സന്തോഷ് ട്രോഫിയിൽ കേരളത്തിന് കടുപ്പം; ഗ്രൂപ്പിൽ പഞ്ചാബും, സെർവീസസും
ഡൽഹി: സന്തോഷ് ട്രോഫി അവസാന ഘട്ട മത്സരങ്ങളിൽ കേരളത്തിന് കടുപ്പമേറിയ ഗ്രൂപ്പ്. അവസാന റൌണ്ട് മത്സരങ്ങൾക്കായുള്ള ഗ്രൂപ്പിൽ കേരളത്തിനൊപ്പം സർവീസസ്, പഞ്ചാബ്, റയിൽവേസ്, ഒഡിഷ, മേഘാലയ ടീമുകളാണുള്ളത്. ജനുവരി 21 മുതലാണ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അസം ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ ഉത്ഘാടന മത്സരത്തിൽ ഉത്തരാഖണ്ഡ് രാജസ്ഥാനെ നേരിടും. അതേസമയം ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ നേരിടും. ജനുവരി 22ന് രാവിലെ ഒമ്പതിന് ശിലാപതാർ ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഫെബ്രുവരി എട്ടിനാണ് സന്തോഷ് ട്രോഫി ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.
മത്സര ക്രമം അനുസരിച്ച് 24 ന് റെയിൽവേസും 26 ന് ഒഡീഷയും 29 ന് മേഘാലയായും 31 ന് സർവീസസുമാണ് കേരളത്തിന്റെ എതിരാളികൾ. ഒരു ഗ്രൂപ്പിൽ നിന്ന് നാല് ടീമുകളാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടുക. ഫെബ്രുവരി രണ്ടും മൂന്നും തിയ്യതികളിലാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. സെമി ഫൈനൽ ഫെബ്രുവരി അഞ്ചിനും ഫൈനൽ എട്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്. ധാകുവാഖാനായിലും ശിലാപതുരുമാണ് എല്ലാ മത്സരങ്ങളും നടക്കുക.