറ്റമെൻഡിയെ റഫിഞ്ഞ പിന്നാലെ ചെന്ന് പ്രസ്സ് ചെയ്തു. ഇതിനിടയിൽ അപകടകരമായി വീശിയ ഒറ്റമെൻഡിയുടെ കൈമുട്ട് റഫിഞ്ഞയുടെ മുഖത്തിടിക്കുകയായിരുന്നു.
നിലത്തുവീണ ബ്രസീയിലൻ താരത്തെ ഒറ്റമെൻഡിയെ പിന്നാലെ ചെന്ന് വാരിയെടുത്ത് നിലത്തുനിർത്തി. ഇടിയേറ്റ തന്റെ വായിൽനിന്ന് രക്തം വരുന്നത് റഫിഞ്ഞ കാണിച്ചെങ്കിലും മത്സരം നിയന്ത്രിച്ച ഉറുഗ്വേക്കാരൻ റഫറി ആേ്രന്ദ കുഞ്ഞ ഗൗനിച്ചില്ല. രക്തം ടിഷ്യു പേപ്പർ കൊണ്ട് ഒപ്പിയാണ് ലീഡ്‌സ് യുനൈറ്റഡ് താരമായ റഫിഞ്ഞ മത്സരം തുടർന്നത്.
ഒറ്റമെൻഡിയുടേത് ചുവപ്പുകാർഡ് അർഹിച്ച ഫൗൾ ആയിരുന്നുവെന്നാണ് ഫുട്‌ബോൾ പണ്ഡിറ്റുകളും ആരാധകരും പറയുന്നത്. ആ ഫൗളിന് ഒറ്റമെൻഡിയെ പുറത്താക്കണമായിരുന്നുവെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് റഫിഞ്ഞയുടെ താടിയെല്ല് തകരാതെ രക്ഷപ്പെട്ടതെന്നും സ്‌പോർട്‌സ് ജേണലിസ്റ്റ് ജോഷ് ബണ്ടിങ് ട്വീറ്റ് ചെയ്തു. ഒറ്റമെൻഡിക്കെതിരെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നൂറുകണക്കിന് പ്രതികരണങ്ങളാണ് വന്നത്.
പ്രകോപിതനായി ടിറ്റേ
ഒറ്റമെൻഡിക്ക് ചുവപ്പുകാർഡ് കിട്ടിയില്ല എന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുന്ന കാര്യമല്ലെന്ന് ബ്രസീൽ കോച്ച് ടിറ്റേ പറഞ്ഞു. 'ആ മുട്ടുകൈ കണ്ടില്ല എന്ന് പറയുന്നത് അസാധ്യമാണ്. മത്സരഫലത്തിൽ അത് നിർണായമായിരുന്നോ? എനിക്കറിയില്ല. രണ്ട് ടീമുകൾക്കും ഇതൊരു നല്ല മത്സരമായിരുന്നു. പാരമ്പര്യവും സാങ്കേതിക മികവും വെച്ച് അങ്ങനെ ആവണമായിരുന്നു. പക്ഷേ, ഇത്തരം മത്സരങ്ങളിൽ വാർ റഫറി ഇങ്ങനെയല്ല പെരുമാറേണ്ടത്. ഇതിനേക്കാൾ മോശം ഭാഷയിൽ സംസാരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് വിദ്യാഭ്യാസമുണ്ടായിപ്പോയി...' ടിറ്റേ പറഞ്ഞു.
മത്സരത്തിൽ ഇരുടീമുകളും ചേർന്ന് 41 ഫൗളുകളാണ് ചെയ്തത്. ഏഴുതാരങ്ങൾ മഞ്ഞക്കാർഡ് കാണുകയും ചെയ്തു. മത്സരം സമനിലയായതിനു പിന്നാലെ ചിലി തോറ്റതോടെ അർജന്റീന ലോകകപ്പിനുള്ള യോഗ്യത സ്വന്തമാക്കി.